തീപിടിത്തം: അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് 91പേര്‍

മനാമ: ബഹ്റൈനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന തീപിടുത്തങ്ങളില്‍ 91 പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 7,016 തീപിടുത്തങ്ങളാണ് നടന്നത്. ഇതില്‍ 637 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ ഇന്‍ഫോമാറ്റിക്സ് ഓര്‍ഗനൈസേഷനാണ് ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 2014ല്‍ മാത്രം രാജ്യത്ത് 1487 തീപിടിത്തങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 38 പേര്‍ മരിക്കുകയും 390 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവങ്ങളില്‍ 563 എണ്ണവും വൈദ്യുതി തകരാറുകള്‍ മൂലം സംഭവിച്ചതാണ്. 259 തീപിടിത്തങ്ങള്‍ അശ്രദ്ധ മൂലവും സംഭവിച്ചതായി കണക്കുകള്‍ പറയുന്നു.
വീടുകളിലും സ്ഥാപനങ്ങളിലും അഗ്നിശമന സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ഈയിടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നെങ്കിലും പലരും ഇത് പ്രാധാന്യത്തോടെ എടുത്തിട്ടില്ല.ചിലയിടങ്ങളില്‍ ഫയര്‍ എക്സ്റ്റിങ്ഷറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തത് മൂലം തീയണക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. 
 രാജ്യത്ത് ഇതുവരെ നടന്ന തീപിടിത്തങ്ങളില്‍ ഏറെയും ഷോട് സര്‍ക്യൂട്ടാണ് പ്രധാന പ്രതി. പല കെട്ടിടങ്ങളിലും വയറിങ് കാലപ്പഴക്കമുള്ളതാണ്. ഇത് ഷോട്സര്‍ക്യൂട്ടിന് കാരണമാകുന്നുണ്ട്. മുറികളില്‍ വെന്‍റിലേറ്റര്‍ സൗകര്യമില്ളെങ്കില്‍ അപകട സാധ്യത കൂടും. ബഹ്റൈനില്‍ ഇടക്കിടെ തീപിടുത്തമുണ്ടാകുന്ന സാഹചര്യത്തില്‍ നിര്‍ധനരായ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മനാമയിലെ ഏതാനും കെട്ടിടങ്ങളില്‍ ഈയിടെ റോട്ടറി ക്ളബ് സൗജന്യമായി സ്മോക്ക് അലാറം സ്ഥാപിച്ചിരുന്നു. സുരക്ഷിതമായ താമസസ്ഥലം തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതുമൂലമാണ് തീപ്പിടത്തങ്ങള്‍ ഏറെയും നടക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തേയും വെളിപ്പെടുത്തിയിട്ടുള്ളതാണ്. തുഛ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പഴയ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് താമസിക്കുകയല്ലാതെ നിവൃത്തിയില്ല. ഈ കെട്ടിടങ്ങളില്‍ പൊതുവെ സുരക്ഷാസൗകര്യങ്ങളൊന്നും തന്നെ കാണാറില്ല.
താമസസ്ഥലത്തെ സുരക്ഷ ഉറപ്പാക്കേണ്ടത് അവിടെ താമസിക്കുന്നവരുടേയും ഉത്തരവാദിത്തമാണെന്ന് ഈയിടെ രാജ്യത്തെ വിവിധ എംബസികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.