മനാമ: 2025 ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം ബഹ്റൈനിൽ ആകെ 1,09,885 പേർക്ക് പ്രതിമാസ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ). ഇതിൽ 84,862 പേർ (മൊത്തം പെൻഷൻകാരുടെ 77 ശതമാനം) നിലവിൽ ജീവിച്ചിരിxക്കുന്ന വിരമിച്ചവരാണ്.ശേഷിക്കുന്ന 25,023 ഗുണഭോക്താക്കൾ (23 ശതമാനം) മരിച്ച പെൻഷൻകാരുടെ കുടുംബാംഗങ്ങളാണ്. ഇതിൽ വിധവകൾ, അനാഥർ, മറ്റ് അർഹരായ ബന്ധുക്കൾ എന്നിവരും ഉൾപ്പെടുന്നുണ്ട്. വിരമിച്ചവരിൽ 57 ശതമാനം പേരും സ്വകാര്യ മേഖലയിൽനിന്നുള്ളവരാണ്. പൊതുമേഖലയിൽനിന്ന് 36,608 പേരാണ് വിരമിച്ചവരായുള്ളത്. പൊതുമേഖലയിലെ പെൻഷൻകാരുടെ എണ്ണം കുറവാണെങ്കിലും, അവർക്കാണ് ശരാശരി ഉയർന്ന പെൻഷൻ ലഭിക്കുന്നത്. പ്രതിമാസം ശരാശരി 1046 ദീനാറാണ് അവർക്കായി ലഭിക്കുന്ന പെൻഷൻ.
ഇത് സ്വകാര്യമേഖലയിലുള്ളവർക്ക് നൽകുന്ന 657 ദീനാറിൽനിന്ന് 59 ശതമാനം കൂടുതലാണ്. കണക്കുകൾ പ്രകാരം രണ്ട് മേഖലകളിലെയും വിരമിച്ചവരുടെ ശരാശരി പെൻഷൻ 825 ദീനാറാണ്. വിരമിച്ചവരെ കൂടാതെ, 25,023 കുടുംബാംഗങ്ങൾക്ക് പ്രതിമാസ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതിൽ 11,746 കുട്ടികൾ, 10,345 വിധവകൾ, 2932 മറ്റു ബന്ധുക്കൾ (മാതാപിതാക്കൾ, സഹോദരങ്ങൾ, പേരക്കുട്ടികൾ) എന്നിവരാണ്.
വിരമിച്ചവരിൽ ഏറ്റവും കൂടുതൽ പേർ 60-69 വയസ്സിനിടയിലുള്ളവരാണ്. തൊട്ടുപിന്നിൽ 50-59 വയസ്സുള്ളവരും, ശേഷം 40-49 വയസ്സുള്ളവരുമാണ്. സ്വകാര്യ മേഖലയിൽ 67 ശതമാനം പുരുഷന്മാരാണ് പെൻഷൻ വാങ്ങുന്നത്. സ്ത്രീകൾ 33 ശതമാനം മാത്രമാണുള്ളത്. എന്നാൽ, പൊതുമേഖലയിൽ പുരുഷന്മാർ 58 ശതമാനവും, സ്ത്രീകൾ 42 ശതമാനവും സ്വീകർത്താക്കളായുണ്ട്. 26 ശതമാനം പെൻഷൻകാർക്ക് 1000 ദീനാറിൽ കൂടുതലാണ് ലഭിക്കുന്നത്. 24 ശതമാനം പേർക്ക് 200 മുതൽ 399 വരെയും, 26 ശതമാനം പേർക്ക് 400 മുതൽ 599 വരെയും ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.