ഇറാനെ ഒറ്റപ്പെടുത്തുന്ന നയം പരാജയം; ഗൾഫ് മേഖലയിൽ സമഗ്രമായ പുതിയ സുരക്ഷാ സംവിധാനം വേണം- ഒമാൻ വിദേശ കാര്യമ​ന്ത്രി

മസ്കത്ത്: ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഗൾഫ് മേഖലയുടെ സുരക്ഷാ ഘടനയിൽ അടിയന്തരവും സമഗ്രവുമായ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മേഖലയെ നിയന്ത്രിച്ചിരുന്ന ‘ഇറാനെ ഒറ്റപ്പെടുത്തൽ’ (കണ്ടയ്ൻമെന്റ് പോളിസി) എന്ന നയത്തിൽ നിന്നും മാറി, മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിയും സുരക്ഷാ ഉത്തരവാദിത്തം ഒന്നിച്ചുപങ്കിടുന്നതുമായ ഒരു പുതിയ സംവിധാനത്തിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ടെയിൽ എഴുതിയ ലേഖനത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ അഭിപ്രായ പ്രകടനം. ഒരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്ന ഒരു യുദ്ധത്തിന്റെ കടുത്ത പ്രത്യാഘാതങ്ങൾ സഹിച്ചാണ് ഒമാനിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും ജനങ്ങൾ ഇപ്പോൾ കഴിയുന്നത്. മേഖലയിൽ നടക്കുന്ന നിലവിലെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തലല്ല; മറിച്ച്, യുദ്ധത്തിന് ഒരു ശാശ്വത പരിഹാരമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.




ഹുർമുസിൽ വേണ്ടത് സ്ട്രാറ്റജിക് വിഷൻ

ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്ന്, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സ്ഥിരമായ ഒരു സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കുക എന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഹുർമുസ് കടലിടുക്കിന്റെ ജലാതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിൽ ഒമാനിനും ഇറാനിനും ഈ വിഷയത്തിൽ പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും സയ്യിദ് ബദ്ർ ചൂണ്ടിക്കാട്ടി. ആഗോള വ്യാപാരത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും പ്രധാന ഇടനാഴികളിലൊന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ഒമാനും ഇറാനും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് യാഥാർഥ്യബോധത്തോടെയുള്ളതും സുസ്ഥിരവുമായ പുതിയ ക്രമീകരണങ്ങൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ഹുർമുസ് കടലിടുക്കിലെ ഭാവി ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഫ്രാൻസ് വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

എന്നാൽ, ഹുർമുസ് കടലിടുക്കിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഗൾഫ് മേഖലയെയും അതുമായി ബന്ധപ്പെട്ട മറ്റ് സമുദ്ര പാതകളെയും കൂടി ഉൾക്കൊള്ളുന്ന വിശാലമായ ഒരു തന്ത്രപ്രധാനമായ കാഴ്ചപ്പാടിന്റെ (സ്ട്രാറ്റജിക് വിഷൻ) ഭാഗമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.




ഗൾഫ് സുരക്ഷ നയം പാളി; ഭീഷണി പുറത്തുനിന്ന്

‘ മേഖലയുടെയും പാശ്ചാത്യ താൽപര്യങ്ങളുടെ താൽപര്യങ്ങൾക്ക് ഇറാൻ ഭീഷണിയാണ്’ എന്ന അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു 1979 മുതൽ ഗൾഫ് മേഖലയിൽ രൂപീകൃതമായ മുഴുവൻ സുരക്ഷാ സംവിധാനങ്ങളും. ഈ അനുമാനം തന്നെ അടിസ്ഥാനപരമായി തെറ്റായിരുന്നുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മേഖലയിൽ വൻതോതിലുള്ള സൈനിക ചെലവുകൾ നടത്താനും യു.എസ് സൈനിക താവളങ്ങൾ വിപുലീകരിക്കാനും പുറത്തുനിന്നുള്ള സംരക്ഷണത്തെ മാത്രം ആശ്രയിക്കുന്ന ഒരു സുരക്ഷാ സംവിധാനം ഇവിടെ വേരൂന്നാനുമാണ് ഇത് കാരണമായത്. എന്നാൽ ഇതുകൊണ്ടൊന്നും മേഖലയിൽ സുസ്ഥിരമായ സുരക്ഷ കെട്ടിപ്പടുക്കാനോ യുദ്ധങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നത് തടയാനോ സാധിച്ചിട്ടില്ല. ഇറാനെ ഒറ്റപ്പെടുത്തുന്ന ‘കണ്ടെയ്ൻമെന്റ്’ നയം വെറുമൊരു മിഥ്യാധാരണ മാത്രമായിരുന്നുവെന്ന് അടുത്തിടെയുണ്ടായ യുദ്ധം വെളിപ്പെടുത്തുന്നു. ഗൾഫ് സുരക്ഷക്ക് ഏറ്റവും വലിയ അപകടമുണ്ടാക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ഉണ്ടാകുന്നത് ഈ മേഖലക്ക് പുറത്തുനിന്നാണ്, പ്രത്യേകിച്ച് ടെൽ അവീവിൽ (ഇസ്രായേൽ) നിന്നാണെന്നും ഒമാൻ വിദേശകാര്യ മന്ത്രി കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചു.




ഗൾഫ് സുരക്ഷാ സംവിധാനം പുനഃക്രമീകരിക്കണം

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് സുരക്ഷാ സംവിധാനം എങ്ങനെ പുനഃക്രമീകരിക്കാം എന്നതിനെക്കുറിച്ച് സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി സുപ്രധാന നിർദേശങ്ങൾ ലേഖനത്തിൽ മുന്നോട്ടുവെക്കുന്നുണ്ട്. ഭാവിയിൽ രൂപീകരിക്കുന്ന ഏതൊരു സുരക്ഷാ ഘടനയും ഗൾഫ് തീരത്തുള്ള എട്ട് രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ളതായിരിക്കണമെന്നതാണ് അതിൽ പ്രധാനം. ഒമാൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറ് ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളെയും ഗൾഫ് സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ എട്ട് രാജ്യങ്ങൾക്കും അവരുടേതായ നിർണായക താൽപര്യങ്ങളും അവരവരുടെ ശേഷിക്കും മുൻഗണനകൾക്കും അനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളുമുണ്ട്. അതിനാൽ, പുതിയ പ്രാദേശിക സുരക്ഷാ സംവിധാനം രൂപകൽപന ചെയ്യുന്നതിലും അത് നടപ്പാക്കുന്നതിലും അതിന്റെ ബാധ്യതകൾ പങ്കിടുന്നതിലും ഈ എട്ടു രാജ്യങ്ങളും ഒന്നിച്ച് പങ്കാളികളാകേണ്ടത് അനിവാര്യമാണ്.



യു.എസ് ഉൾപ്പെടെയുള്ള ബന്ധത്തിൽ പുനഃപരിശോധന വേണം

ഗൾഫ് സുരക്ഷാ സംവിധാനത്തിന്റെ പുനഃക്രമീകരണം എന്ന സുപ്രധാന മാറ്റത്തിന് ആഴത്തിലുള്ള തുറന്ന ചർച്ചകൾ അനിവാര്യമാണെന്ന് ബുസൈദി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി പ്രാദേശിക-അന്തർദേശീയ ബന്ധങ്ങളെ നിയന്ത്രിച്ചുപോന്ന ചില പരമ്പരാഗത മാനദണ്ഡങ്ങൾ പുനഃപരിശോധിക്കേണ്ടി വരും. ഗൾഫ് സുരക്ഷയെ ശക്തിപ്പെടുത്തുന്ന പങ്കാളിത്തങ്ങളും അതേസമയം, മേഖലയെ കൂടുതൽ ദുർബലപ്പെടുത്തുകയോ പുതിയ സംഘർഷങ്ങൾക്ക് കാരണമാകുകയോ ചെയ്യുന്ന പങ്കാളിത്തങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ഈ പുനഃപരിശോധന സഹായിക്കും. അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധങ്ങളിൽ സന്തുലിതമായ ഒരു പുനഃപരിശോധന വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പതിറ്റാണ്ടുകളായുള്ള ചരിത്രപരമായ ഈ നയതന്ത്ര ബന്ധങ്ങൾ പൂർണമായി ഉപേക്ഷിക്കുക എന്നതല്ല ഇതിന്റെ ലക്ഷ്യം. മറിച്ച്, അടുത്തിടെയുണ്ടായ യുദ്ധം വെളിപ്പെടുത്തിയ പുതിയ തന്ത്രപ്രധാനമായ യാഥാർഥ്യങ്ങൾക്ക് (Strategic realities) അനുസൃതമായി ഈ ബന്ധങ്ങളെ കൂടുതൽ സന്തുലിതമായി പുനഃക്രമീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഒമാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.



ഒറ്റപ്പെടുത്തലല്ല; വേണ്ടത് ഉൾക്കൊള്ളൽ നയം

ഇറാനെ ഒറ്റപ്പെടുത്തുന്ന (കണ്ടയ്ൻമെന്റ്) നയത്തിന് പകരം മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന (ഇൻക്ലൂഷൻ) കൂട്ടായ്മയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സഹകരണം രൂപപ്പെടുത്തുന്നതെങ്കിൽ, അതിൽ അമേരിക്ക ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾക്ക് എന്തെങ്കിലും നിർമാണാത്മകമായ പങ്ക് വഹിക്കാനാവുമോയെന്ന് സയ്യിദ് ബദ്ർ ചോദിച്ചു. ഗൾഫ് സുരക്ഷയെ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രം, ബാബുൽ മന്ദബ് കടലിടുക്ക്, ചെങ്കടൽ എന്നിവയുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും സുസ്ഥിരതക്കും വ്യാപാര സുരക്ഷക്കും നിയമപരമായ ചട്ടക്കൂട് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്ര സഭയുടെ അനുമതിയില്ലാതെ ആരംഭിക്കുകയും പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാതിരിക്കുകയും ചെയ്ത ഇപ്പോഴത്തെ യുദ്ധം ഒരു ‘വിപത്ത്’ ആണെന്ന് ബുസൈദി വിശേഷിപ്പിച്ചു. ഏതാണ്ട് അരനൂറ്റാണ്ടുകാലം മേഖലയെ ഭരിച്ച ഒറ്റപ്പെടുത്തൽ നയത്തിന് അന്ത്യം കുറിക്കാൻ ഈ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ വഴിയൊരുക്കുമെന്നും ഗൾഫ് മേഖലയിൽ കൂടുതൽ നീതിയുക്തവും യാഥാർഥ്യബോധത്തോടെയുള്ളതുമായ സുരക്ഷാ സംവിധാനത്തിന് ഇത് അടിത്തറ പാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    
News Summary - Containment of Iran Failed; Oman Foreign Minister Calls for Inclusive Gulf Security System

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.