ഭീകരവാദം: അന്താരാഷ്ട്ര സഹകരണം അനിവാര്യം –പ്രധാനമന്ത്രി

മനാമ: ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ആഗോളതലത്തില്‍ ശാന്തിയും സമാധാനവും സാധ്യമാക്കുന്നതിനായി എല്ലാ രാഷ്ട്രങ്ങളും കൂട്ടായ്മകളും  ശ്രമം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണിത്. സൈനിക ഇടപെടല്‍ കൊണ്ട് മാത്രം തീവ്രവാദത്തെ നേരിടാന്‍ സാധിക്കില്ല. മറിച്ച്,  തീവ്രവാദത്തിലേക്ക് നയിക്കുന്ന ചിന്തകളെയും പ്രത്യയ ശാസ്ത്രങ്ങളെയും നേരിടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അലംഭാവം നടിച്ചാല്‍ ലോകത്തിന്‍െറ തകര്‍ച്ചയായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി മാനവ സാഹോദര്യം ഊട്ടിയുറപ്പിക്കാനും വിവിധ മതങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വം സാധ്യമാക്കാനും കഴിയണം. തീവ്രവാദ സംഘങ്ങള്‍ ജനങ്ങളുടെ സൈ്വര ജീവിതം കവര്‍ന്നെടുക്കുകയാണ്. അന്താരാഷ്ട്ര സമാധാന ദിനമായ സെപ്റ്റംബര്‍ 21 ല്‍ ‘സമാധാനത്തിനുള്ള സഹകരണം; ഏവര്‍ക്കും ആദരം’ എന്ന സന്ദേശമാണ് ആഗോള സമൂഹത്തിന് നല്‍കാനുള്ളത്. എല്ലാ സമൂഹങ്ങളുടെയും വ്യക്തികളുടെയും സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും പരസ്പരം ആദരിക്കാനും സാധിക്കേണ്ടതുണ്ട്. സമാധാനവും ശാന്തിയും സാധ്യമാക്കുകയും തീവ്രവാദത്തെ എല്ലാ അര്‍ഥത്തിലും നിരാകരിക്കുകയും ചെയ്യുന്ന സമീപനമാണ് ബഹ്റൈനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
വരും തലമുറക്ക് സമാധാനത്തിന്‍െറ ആശയങ്ങള്‍ പകര്‍ന്ന് നല്‍കാനും അതുവഴി മാനവരാശിയെ നാശത്തില്‍ നിന്ന് രക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.