ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ഡോക്യുമെന്റേഷൻ ആൻഡ് സ്റ്റഡീസ് സെന്ററുകളുടെ ജനറൽ സെക്രട്ടേറിയറ്റിന്റെ 38ാമത് യോഗത്തിന് ബുധനാഴ്ച ഖത്തർ വേദിയാകും. അറബ് ഗൾഫ് രാജ്യങ്ങളുടെ ചരിത്രപരവും സാംസ്കാരികവുമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനായുള്ള സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്തുക, രേഖശേഖരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് ഈ ഉന്നതതല യോഗത്തിന്റെ പ്രധാന ലക്ഷ്യം. നാഷനൽ ആർക്കൈവ്‌സ് ഓഫ് ഖത്തർ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുല്ല അൽ ബുഐനൈൻ ആണ് ഖത്തർ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ സജീവമായി പങ്കെടുക്കും. ഖത്തറിനെ പ്രതിനിധീകരിച്ച് നാഷനൽ ആർക്കൈവ്‌സും അമീരി ദിവാനിലെ ഡോക്യുമെന്റേഷൻ വിഭാഗവും എത്തുമ്പോൾ, സൗദി അറേബ്യയിൽ നിന്ന് കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷനും (ദാര) നാഷനൽ സെന്റർ ഫോർ ആർക്കൈവ്‌സും പങ്കെടുക്കും. യു.എ.ഇയിൽ നിന്ന് ഡോ. സുൽത്താൻ അൽ ഖാസിമി സെന്റർ, ഷാർജ ആർക്കൈവ്‌സ് ഉൾപ്പെടെയുള്ള നാല് പ്രമുഖ കേന്ദ്രങ്ങളും, ബഹ്‌റൈനിൽ നിന്ന് നാഷനൽ ആർക്കൈവ്‌സ്, ഹിസ്റ്റോറിക്കൽ ഡോക്യുമെന്റ്‌സ് സെന്റർ എന്നിവരുമെത്തും. ഒമാനെ പ്രതിനിധീകരിച്ച് നാഷനൽ റെക്കോഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റിയും, കുവൈത്തിൽ നിന്ന് കുവൈത്ത് യൂനിവേഴ്സിറ്റി സെന്റർ, അമീരി ദിവാൻ ഹിസ്റ്റോറിക്കൽ സെന്റർ എന്നിവരുമാണ് യോഗത്തിൽ അണിനിരക്കുന്നത്.
യോഗത്തോടനുബന്ധിച്ച് ജി.സി.സി പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്ന സവിശേഷമായ ഒരു പ്രദർശനവും ക്രമീകരിച്ചിട്ടുണ്ട്. ഓരോ രാജ്യവും തങ്ങളുടെ പ്രധാന പ്രസിദ്ധീകരണങ്ങളും ചരിത്രരേഖകളും പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക പവലിയനുകൾ ഒരുക്കും. രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിലും അവ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിലും അതത് രാജ്യങ്ങൾക്കുള്ള അനുഭവസമ്പത്തും നൂതന പദ്ധതികളും ഈ പ്രദർശനത്തിലൂടെ പങ്കുവെക്കപ്പെടും. അംഗരാജ്യങ്ങൾക്കിടയിൽ വൈദഗ്ധ്യം കൈമാറുന്നതിനും സംയുക്ത ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിനും ഈ പ്രദർശനം വലിയ പങ്കുവഹിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.