ഫോട്ടോ കടപ്പാട് ദി ബെറ്റർ ഇന്ത്യ
സെക്യൂരിറ്റി ഗാർഡിൽ നിന്ന് സംരംഭകനിലേക്ക്; പൊറോട്ട വിറ്റ് മാസം നേടുന്നത് 50 ലക്ഷം രൂപ!
ഒരുകാലത്ത് ദിവസവേതന തൊഴിലാളിയും സെക്യൂരിറ്റി ഗാർഡുമായിരുന്ന അസം സ്വദേശി ദിഗന്ത ദാസ് ഇന്ന് സ്വന്തമായി പൊറോട്ട ബ്രാൻഡ് കെട്ടിപ്പടുത്ത സംരംഭകനാണ്. 2022-ൽ ആരംഭിച്ച ഡി.എഫ്.എഫ് (Daily Fresh Food) എന്ന സ്ഥാപനത്തിലൂടെയാണ് ദിഗന്ത 'ഫ്രോസൺ മലബാർ പൊറോട്ട' വിപണിയിലെത്തിച്ചത്. ഇന്ന് ബിസിനസിൽ നിന്ന് പ്രതിമാസം നേടുന്നതാവട്ടെ 50 ലക്ഷം രൂപയിലധികം വരുമാനവും.
അസമിലെ ബിശ്വനാഥ് ജില്ലയിലെ ഗോഹ്പുർ സ്വദേശിയാണ് ദിഗന്ത ദാസ്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ വളരുകയും പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം നിർമാണ തൊഴിലാളിയായി ജോലി ആരംഭിച്ചു. അരുണാചൽ പ്രദേശ് അതിർത്തിക്ക് സമീപമായിരുന്നു ആദ്യ ജോലി. അന്ന് പ്രതിമാസം ഏകദേശം 1,200 രൂപയായിരുന്നു വരുമാനം.
പിന്നീട് സിക്കിമിലും നിർമാണ തൊഴിലാളിയായി ജോലി ചെയ്തു.ശേഷം ബെംഗളൂരുവിലെത്തിയ ദിഗന്ത സെക്യൂരിറ്റി ഗാർഡായി ജോലി നോക്കി. ഹോട്ടലിൽ റൂം സർവിസ് അറ്റൻഡന്റായും ജോലി ചെയ്തു. എന്നാൽ കുറഞ്ഞ വേതനവും ശമ്പളം വൈകുന്നതും കാരണം ഈ ജോലികൾ ഉപേക്ഷിക്കേണ്ടിവന്നു.
ബെംഗളൂരുവിലെ ഹൊസ്കോട്ടെയിലുള്ള iD Fresh Food കമ്പനിയിൽ പാചകക്കാരനായി ചേർന്നതാണ് ദിഗന്തയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. ഇവിടെ വച്ച് വലിയ തോതിലുള്ള ഭക്ഷ്യോൽപാദനത്തെക്കുറിച്ചും മൾട്ടി-ലെയേർഡ് മലബാർ പൊറോട്ട നിർമാണത്തെക്കുറിച്ചും അദ്ദേഹം പഠിച്ചു.
എന്നാൽ 2017-ൽ ഉണ്ടായ അപകടം ജീവിതത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. ഹൈ-വോൾട്ടേജ് വൈദ്യുതി കേബിൾ ശരീരത്തിലേക്ക് വീണതിനെ തുടർന്ന് ദിഗന്തക്ക് തളർവാതം ബാധിച്ചു. ഏകദേശം രണ്ട് വർഷം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ആരോഗ്യം വീണ്ടെടുത്തതോടെ, പൊറോട്ട ബിസിനസിൽ പ്രവർത്തിച്ചിരുന്ന സുഹൃത്ത് അസമിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ദിഗന്തയുടെ സഹായം തേടി. ഇതോടെയാണ് സ്വന്തം സംരംഭമെന്ന ആശയം അദ്ദേഹം നടപ്പാക്കിയത്.
2022-ൽ ഡി.എഫ്.എഫ് (Daily Fresh Food) എന്ന പേരിൽ ഫ്രോസൺ മലബാർ പൊറോട്ട ബിസിനസ് ആരംഭിച്ചു. സുഹൃത്ത് യന്ത്രസാമഗ്രികൾ ഒരുക്കാൻ സഹായിച്ചപ്പോൾ തന്റെ ജീവിതകാല സമ്പാദ്യമായ ഏഴ് ലക്ഷം രൂപയാണ് ദിഗന്ത സംരംഭത്തിൽ നിക്ഷേപിച്ചത്. തുടക്കത്തിൽ സമീപത്തെ കടകളിലേക്കായിരുന്നു പൊറോട്ട വിതരണം.
രുചിയിലും ഗുണനിലവാരത്തിലും ശുചിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഉൽപന്നത്തിന് ആവശ്യക്കാർ വർധിച്ചു. തുടർന്ന് ബിസിനസ് അതിവേഗം വളരുകയായിരുന്നു.നിലവിൽ ഡി.എഫ്.എഫ് -ഡെയ്‌ലി ഫ്രഷ് ഫുഡ് പ്രതിദിനം 20,000-ത്തിലധികം പൊറോട്ടകൾ ഉൽപാദിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് അസമിലെ ശ്രദ്ധേയമായ ഫ്രോസൺ ഭക്ഷ്യ ബിസിനസുകളില ഒരു ബ്രാൻഡായി ഡിഎഫ്എഫ് മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.