പ്രവാസത്തിന്‍െറ പാട്ടുകാലത്തിന് വിട;  ഹസന്‍ പള്ളിക്കര മടങ്ങുന്നു

മനാമ: ഹസന്‍ പള്ളിക്കരയുടെ പ്രവാസത്തിന് അടുത്ത വര്‍ഷം പിറക്കുമ്പോള്‍ 40 വര്‍ഷം പൂര്‍ത്തിയാകും. നാല് ദശാബ്ദങ്ങള്‍ പൂര്‍ത്തിയാക്കുന്നത് ഒരു പാട്ടിന്‍െറ പല്ലവിയിലേക്ക് തിരിച്ചുവന്ന് ആലാപനം അവസാനിപ്പിക്കുന്നത് പോലെയാകുമെന്നതിനാലാകും, അപൂര്‍ണമായ 39ാമത്തെ വര്‍ഷം അദ്ദേഹം ഗള്‍ഫിനോട് വിടപറയുന്നത്. ഗള്‍ഫ് പ്രവാസം ഒട്ടുമിക്ക മലയാളികള്‍ക്കും നാട്ടിലെ പ്രയാസങ്ങളുടെ വന്‍കര കടക്കാനുള്ള പാലമായിരുന്നു.എന്നാല്‍ അതിനിടയിലും മരുഭൂമിയിലെ ജീവിതം കലകൊണ്ടും സംഗീതം കൊണ്ടും പച്ചപിടിപ്പിക്കാന്‍ ശ്രമിച്ച ചില അപൂര്‍വം മനുഷ്യരുണ്ട്. ആ കണ്ണിയിലെ അംഗമാണ് ഹസന്‍ പള്ളിക്കര. 
1977ലാണ് അദ്ദേഹത്തിന്‍െറ പ്രവാസം തുടങ്ങുന്നത്. കുവൈത്തിന്‍െറ കടുംകാലാവസ്ഥകളിലേക്ക് ജീവിതം പറിച്ചുനടുമ്പോള്‍ വയസ് 17. അവിടെ ഒരു സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനായിരുന്ന ജ്യേഷ്ഠനാണ് ഹസനെ അങ്ങോട്ടത്തെിച്ചത്. കുവൈത്തിലെ തണുപ്പിനിടെ കടുത്ത പനി പിടിപെട്ടു. പരിശോധനയില്‍ അത് ‘മലേറിയ’ ആണെന്ന് ബോധ്യപ്പെട്ടു. ചികിത്സ തുടങ്ങിയപ്പോള്‍, അനുജന്‍െറ രോഗക്കിടക്കരികില്‍ ചെന്ന് ജ്യേഷ്ഠന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചു. ഹസന്‍ പറഞ്ഞു: ഒരു ഹാര്‍മോണിയം! ഹസന്‍െറ സംഗീതാഭിനിവേശം തിരിച്ചറിഞ്ഞ ഉദാരമതിയായ ജ്യേഷ്ഠന്‍ ബോംബെ വഴി വരുന്ന ഒരാളോട് പറഞ്ഞ് ഹാര്‍മോണിയം കുവൈത്തിലത്തെിച്ചു. നാട്ടില്‍ അയല്‍വാസിയായിരുന്ന ടി.പി.ഉമ്മര്‍മാഷ് പറഞ്ഞുകൊടുത്തതനുസരിച്ച് അടിസ്ഥാന സ്വരസ്ഥാനങ്ങള്‍ എവിടെയെന്നറിയാം. അതുവെച്ച് വായന തുടങ്ങി. അന്ന് മെരുങ്ങിയ ആ ഉപകരണം പിന്നെ 1990ല്‍ ബഹ്റൈനിലത്തെുമ്പോഴും കയ്യൊഴിഞ്ഞില്ല. ബഹ്റൈനില്‍ ജോലിയുടെ വിരസതക്കിടയിലും ആശ്വാസമായത് സംഗീതം തന്നെയായിരുന്നു. അന്നത്തെ ‘തരംഗ്’ ഓര്‍കസ്ട്രയിലും മറ്റും പാടി. പല ഗായകരുടെയും വ്യാഴാഴ്ച രാവുകളിലെ സംഗമങ്ങളില്‍ ഹസന്‍െറ ശബ്ദം കേട്ടുതുടങ്ങി. അല്‍പം വൈകിയ വേളയിലാണെങ്കിലും സ്വന്തമായി പരിപാടി അവതരിപ്പിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ‘പ്രേരണ’യുടെ സംഘാടകനായിരുന്ന ഇ.പി.അനിലിന്‍െറ നേതൃത്വത്തിലാണ് ഇതിന് വഴിയൊരുക്കിയത്. അതേ തുടര്‍ന്ന് ബഹ്റൈനിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ ‘പാട്ടുകൂട്ട’ത്തിലെ സ്ഥിരം സാന്നിധ്യമായി മാറി. ‘പാട്ടുകൂട്ട’ത്തിന്‍െറ ഒരു പരിപാടിയും ഹസന്‍ പള്ളിക്കരയുടെ പാട്ടില്ലാതെ പൂര്‍ണമായിട്ടില്ല. ‘പാട്ടുകൂട്ട’ത്തിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോണ്‍കോഡ് ഹോട്ടലില്‍ വെച്ച് ഹസന്‍ പള്ളിക്കരക്ക് സംഗീതവിരുന്നോടുകൂടിയ യാത്രയയപ്പും നല്‍കി. നൗഷാദിന്‍െറ ഈണത്തില്‍ മുഹമ്മദ് റാഫി പാടിയ ‘ഓ ദുനിയാകേ രഖ്വാലേ’ എന്ന അനശ്വര ഗാനത്തിന്‍െറ ഉഛസ്ഥായി പതറാതെ കയറുന്ന രാവുകളില്‍ ബഹ്റൈനിലെ സംഗീത കൂട്ടായ്മകള്‍ വീണ്ടും ഹസന്‍ പള്ളിക്കരയെ ഓര്‍ക്കും. നാളെയാണ് അദ്ദേഹം മടങ്ങുന്നത്. നാട്ടില്‍, ഭാര്യയുടെയും മൂന്ന് കൂട്ടികളുടേയും അടുത്തേക്ക്. ഒപ്പം, ചെറുപ്പത്തില്‍ പിടിവിട്ട സൗഹൃദങ്ങളിലേക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.