സബ്സിഡി സംഖ്യ നേരിട്ട് നല്‍കല്‍: 1,30,000 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

മനാമ: മാംസ സബ്സിഡി പിന്‍വലിക്കുന്നതിന് പകരമായി സ്വദേശികള്‍ക്ക് നല്‍കുന്ന പ്രത്യേക സഹായത്തിനായി 1,30,000 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സെന്‍ട്രല്‍ ഇന്‍ഫോര്‍മാറ്റിക് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) അറിയിച്ചു. 
ഈ മാസം 15 മുതലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് അവസരമൊരുക്കിയത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ചാണ് 1,30,000 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി വ്യക്തമായത്. സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള1,17,000 കുടുംബങ്ങളെ സെന്‍ട്രല്‍ ഇന്‍ഫോര്‍മാറ്റിക് ഓര്‍ഗനൈസേഷന്‍െറ ലിസ്റ്റില്‍ നേരിട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിന്‍െറ ലിസ്റ്റില്‍ പെടാത്തവരും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തതുമായ കുടുംബങ്ങള്‍ ഉടന്‍ നടപടി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ചില കുടുംബങ്ങള്‍ക്ക് ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ സാധിക്കാത്തതിനാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. 
വരും ദിവസങ്ങളില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി അവര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സി.ഇ.ഒ വൃത്തങ്ങള്‍ അറിയിച്ചു. ഭൂരിപക്ഷം കുടുംബങ്ങളും സഹായം ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.  
മൂന്ന് മാസത്തെ സബ്സിഡി സംഖ്യ മുന്‍കൂറായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സ്വദേശി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈനായും മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയും രജിസ്റ്റര്‍ ചെയ്യുന്നതിന് ഒക്ടോബര്‍ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്.
രാജ്യത്തിന്‍െറ  വിവിധ ഭാഗങ്ങളിലുള്ള സോഷ്യല്‍ സെന്‍ററുകളില്‍ നേരിട്ട് ചെന്ന് വിവരങ്ങള്‍ ആരായുന്നതിനും സൗകര്യമൊരുക്കിയതായി സാമൂഹിക ക്ഷേമകാര്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് അറിയിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.