ഇന്ന് ലോക മുട്ട ദിനം; 'ഒരോ ദിവസവും കേരളത്തിൽ ചെലവാകുന്നത് 2 കോടിയോളം മുട്ട'

കേരളത്തിൽ പ്രതിദിനം ഏകദേശം 1.6 കോടി മുതൽ 2.14 കോടി മുട്ടകൾ വരെ ചെലവാകുന്നുണ്ട്. എന്നാൽ ഇതിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്നവ ഏകദേശം 68.8 ലക്ഷം മുട്ടകൾ മാത്രമാണ്. ബാക്കിവരുന്ന അത്രയും മുട്ടകൾക്ക് അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുമുള്ള ഇറക്കുമതിയെയാണ് സംസ്ഥാനം ആശ്രയിക്കുന്നത്.

ഓരോ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ലോക മുട്ട ദിനമായി ആചരിക്കുന്നത്. 1996-ൽ വിയന്നയിൽ നടന്ന ഇന്റർനാഷണൽ എഗ്ഗ് കമ്മീഷന്റെ യോഗത്തിലാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നതും പോഷകങ്ങളാൽ സമ്പന്നവുമായ മുട്ടയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം. ലോക മുട്ട ദിനാചരണത്തിന്റെ 30-ാം വാർഷികമാണ് നടക്കുന്നത്. "ശരീരത്തിന് ഊർജ്ജവും സംരക്ഷണവും നൽകുന്ന പ്രോട്ടീൻ" എന്നതാണ് ഈ വർഷത്തെ പ്രധാന സന്ദേശം.

പ്രകൃതിയുടെ പൂർണ്ണമായ പോഷകക്കൂട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുട്ട ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, അയൺ, കാൽസ്യം, പൊട്ടാസ്യം, ഫോലേറ്റ്, സിങ്ക്, വിറ്റാമിൻ ഡി, കരോട്ടിനോയിഡുകൾ തുടങ്ങിയ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ്. ഇതിനുപുറമേ, കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ലൂട്ടീൻ, സെക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും, ഉപാപചയ പ്രവർത്തനം എളുപ്പമാക്കാനും, ഒമേഗ-3 കൊഴുപ്പുകളിലൂടെ പ്രതിരോധശേഷി നൽകാനും മുട്ട സഹായിക്കുന്നു.

പോഷകങ്ങൾക്കൊപ്പം തന്നെ പാചകത്തിലുള്ള വൈവിധ്യവുമാണ് മുട്ടയെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആഹാരങ്ങളിലൊന്നാക്കുന്നത്. പുഴുങ്ങിയോ, പൊരിച്ചോ, ബുൾസൈ, സ്ക്രാംബിൾഡ്, ഓംലെറ്റ് എന്നിങ്ങനെ പല രീതികളിൽ ഇത് വളരെ എളുപ്പത്തിൽ തയാറാക്കാം. കോഴിമുട്ടക്കാണ് ആഗോളതലത്തിൽ കൂടുതൽ പ്രചാരമെങ്കിലും താറാവ്, കാട, വാത്ത് തുടങ്ങിയവയുടെ മുട്ടകളും വലിയ തോതിൽ ഉപയോഗിക്കാറുണ്ട്. താങ്ങാനാവുന്ന വിലയിൽ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്ന പോഷകാഹാരം എന്ന നിലയിൽ ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകളാണ് ദിനംപ്രതി മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.

ലോക മുട്ട ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര എഗ്ഗ് കമ്മീഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ, പാചക മത്സരങ്ങൾ, പുതിയ റെസിപ്പികളുടെ പ്രകാശനം എന്നിവ സംഘടിപ്പിക്കാറുണ്ട്. കർഷകർ മുതൽ വിതരണക്കാർ വരെയുള്ള മുട്ട ഉൽപ്പാദന മേഖലയിലെ തൊഴിലാളികളുടെ സേവനത്തെ ആദരിക്കാനുള്ള അവസരം കൂടിയാണിത്.

Tags:    
News Summary - Today is World Egg Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.