മനാമ: വിഖ്യാത മലയാള സംഗീത സംവിധായകന്‍ എം.എസ്.ബാബുരാജിന്‍െറ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബഹ്റൈനിലെ മലയാളി സംഗീതാസ്വാദകരുടെ സംഘടനയായ ‘പാട്ടുകൂട്ടം’ നടത്തിയ പരിപാടി മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ പെയ്തിറങ്ങിയ സംഗീത നിശയായി.
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പ്രസിദ്ധ ഗസല്‍ഗായകന്‍ ഗുലാം അലി മുംബൈയിലെ പരിപാടി റദ്ദാക്കിയ സാഹചര്യത്തില്‍, കലാ-സാംസ്കാരിക രംഗത്തേക്കുള്ള വര്‍ഗീയ-ഫാഷിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരായ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചാണ് നേപ്പാള്‍ ക്ളബില്‍ പരിപാടി തുടങ്ങിയത്.
ഗുലാം അലിയുടെ അടുത്ത ബന്ധുകൂടിയായ ഫര്‍ഖ് അലി ഖാന്‍ പാടുകയും പാകിസ്താനില്‍ നിന്നുള്ള മുഹമ്മദ് ഇര്‍ഫാന്‍ തബല വായിക്കുകയും ചെയ്തതോടെ, ബാബുരാജ് സ്മരണ അക്ഷരാര്‍ഥത്തില്‍ ഗുലാം അലിയോടുള്ള ഐക്യദാര്‍ഢ്യ ചടങ്ങായി മാറി. ബാബുരാജിന്‍െറ മകന്‍ സുല്‍ഫിക്കറിന്‍െറ സാന്നിധ്യം പരിപാടിയെ അവിസ്മരണീയമാക്കി.
നാട്ടില്‍ നിരവധി സംഗീതസദസുകളില്‍ ഉപ്പ ചെയ്ത പാട്ടുകള്‍ക്ക് തബല വായിച്ചിട്ടുണ്ടെങ്കിലും ഇന്നലത്തെ പരിപാടി മറക്കാനാകാത്തതാണെന്ന് സുല്‍ഫിക്കര്‍ പറഞ്ഞു. ബാബുരാജ് എന്ന സംഗീതജ്ഞനെ എവിടെയുമുള്ള മലയാളികള്‍ നെഞ്ചേറ്റുന്നു എന്ന കാര്യം വ്യക്താക്കിയ വേളയായിരുന്നു അത്. അതുകൊണ്ടു തന്നെ വളരെ വൈകാരികമായാണ് പരിപാടിയെ കണ്ടതെന്ന് സുല്‍ഫിക്കര്‍ പറഞ്ഞു.
ജയകുമാര്‍ വര്‍മ്മ, ഹസന്‍ പള്ളിക്കര, ഷീബ സാലസ്, ഉണ്ണികൃഷ്ണന്‍, ഷാജിത് മലയില്‍, മനോജ് കൈവേലി, ഷിജു കുളക്കണ്ടി, രാജഗോപാല്‍ ചെങ്ങന്നൂര്‍, തോമസ് എന്നിവര്‍ പാടി. മുഹമ്മദ് ഇര്‍ഫാന്‍, സാലസ് വില്‍സണ്‍, സുല്‍ഫിക്കര്‍ എന്നിവര്‍ തബലയും മനോജ് വടകര ഹാര്‍മോണിയവും വായിച്ചു. പ്രാണസഖീ, ഇന്നലെ മയങ്ങുമ്പോള്‍, ഈറനുടുത്തും കൊണ്ടമ്പരം ചുറ്റുന്ന, താനേ തിരിഞ്ഞും മറിഞ്ഞും, ഇന്ദുലേഖ തന്‍, തേടുന്നതാരേ, കണ്ണീരും സ്വപ്നങ്ങളും തുടങ്ങിയ ഗാനങ്ങളാണ് പാടിയത്. തരുണ്‍കുമാര്‍, സാലസ് വില്‍സണ്‍, അരവിന്ദ് ബാബു, ദിജീഷ്, യോഗാനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. എസ്.വി.ബഷീര്‍ ബാബുരാജ് അനുസ്മരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.