'മനുഷ്യോപയോഗത്തിന് സുരക്ഷിതമല്ല' ലോട്ടെ ചോക്കോ പൈയുടെ പ്രത്യേക ബാച്ചിന് നിരോധനം; വിൽപന തടഞ്ഞ് അധികൃതർ

പ്രശസ്ത ബ്രാന്‍റായ ലോട്ടെ ചോക്കോ പൈയുടെ ഒരു പ്രത്യേക ബാച്ച് മനുഷ്യോപയോഗത്തിന് സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടർന്ന് ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ വിൽപനയും സംഭരണവും പൂർണമായി നിരോധിച്ചു. ലബോറട്ടറി പരിശോധനയിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഈ അടിയന്തര നടപടി.

നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് 672 ഗ്രാം പാക്കറ്റിലുള്ള, 'NM10DC2' എന്ന ബാച്ച് നമ്പറിലുള്ള ലോട്ടെ ചോക്കോ പൈ ഉൽപ്പന്നങ്ങൾക്കാണ്. 2026 ഏപ്രിൽ 10-ന് നിർമിച്ച ഈ ബാച്ചിന്റെ കാലാവധി 2027 ഏപ്രിൽ 9 വരെയാണ്. ദുർഗ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി വ്യക്തമായത്.

കുട്ടികൾ വൻതോതിൽ കഴിക്കുന്ന ഒരു ഉൽപ്പന്നത്തിൽ പ്രിസർവേറ്റീവുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ജില്ലയിലെ വ്യാപാരികളോടും വിതരണക്കാരോടും ഈ ബാച്ചിലുള്ള സ്റ്റോക്കുകൾ ഉടൻ തന്നെ വിപണിയിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് വിൽപന നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ ബാച്ച് ഉൽപ്പന്നങ്ങൾ സംസ്ഥാനത്തുടനീളം നിരോധിക്കാൻ ഫുഡ് സേഫ്റ്റി കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൂടാതെ, ചെന്നൈയിലുള്ള നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഈ പ്രത്യേക ബാച്ച് പിൻവലിക്കാനുള്ള അടിയന്തര നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Lotte Choco Pie Batch Declared Unsafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-14 07:32 GMT
access_time 2026-08-09 03:00 GMT