ഇപ്പോഴും കാതിൽ മുഴങ്ങുന്നത് നബീസുമ്മയുടെ ശബ്ദം

കുട്ടിക്കാലത്തേ രാവിലെ എഴുന്നേല്‍ക്കുമ്പോൾ ഒരു ചായ കുടിച്ചില്ലെങ്കില്‍ കഠിനമായ തലവേദനയില്‍ ആരംഭിക്കുന്നതായിരുന്നു എന്‍റെ പല പുലരികളും. ആ സ്ഥാനത്ത് ദിവസങ്ങളോളം പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പിരിക്കുന്ന എന്‍റെ സുഹൃത്തുക്കളായ അയല്‍പക്കത്തെ നബീസുമ്മായുടെ മക്കള്‍ എനിക്കൊരത്ഭുതമായിരുന്നു. വിശപ്പ് പ്രാർഥനക്ക് വഴിമാറിയിട്ടും ഊർജസ്വലതയോടെ ദിനരാത്രങ്ങളെ വരവേല്‍ക്കുന്ന എന്‍റെ ആ സുഹൃത്തുക്കളുടെ ആത്മനിയന്ത്രണം, ഇന്നും എന്നില്‍ ആശ്ചര്യം ഉളവാക്കുന്ന ഒരോര്‍മയാണ്. 'എന്തിനാ ഇങ്ങനെ പട്ടിണി കിടക്കുന്നത്' എന്ന എന്‍റേതടക്കമുള്ള അറിവില്ലായ്മയുടെ ചോദ്യങ്ങള്‍ പല ഭാഗത്തുനിന്നും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ അപ്പോഴൊക്കെയും വിശപ്പിനോട് തോല്‍വി സമ്മതിച്ച് ഭക്ഷണത്തിനു പിന്നാലേ പായുന്ന ഞങ്ങളെ നിറ പുഞ്ചിരിയോടെ നേരിട്ട് നബീസ്സുമ്മയും മക്കളും ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കുകയും, ഒരു നന്മ ചെയ്ത് എഴുപതിനായിരം നന്മയുടെ ഫലങ്ങള്‍ നേടുന്ന പുണ്യമാസത്തിന്‍റെ വിശുദ്ധി പറഞ്ഞുതരുകയും ചെയ്തിട്ടുണ്ട്. അന്നതിന്‍റെ അർഥം ഉള്‍ക്കൊള്ളാനുള്ള ക്ഷമയോ പക്വതയോ എനിക്കില്ലായിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് നോമ്പിന്‍റെ വിശുദ്ധി അറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ അനവധിയായിരുന്നു. 19 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടെ ഒട്ടനവധി ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. എങ്കിലും നോമ്പ് എന്നു കേള്‍ക്കുമ്പോള്‍ ഇന്നും എന്‍റെ കാതില്‍ ആദ്യം മുഴങ്ങുന്നത് നബീസ്സുമ്മയുടെ ആ വാത്സല്യം തുളുമ്പുന്ന ശബ്ദമാണ്.

വായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്നതിലേക്ക് മെയിൽ അയക്കുകയോ ചെയ്യാം

Tags:    
News Summary - Ramadan memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.