ഫ്യൂഷന്‍ സംഗീത ആല്‍ബവുമായി അജിത്

മനാമ: ശാസ്ത്രീയരാഗങ്ങളെ ഫ്യൂഷന്‍ രീതിയില്‍ സമന്വയിപ്പിച്ച് സംഗീത ആല്‍ബം തീര്‍ത്തിരിക്കുകയാണ് മലപ്പുറം താനൂര്‍ സ്വദേശിയായ അജിത്കുമാര്‍. ബഹ്റൈനിലെ ഡി.എച്ച്.എല്‍ കമ്പനിയിലെ ഐ.ടി വിഭാഗത്തില്‍ സീനിയര്‍ സര്‍വീസ് മാനേജറായി കഴിഞ്ഞ 15 വര്‍ഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരുക്കിയ അഞ്ച് വ്യത്യസ്ത രാഗങ്ങള്‍ അടങ്ങിയ ആല്‍ബം വ്യത്യസ്ത ശൈലികൊണ്ട് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ആനന്ദഭൈരവി, ബിലഹാരി, മധ്യമാവതി, കാനട, സിംഹേന്ദ്ര മധ്യമം എന്നീ രാഗങ്ങളിലാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 
നിരവധി വേദികളില്‍ ഗാനങ്ങള്‍ ആലപിക്കുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തിന് ഡി.എച്ച്.എല്‍ കമ്പനി നടത്തിയ വേള്‍ഡ് ടാലന്‍റ് ഹണ്ട് സംഗീതമത്സരത്തില്‍ ഒന്നാംസ്ഥാനം നേടാന്‍കഴിഞ്ഞു. എസ്.പി. ബാലസുബ്രഹ്മണ്യം, ചിത്ര, എം.ജി. ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം പല വേദികളില്‍ പാടാന്‍ സാധിച്ചു. ദുബൈ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഗാനസന്ധ്യകളില്‍ പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. ദുബൈയിലെ ആദ്യത്തെ എഫ്.എം റേഡിയോയിലെ ജോക്കിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍ എന്നിവ ചേര്‍ത്തുള്ള നിരവധി ആല്‍ബങ്ങളില്‍ പാടുകയും സംഗീതം നല്‍കുകയും ചെയ്തു. ജനുവരിയില്‍ പുതിയ ആല്‍ബത്തിന്‍െറ ഓണ്‍ലൈന്‍ റിലീസും തുടര്‍ന്ന് ബഹ്റൈനില്‍ നടക്കുന്ന സംഗീതനിശയില്‍ സീഡി പ്രകാശനവും നടക്കും.
അഹ്ലി യൂനിവേഴ്സിറ്റി സയന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭാര്യ ബിന്ദു, മകള്‍ ലക്ഷ്മി, മകന്‍ ഈശ്വര്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. പിതാവിന്‍െറ വഴിയില്‍ ഗാനരംഗത്ത് ശോഭിക്കുന്ന ലക്ഷ്മി നിരവധി വേദികളില്‍ പാടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.