ചോക്ലേറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത; പ്രശസ്ത സ്വിസ് ബ്രാൻഡായ ലിൻഡ് ഇനി ഇന്ത്യയിലും...
ന്യൂഡൽഹി: ചോക്ലേറ്റ് ലോകത്തെ വിസ്മയമായ സ്വിസ് ബ്രാൻഡ് 'ലിൻഡ്' ഇന്ത്യയിലെ ചോക്ലേറ്റ് പ്രേമികൾക്കായി ഒരു വലിയ സമ്മാനവുമായി എത്തിയിരിക്കുകയാണ്. വിദേശയാത്രകൾ നടത്താതെ തന്നെ ലോകപ്രശസ്തമായ സ്വിസ് ചോക്ലേറ്റുകളുടെ തനി രുചിയും ഗുണനിലവാരവും ഇനി നമ്മുടെ രാജ്യത്ത് ആസ്വദിക്കാം. അന്താരാഷ്ട്ര തലത്തിൽ ഏറെ ആരാധകരുള്ള ലിൻഡ് ന്യൂഡൽഹിയിലെ എയറോസിറ്റിയിലാണ് തങ്ങളുടെ ആദ്യ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്.
ഏകദേശം 1,100 ചതുരശ്രയടിയിലധികം വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ ബോട്ടിക്ക് സെപ്റ്റംബർ 4-നാണ് എയറോസിറ്റിയിലെ പ്രശസ്തമായ 5 വേൾഡ്മാർക്കിൽ പ്രവർത്തനമാരംഭിച്ചത്. ചോക്ലേറ്റ് ആസ്വദിക്കുന്നതിനൊപ്പം തന്നെ ഒരു പുത്തൻ അനുഭവവും സമ്മാനിക്കുന്ന രീതിയിലാണ് ഈ സ്റ്റോറിന്റെ പ്രവർത്തനം.
ഈ പുതിയ സ്റ്റോറിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ 'ലിൻഡോർ പിക്ക് & മിക്സ്' അനുഭവമാണ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വൈവിധ്യമാർന്ന ചോക്ലേറ്റുകൾ തെരഞ്ഞെടുക്കാനും, വ്യത്യസ്ത രുഭേദങ്ങൾ പരീക്ഷിച്ചു നോക്കാനും, സ്വന്തം ചോക്ലേറ്റ് ശേഖരം തനിയെ ഉണ്ടാക്കിയെടുക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് ചോക്ലേറ്റ് പ്രേമികൾക്ക് തികച്ചും വ്യത്യസ്തവും ആവേശകരവുമായ ഒരു അനുഭവം തന്നെയായിരിക്കും.
ലിൻഡോർ ശ്രേണിക്ക് പുറമെ പ്രീമിയം ഡാർക്ക് ചോക്ലേറ്റ് പ്രേമികൾക്കായി 'എക്സലൻസ് റേഞ്ച്' റിച്ച് ചോക്ലേറ്റ് ടെക്സ്ചറിലുള്ള 'എസ്ട്രാ ക്രീമി കലക്ഷൻ' പുതിയ വാഫേഴ്സ് ശ്രേണി എന്നിവയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഗിഫ്റ്റ് ഹാംപ്പറുകളും പ്രീമിയം പാക്കേജിങ് ഓപ്ഷനുകളും ഈ സ്റ്റോറിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രിയപ്പെട്ട ബ്രാൻഡുകളെ ഒരേകുടക്കീഴിൽ കൊണ്ടുവരുന്ന ഒരു സാമൂഹിക സാംസ്കാരിക കേന്ദ്രമായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരതി റിയൽ എസ്റ്റേറ്റിന്റെ എം.ഡി ആന്‍റ് സി.ഇ.ഒ എസ്.കെ സയാൾ വ്യക്തമാക്കി. ഡൽഹിയിലെ ട്രാവലേഴ്സിനും ചോക്ലേറ്റ് പ്രേമികൾക്കും ഇതൊരു മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്ന സ്വിസ് ചോക്ലേറ്റ് ബ്രാൻഡുകളുടെ പട്ടികയിലേക്ക് ഇപ്പോൾ ലിൻഡും അഭിമാനകരമായി കടന്നുവന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.