നടന വിസ്മയം  തീര്‍ത്ത്  സൂര്യ ഫെസ്റ്റ് 

മനാമ: കേരളീയ സമാജത്തില്‍ നടന്ന ‘സൂര്യ ഫെസ്റ്റ്’ താളലയ നാട്യസംഗമ വേദിയായി മാറി. ബഹ്റൈന്‍ സൂര്യ ചാപ്റ്ററിന്‍െറ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ശ്രീലത വിനോദ് (ഭരതനാട്യം), രാജേന്ദ്ര ഗംഗനി (കഥക്), രാഹുല്‍ ആചാര്യ, സോണാലി മഹാപാത്ര, ഗായത്രി രണ്‍ബീര്‍ (ഒഡീസി) എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്.
മുരുക സ്തുതിയുമായുള്ള വര്‍ണം, പദം, ശ്ളോകം, തില്ലാന എന്നിവയില്‍ ശ്രീലത വിനോദ് തിളങ്ങി. ഭാവപ്രകടനങ്ങളിലും മുദ്രകളിലുമുള്ള കൃത്യത അവരുടെ അവതരണം ശ്രദ്ധേയമാക്കി. ലാസ്യനൃത്തവും താണ്ഡവവും സമ്മേളിച്ച നിമിഷങ്ങളാണ് കഥകില്‍ രാജേന്ദ്ര ഗംഗനി തീര്‍ത്തത്. താളപ്പെരുക്കത്തിന്‍െറ കണക്കുകള്‍ കാല്‍ച്ചിലങ്ക കൊണ്ടളന്ന മുഹൂര്‍ത്തങ്ങളായിരുന്നു കഥക് നൃത്തവേള.
‘ചലിക്കുന്ന ശില്‍പം’ എന്നു വിശേഷിപ്പിക്കുന്ന നൃത്തരൂപമായ ഒഡീസിയുടെ ലാസ്യഭാവങ്ങള്‍ പൂര്‍ണമായി അനുഭവിപ്പിക്കാന്‍ ബംഗളൂരുവില്‍ നിന്നത്തെിയ നര്‍ത്തകര്‍ക്കായി. വൈവിധ്യ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ച വേദിയായ സൂര്യ ഫെസ്റ്റ് ബഹ്റൈനിലെ കലാപ്രേമികള്‍ പൂര്‍ണമായി ആസ്വദിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.