കരാനയില്‍ ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

മനാമ: ബഹ്റൈനെ നടുക്കത്തിലാഴ്ത്തി വീണ്ടും ഭീകരാക്രണം. വെള്ളിയാഴ്ച രാത്രി 10.20നുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു.പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഭീകരരാണ് ബോംബാക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
തലസ്ഥാനമായ മനാമയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കരാന ഗ്രാമത്തിലെ ബുദയ്യ റോഡിലെ കണ്‍ട്രി മാളിനു സമീപത്തായിരുന്നു സ്ഫോടനം. അക്രമികള്‍ റോഡിലുണ്ടാക്കിയ മാര്‍ഗ തടസം നീക്കം ചെയ്യുന്നതിനിടെയാണ് പൊലിസിനെ ലക്ഷ്യമിട്ട് ബോംബാക്രമണമുണ്ടായത്. ഭീകരര്‍ രണ്ടു നാടന്‍ ബോംബുകള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന് പബ്ളിക് സെക്യൂരിറ്റി ചീഫ് ജനറല്‍ മേജര്‍ താരിഖ് അല്‍ഹസന്‍ അറിയിച്ചു. 
വാജി സാലിഹ് എന്ന പൊലിസുകാരനാണ് കൊല്ലപ്പെട്ടതെന്നന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍  മൂന്നു പേരടങ്ങിയ സ്വദേശി കുടുംബവും ഉള്‍പ്പെടും. സ്വദേശിക്കും  ഭാര്യക്കും പിഞ്ചു കുഞ്ഞിനുമാണ് പരിക്ക്. ഇതില്‍ മാതാപിതാക്കള്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലും കുട്ടി ബി.ഡി.എഫ് ആശുപത്രിയിലും ചികിത്സയിലാണ്. 
സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഫോറന്‍സിക് വിഭാഗം സ്ഥലത്തത്തെി തെളിവു ശേഖരിച്ചു.
സിത്രയില്‍ കഴിഞ്ഞ മാസം 28ന് ബോംബാക്രമണത്തില്‍ രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം നടന്ന് കൃത്യം ഒരുമാസം തികയുന്ന ദിവസമാണ് കരാനയില്‍ സ്ഫോടനമുണ്ടായത്. സിത്ര അക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികള്‍ റിമാന്‍റിലാണ്.
ഭീകരാക്രമണത്തെ തുടര്‍ന്ന് ബഹ്റൈനില്‍ സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച പതിവുപോലെ ജുമു നമസ്കാരത്തിനത്തെിയവരെയും മറ്റും പരിശോധനക്കുശേഷമായിരുന്നു പള്ളിയിലേക്ക് പ്രവേശിപ്പിച്ചത്. സുരക്ഷാസംവിധാനങ്ങള്‍ ശക്തമായി തുടരുന്നതിനിടെയും പൊലീസുകാരന് ജീവന്‍ നഷ്ടപ്പെട്ട സംഭവം രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി. ബഹ്റൈനില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഇറാന്‍െറ പിന്തുണ വ്യക്തമാണെന്ന് അധികൃതര്‍ ആരോപിക്കുന്നുണ്ട്. ബഹ്റൈനിലുള്ള ഇറാന്‍ ഇടപടലിനെതിരെ രാജ്യത്ത് ഭരണതലത്തിലും പൗരസമൂഹത്തിനിടയിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുപയോഗിച്ച സാധനങ്ങള്‍ക്ക് നേരത്തെ ഇറാനില്‍ നിന്ന് ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച വസ്തുക്കളുമായി സാമ്യമുണ്ടെന്ന് സംശയിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. 
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളുടെ നില തൃപ്തികരമാണെന്ന് ഇന്നലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സ്ഫോടന സമയത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്നു പരിക്കേറ്റ ജമീല്‍ റബീഇന്‍. സ്ഫോടന ശബ്ദം കേട്ടതിന് ശേഷം  എന്ത് സംഭവിച്ചുവെന്ന് തനിക്ക് ഓര്‍മ്മയില്ളെന്ന് ഇദ്ദേഹം പറഞ്ഞു. കരാന  സ്ഫോടനത്തെ വിവിധ രാജ്യങ്ങളും രാജ്യത്തെ വിവിധ പ്രമുഖ വ്യക്തികളും സംഘടനകളും അപലപിച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സംഭവത്തെ അപലപിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് സന്ദേശമയച്ചു.  
ബഹ്റൈനില്‍ സമാധാനവും സുരക്ഷയും ഒരുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കുവൈത്ത് പൂര്‍ണ പിന്തുണ അറിയിച്ചു. കൊല്ലപ്പെട്ട പൊലീസുകാരന്‍െറ ബന്ധുക്കള്‍ക്ക് അമീര്‍ അനുശോചനമറിയിച്ചു. ശൂറാ കൗണ്‍സില്‍ സ്ഫോടനത്തെ അപലപിക്കുകയൂം രാജ്യത്തിന്‍െറ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മതത്തിനും മാനവിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.         
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.