സുസ്ഥിര വികസന ഉച്ചകോടിയില്‍ ബഹ്റൈന്‍ മന്ത്രിതല സംഘം പങ്കെടുക്കും

മനാമ: ഈ മാസം 25 മുതല്‍ 27വരെ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന സുസ്ഥിര വികസന ഉച്ചകോടിയില്‍ ബഹ്റൈന്‍ മന്ത്രിതല സംഘവും പങ്കെടുക്കും. വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയില്‍ ബഹ്റൈനെ പ്രതിനിധീകരിക്കുക. ഇതില്‍ 150ഓളം രാഷ്ട്രങ്ങളുടെ ഉന്നത നേതൃത്വത്തിന്‍െറ സാന്നിധ്യമുണ്ടാകും. പുതിയ കാലത്തേക്കുള്ള സുസ്ഥിര വികസന നയം രൂപവത്കരിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് യു.എന്‍, ബഹ്റൈന്‍ അധികൃതര്‍ ഇന്നലെ മനാമയിലെ യു.എന്‍ കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2030ആകുമ്പോഴേക്ക് സുസ്ഥിര വികസന സങ്കല്‍പം എന്ന ആശയം പൂര്‍ണമായും പ്രാവര്‍ത്തികമാക്കുക എന്ന മുദ്രാവാക്യത്തെ ഇതിനകം 193 യു.എന്‍ അംഗ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. 
ഉച്ചകോടിയില്‍ സുസ്ഥിരവികസനം സംബന്ധിച്ച അന്തിമരേഖക്ക് അംഗീകാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നെന്നും ബഹ്റൈനും ഈ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി  ഡോ.ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ പറഞ്ഞു. സുസ്ഥിര വികസന പാതയിലേക്കുള്ള 17 ലക്ഷ്യങ്ങളെക്കുറിച്ച് ഇതുസംബന്ധിച്ച രേഖയില്‍ പറയുന്നുണ്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, അഭിവൃദ്ധിയിലേക്കുള്ള വഴിയൊരുക്കല്‍, ലോകസമാധാനം തുടങ്ങിയവ ഇതിലെ പ്രധാന ഘടകങ്ങളാണ്. 
സുസ്ഥിര വികസനം സംബന്ധിച്ച രണ്ടാമത് ഉന്നതതല അറബ് ഫോറത്തിന് ആതിഥ്യമേകിയത് ബഹ്റൈനാണ്. ഈ വര്‍ഷം മേയ് മാസം 5മുതല്‍ 7വരെയാണ് ഫോറം നടന്നത്. 
പൗരന്‍മാരുടെ മെച്ചപ്പെട്ട ജീവിതം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് ബഹ്റൈന്‍ തുടരും. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിതം മെച്ചപ്പെടുത്താനുതകുന്ന നയങ്ങള്‍ രൂപവത്കരിക്കും. ദേശീയ പദ്ധതികളില്‍ പുതിയ സുസ്ഥിര വികസന കാഴ്ചപ്പാടിനനുസരിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. ഈ ലക്ഷ്യത്തിനായി ഇതര യു.എന്‍ അംഗരാജ്യങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. 
യു.എന്‍ രൂപവത്കരണത്തിന്‍െറ 70ാം വാര്‍ഷിക വേളയിലാണ് മനുഷ്യരാശിയുടെ മൊത്തം ക്ഷേമത്തിനായുള്ള പദ്ധതി ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനമേഖലയില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബഹ്റൈന് സാധിച്ചിട്ടുണ്ടെന്ന് സാമൂഹിക വികസന മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയങ്ങള്‍ ഇതിന് കരുത്തേകിയതായും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധനേടിയിട്ടുണ്ട്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിരന്തര പിന്തുണ സുസ്ഥിര വികസന നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകമായി. 
ലോകത്തു തന്നെ ആദ്യമായി സുസ്ഥിര വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കാനായ രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന് വരാനായത് അങ്ങിനെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
യു.എന്‍.റെസിഡന്‍റ് കോഓര്‍ഡിനേറ്ററും യു.എന്‍.ഡി.പി റെസിഡന്‍റ് പ്രതിനിധിയുമായ പീറ്റര്‍ ഗ്രോമാനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.