കുവൈത്ത് സിറ്റി: ജി.സി.സി റെയിൽവേ പദ്ധതിയുടെ ഭാഗമായ നടപടികൾ രാജ്യത്ത് പുരോഗമിക്കുന്നു.പ്രാദേശിക സംയോജനവും വേഗത്തിലുള്ള ഗതാഗതവും സുഗമമാക്കുന്നതിന് രണ്ട് വ്യത്യസ്ത തരം റെയിൽ സേവനങ്ങൾ പദ്ധതിയിലുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രാലയ വക്താവ് എഞ്ചിനീയർ അഹമ്മദ് അൽ സാലെ പറഞ്ഞു.
ആദ്യത്തേത് കുവൈത്തിനുള്ളിൽ 111 കിലോമീറ്റർ ദൈർഘ്യമുള്ള ഡീസൽ ട്രെയിനാണ്. ഇത് രാജ്യത്തെ ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുകയും ഒമാൻവരെ വ്യാപിക്കുകയും ചെയ്യും. ചരക്ക് കൈമാറ്റം യാത്രാഗതാഗതം സേവനങ്ങൾ നൽകുന്നതാകും ഇത്.
കുവൈത്തിനും റിയാദിനും ഇടയിലുള്ള അതിവേഗ റെയിൽ ലിങ്കാണ് പദ്ധതിയിലെ മറ്റൊരു പ്രധാന ഘടകം. കുവൈത്ത്-റിയാദ് യാത്രാസമയം ഒരു മണിക്കൂർ 40 മിനിറ്റായി കുറക്കാൻ ഇതുവഴിയാകും. 2030 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി നിലവിൽ ഡിസൈൻ ഘട്ടത്തിലാണ്. അന്താരാഷ്ട്ര തുർക്കി കൺസൾട്ടിങ് സ്ഥാപനമായ പ്രോയാപിയാണ് ജി.സി.സി റെയിൽവേ ലിങ്കിന്റെ പ്രാരംഭ രൂപകൽപ്പന കൈകാര്യം ചെയ്യുന്നത്. ഡിസൈനുകൾ അന്തിമമായാൽ ടെൻഡർ ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള ഘട്ടങ്ങളിലേക്ക് നീങ്ങുമെന്ന് അഹമ്മദ് അൽ സാലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.