അറ്റ്ലാന്റ: അർജന്റീന - ഇംഗ്ലണ്ട്, ഡീഗോ മറഡോണ - പീറ്റർ ഷിൽട്ടൻ, ഡേവിഡ് ബെക്കാം - ഡീഗോ സിമിയോണി.... ഫുട്ബാൾ മൈതാനങ്ങളെ എക്കാലത്തും തീപിടിപ്പിക്കുന്ന പോരാട്ടങ്ങൾ. ലോകകപ്പ് ഫുട്ബാളിലെ അപൂർവമായ അങ്കം 24 വർഷത്തിനുശേഷം വീണ്ടും ആവർത്തിക്കുന്നു. അർജന്റീനയും ഇംഗ്ലണ്ടും വിശ്വമേളയുടെ മുറ്റത്ത് പന്തുതട്ടാനിറങ്ങുമ്പോൾ കാൽപന്ത് പ്രേമികൾ മുതൽ ചരിത്രവിദ്യാർഥികൾ വരെയുള്ളവരുടെ ഓർമകളിൽ കടൽപോലെ തിരയടിക്കും. 1962 മുതൽ 2002 വരെ നീണ്ടു നിൽക്കുന്ന ലോകകപ്പ് മത്സരങ്ങൾ, മറഡോണ ആരാധകർ ദൈവത്തിന്റെ കൈ എന്നും, ഇംഗ്ലീഷുകാർ ചെകുത്താന്റെ കൈ എന്നും വിശേഷിപ്പിക്കുന്ന മുഹൂർത്തങ്ങൾ, ആയിരക്കണക്കിന് അർജന്റീനക്കാരുടെ ചോരപൊടിഞ്ഞ ഫോക്‍ലൻഡ് യുദ്ധം, ഡേവിഡ് ബെക്കാമിന്റെ ചുവപ്പുകാർഡും ഡീഗോ സിമിയോണിയുടെ അഭിനയവും, മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളിന് മറുപടിയായി മൈക്കൽ ഓവന്റെ അതിവേഗ ഗോൾ പിറന്ന ഫ്രാൻസ് ലോകകപ്പ്....
കാൽപന്ത് മൈതാനിയിൽ അർജന്റീനയും ഇംഗ്ലണ്ടും പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരോ മത്സരത്തിനു മുമ്പും ഫുട്ബാൾ പ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് 1986 ആസ്റ്റെക്ക സ്റ്റേഡിയത്തിലെ ആ അവിസ്മരണീയ അങ്കം തന്നെയാവും. പീറ്റർ ഷിൽട്ടനെയും, റഫറി അലി ബിൻ നാസറിനെയും ലോകത്തെയും കബളിപ്പിച്ച് 51ാം മിനിറ്റിൽ ഡീഗോ കുറിച്ച ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോൾ. നാലു മിനിറ്റിനകം പന്തുമായി കുതിച്ച് നാല് ഇംഗ്ലീഷ് പ്രതിരോധക്കാരെ വെട്ടിച്ച് നേടിയ നൂറ്റാണ്ടിന്റെ ഗോളും പിറന്ന ആസ്റ്റെക്കയിലെ അത്ഭുതം. 1966ലെ വഞ്ചനക്കും, ഫോക്‍ലൻഡിലെ ചോരക്കും പ്രതികാരം തീർത്തുവെന്നുപറഞ്ഞ് അർജന്റീന ഫൈനലിലേക്കും, ശേഷം കിരീടത്തിലേക്കും ജൈത്രയാത്ര നടത്തിയെങ്കിലും മുറിവേറ്റത് ഇംഗ്ലീഷ് അപ്രമാദിത്വത്തിനായിരുന്നു. അവിടെ തുടർന്ന വൈരം, 1998, 2002 ലോകകപ്പുകളിലും ആവർത്തിച്ചതിനു പിന്നാലെയാണ് ഇത്തവണ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വീണ്ടുമെത്തുന്നത്.
സ്കലോണി Vs തുഹേൽ
സമകാലിക ഫുട്ബാളിലെ മികച്ച രണ്ട് പരിശീലകരുടെ പോരാട്ടം കൂടിയാണ് അർജന്റീന -ഇംഗ്ലണ്ട് സെമി. ചാമ്പ്യൻ കോച്ചിന്റെ തലയെടുപ്പുമായാണ് ലയണൽ സ്കലോണിയെത്തുന്നത്. തുടർച്ചയായി കിരീടം നേടുന്ന കോച്ചാവാൻ സ്കലോണിക്ക് മുന്നിൽ രണ്ട് വിജയങ്ങളുടെ ദൂരമുണ്ട്. ലോകകിരീടവും രണ്ട് കോപയും നേടി ‘ലാ സ്കലോനെറ്റ’ ജൈത്രയാത്ര തുടരുമ്പോൾ ഇത്തവണ വെല്ലുവിളികൾ ഏറെയുണ്ട്. ഈ ലോകകപ്പിൽ ടീം നേരിടുന്ന ബിഗ് ഫൈറ്റിലേക്കാണ് ബുധനാഴ്ച രാത്രിയിൽ ബൂട്ടുകെട്ടുന്നത്. ഗ്രൂപ് റൗണ്ട് മുതൽ, നോക്കൗട്ട് വരെ പോരാട്ടങ്ങളിൽ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ളവർക്കെതിരായിരുന്നു അർജന്റീനയുടെ അങ്കങ്ങൾ. ഈജിപ്തും കാപ് വെർഡെയും ഉൾപ്പെടെ ചെറു ടീമുകൾക്കെതിരെ പോലും വിറച്ചുജയിച്ചുള്ള വരവ്. 19ാം റാങ്കുകാരായ സ്വിറ്റ്സർലൻഡായിരുന്നു നേരിട്ടവരിൽ മുൻനിരക്കാർ. നാലാം റാങ്കുകാരായ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ സ്കലോണിക്കും കാത്തിരിക്കുന്നത് അഗ്നി പരീക്ഷയാണ്.
അതേസമയം, നോക്കൗട്ടുകളിലെ മാസ്റ്ററെന്നാണ് സ്കലോണിയെ വിശേഷിപ്പിക്കുന്നത്. കൈയിലുള്ള വിഭവങ്ങൾ ഏത് ദുർഘട ഘട്ടങ്ങളിലും മനോഹരമായി വിളമ്പാൻ ശേഷിയുള്ള പരിശീലകൻ. മത്സരത്തിനിടയിൽ അതിവേഗ തീരുമാനങ്ങളും മാറ്റങ്ങളുമായി കളി മാറ്റാനുള്ള ശേഷി കഴിഞ്ഞ മത്സരങ്ങളിലും കണ്ടതാണ്. അതേസമയം, ലയണൽ മെസ്സി, ഡി പോൾ, എമിലിയാനോ ഉൾപ്പെടെ വെറ്ററൻ താരങ്ങളെ തന്നെ ആശ്രയിക്കുമ്പോൾ, ഹൈ ഫിസിക് എതിരാളികൾക്കെതിരെ ടീം കിതക്കുന്നു.
25ാം വയസ്സിൽ പരിക്കിനെ തുടർന്ന് കളിക്കളം വിട്ട ജർമൻകാരനായ തോമസ് തുഹേൽ തന്റെ ഫുട്ബാൾ മികവെല്ലാം പരീക്ഷിക്കുന്നത് പരിശീലകന്റെ വേഷത്തിലാണ്. പി.എസ്.ജി, ചെൽസി, ബയേൺ മ്യൂണിക് ടീമുകളിലെ നേട്ടങ്ങൾക്കു പിന്നാലെ, 2024ലാണ് ഇംഗ്ലീഷ് ടീം പരിശീലകനായെത്തിയത്. എതിരാളികളെ മാൻ മാർക്കിങ്ങിന് ശ്രമിക്കാതെ സ്പേസ് മാർക്കിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലകൻ. ഏത് സാഹചര്യത്തിനനുസരിച്ചും തന്ത്രങ്ങൾ മാറ്റാൻ ശേഷിയുള്ള പരിശീലകനായും വിശേഷിപ്പിക്കുന്നു.
ലയണൽ മെസ്സി Vs ഹാരി കെയ്ൻ: സൂപ്പർ സ്റ്റാർ ബാറ്റിൽ
39 കാരനായ ലയണൽ മെസ്സിയും, 32കാരനായ ഹാരി കെയ്നും ആദ്യമായാണ് ദേശീയ കുപ്പായത്തിൽ മുഖാമുഖമെത്തുന്നത്. പ്രായത്തെയും തോൽപിക്കുന്ന പോരാട്ടവീര്യവുമായി ഇരുവരും ഗോൾവേട്ട തുടരുന്നതിനിടയിലെ അഭിമാനപോരാട്ടം. ലോകകപ്പിൽ ഇതുവരെ കളിച്ച ആറിൽ അഞ്ചിലും മെസ്സി സ്കോർ ചെയ്തിരുന്നു. ആകെ നേടിയത് എട്ട് ഗോളുകളും രണ്ട് അസിസ്റ്റും. ഇംഗ്ലീഷ് മുന്നേറ്റത്തെ നയിക്കുന്ന ഹാരി കെയ്നാവട്ടെ ആറ് ഗോളുമായി തൊട്ടു പിന്നിലുമുണ്ട്. മുന്നേറിയും ഇറങ്ങിക്കളിച്ചും ടീമിന്റെ നട്ടെല്ലാവുന്ന മെസ്സി തന്നെയാണ് അർജന്റീനയുടെ കരുത്ത്.
ഒമ്പതാം നമ്പറിൽ കോച്ച് തുഹേലിന്റെ തുരുപ്പുശീട്ടാണ് കെയ്ൻ. കുതിച്ചുപായുന്ന ബെല്ലിങ്ഹാമിനൊപ്പം ഏത് പ്രതിരോധവും പൊളിക്കാൻ ശേഷിയുള്ള കരുത്ത്.
എൻസോ Vs ഡെക്ലൻ റൈസ് മിഡ്ഫീൽഡ് എൻജിൻ റൂം
കളിയുടെ നിയന്ത്രണം പിടിക്കാനുള്ള എൻജിൻ റൂമാണ് മധ്യനിര. ഗോൾഡൻ ബോയ് എൻസോ ഫെർണാണ്ടസിനൊപ്പം, മക് അലിസ്റ്ററും ഡിപോളും ലിയാൻഡ്രോ പരെഡസും നയിക്കുന്ന അർജന്റീനയും, ഡെക്ലൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ, ജൂഡ് ബെല്ലിങ്ഹാം, ബുകാസ് സാക എന്നിവരുടെ ഇംഗ്ലണ്ടും ചേരുമ്പോൾ കളി മധ്യനിരയിലേക്ക് കൂടുമാറും. പെനാൽറ്റി ഏരിയക്ക് പുറത്ത് അപകടം വിതക്കുന്ന എൻസോയെ തടയാനുള്ള ചുമതല രണ്ടാഴ്ചമുമ്പ് സിറ്റി സ്വന്തമാക്കിയ ആൻഡേഴ്സണിന്റെ ബൂട്ടിലാവും. മെസ്സി-അൽവാരസ്, കെയ്ൻ-ബെല്ലിങ്ഹാമിലേക്കുള്ള പന്തൊഴുക്കാവും കളിയുടെ ഗതി നിർണയിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പരിചയം റൊമീറോ, ലിസാന്ദ്രോ, മക്അലിസ്റ്റർ, എൻസോ സംഘത്തിന് ആത്മവിശ്വാസവുമാവും.
പ്രതിരോധത്തിലും കാത്തിരിക്കുന്നത് പരീക്ഷണങ്ങൾ തന്നെ. കഴിഞ്ഞ മത്സരങ്ങളിലൂടെ ശക്തമായി സജ്ജമായ പ്രതിരോധമാണ് ഇരുനിരയുടെയും കരുത്ത്. ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർക്കൊപ്പം വിങ്ങുകളിൽ മൊളിന-ടഗ്ലിയാഫികോ സഖ്യവും െപ്ലയിങ് ഇലവനിൽ സ്കലോണിയിറക്കും.
ഇംഗ്ലീഷ് പ്രതിരോധത്തിൽ മാർക് ഗുഹി, എസ്റി കോൻസ, എന്നിവർക്കൊപ്പം റീസ് ജെയിംസ്, നികോ ഒറിലി എന്നിവരാവും മതിൽ തീർക്കുന്നത്. ഗോൾവലക്കു കീഴിൽ എമിലിയാനോയും ജോർഡൻ പിക്ഫോർഡും കൂടിയാവുന്നതോടെ കാത്തിരിക്കുന്നത് ലോകകപ്പിലെ ക്ലാസിക് ഫൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.