പാക്കറ്റ് ഭക്ഷണത്തിലെ മുന്നറിയിപ്പ് ലേബൽ: ഭക്ഷ്യ സുരക്ഷ അതോറിറ്റിയോട് 13 ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡൽഹി: പാക്കറ്റ് ഭക്ഷ്യവസ്തുക്കളിലെ മുന്നറിയിപ്പ് ലേബലുകളുടെ രൂപം, വലുപ്പം, നിറം, പാക്കറ്റിലെ സ്ഥാനം, നടപ്പാക്കേണ്ട സമയക്രമം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്.എസ്.എസ്.എ.ഐ ) സുപ്രീംകോടതി നിർദേശിച്ചു. മുന്നറിയിപ്പ് ലേബലിങ് സംബന്ധിച്ച എഫ്.എസ്.എസ്.എ.ഐ യുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് 13 ചോദ്യങ്ങൾ ഉന്നയിച്ചത്. ജങ്ക് ഫുഡിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും കോടതി ചോദിച്ചു.

ലേബലിങ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എഫ്.എസ്.എസ്.എ.ഐ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. മറുപടി നൽകാൻ എഫ്.എസ്.എസ്.എ.ഐക്ക് 10 ദിവസത്തെ സമയം അനുവദിച്ചു. വിഷയത്തിൽ എഫ്.എസ്.എസ്.എ.ഐ യുടെ ഭാഗത്തുനിന്ന് കാര്യമായ പുരോഗതിയുണ്ടെന്നും എന്നാൽ ലേബലിങ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

എഫ്.എസ്.എസ്.എ.ഐയുടെ നിർദേശം അനുസരിച്ച് ആദ്യഘട്ടത്തിൽ ചേർത്ത കൊഴുപ്പ്, ചേർത്ത പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ രണ്ടോ അതിലധികമോ പോഷകങ്ങളുള്ള ഉൽപ്പന്നങ്ങളിൽ ചുവന്ന ഹെക്സഗൺ മുന്നറിയിപ്പാണ് നൽകേണ്ടത്.

ഉയർന്ന അളവിലുള്ള കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, മധുരപാനീയങ്ങൾ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളും ഈ മുന്നറിയിപ്പിൽ ഉൾപ്പെടുത്താനാണ് നിർദേശം. 2024ലെ ഇന്ത്യക്കാർക്കായുള്ള ഭക്ഷണ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്.

രണ്ടാംഘട്ടത്തിൽ ഈ പോഷകഘടകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലുള്ള ഉൽപന്നങ്ങൾക്കും മുന്നറിയിപ്പ് ബാധകമായേക്കും. ലേബലിങ് രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനുള്ള നിർദേശത്തിന്റെ അടിസ്ഥാനം എന്താണെന്നും ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെന്താണെന്നും കോടതി ചോദിച്ചു.

പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെ ‘അൺഹോളി ട്രിനിറ്റി’ എന്ന് വിശേഷിപ്പിച്ച കോടതി, ഭക്ഷ്യവസ്തുക്കളിലെ ഈ ഘടകങ്ങളുടെ ആകെ അളവും പരിഗണിക്കേണ്ടതുണ്ടെന്ന് നിർദേശിച്ചു. 2021ലെ എഫ്.എസ്.എസ്.എ.ഐ ‘ടോട്ടൽ ഷുഗർ’, ‘സാച്ചുറേറ്റഡ് ഫാറ്റ്’ എന്നിവ ലേബലിങ്ങിനായി പരിഗണിക്കാമെന്ന ധാരണയിലെത്തിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ നിർദേശത്തിൽ ഇതിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചതെങ്കിൽ അതിന്റെ കാരണവും ബന്ധപ്പെട്ട വിഷയങ്ങൾ എങ്ങനെയാണ് പരിഗണിച്ചതെന്നും വ്യക്തമാക്കാനും എഫ്.എസ്.എസ്.എ.ഐയോട് കോടതി ആവശ്യപ്പെട്ടു.

ചുവന്ന ഹെക്സഗണിന്റെ വലുപ്പം, പാക്കറ്റിന്റെ വിസ്തീർണത്തിന് ആനുപാതികമായാണോ അത് നിശ്ചയിക്കേണ്ടത്, അക്ഷരങ്ങളുടെ വലുപ്പം എങ്ങനെ തീരുമാനിക്കണം, പാക്കറ്റിൽ ഹെക്സഗൺ എവിടെയാണ് സ്ഥാപിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിലും കോടതി വിശദീകരണം തേടി. രണ്ടോ അതിലധികമോ പോഷകഘടകങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുകൾക്ക് പ്രത്യേകം ഹെക്സഗണുകൾ നൽകുന്നതിന് പകരം ഒറ്റ ഹെക്സഗൺ ഉപയോഗിക്കാനുള്ള നിർദേശത്തിന്റെ അടിസ്ഥാനവും കോടതി ചോദിച്ചു. കേസിൽ സെപ്റ്റംബർ 28ന് സുപ്രീംകോടതി വീണ്ടും വാദം കേൾക്കും.

Tags:    
News Summary - SC Questions FSSAI Warning Labels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.