എപ്പോഴും ഒരേ ഭക്ഷണം മാത്രം ഓർഡർ ചെയ്യുന്നവരാണോ നിങ്ങൾ? നിങ്ങളുടെ മനഃശാസ്ത്രം വളരെ ലളിതമാണ്...

റെസ്റ്റോറന്റ് മെനു തുറന്ന്, ഒന്നിനും കൂടുതൽ സമയം മെനക്കെടാതെ കഴിഞ്ഞതവണ കഴിച്ച അതേ വിഭവം തന്നെ കണ്ണടച്ച് ഓർഡർ ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. പുതിയ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകളുള്ളതുപോലെ തന്നെ തങ്ങൾക്ക് സുപരിചിതമായ ഭക്ഷണങ്ങളിൽ മാത്രം ഉറച്ചുനിൽക്കുന്ന വലിയൊരു വിഭാഗം ആളുകളുമുണ്ട്. എപ്പോഴും ഒരേ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് പിന്നിൽ പ്രത്യേകതരം വ്യക്തിത്വ സവിശേഷതകളൊന്നുമില്ലെന്നാണ് മനഃശാസ്ത്രം വ്യക്തമാക്കുന്നത്. പകരം രുചിയോടുള്ള പരിചിതത്വം, ശീലം, ഒപ്പം മെനു നോക്കി തലപുകക്കാനുള്ള മടി എന്നിവയാണ് ഇതിന് പ്രധാന കാരണം.

പരിചിതമായ ഒരു വിഭവം തെരഞ്ഞെടുക്കുമ്പോൾ അവിടെ വലിയ അനിശ്ചിതത്വങ്ങൾക്ക് സ്ഥാനമില്ല. ആ ഭക്ഷണം കഴിച്ചാൽ അതിന്റെ രുചി എങ്ങനെയുണ്ടായിരിക്കും, അത് വയറുനിറക്കാൻ പര്യാപ്തമാണോ, നിങ്ങൾക്ക് അത് യഥാർത്ഥത്തിൽ ഇഷ്ടപ്പെടുമോ എന്നൊക്കെ നിങ്ങൾക്ക് കൃത്യമായി അറിയാം. 2024-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ആളുകൾ റെസ്റ്റോറന്റുകളിൽ സാധാരണയായി തങ്ങൾക്ക് ആസ്വദിക്കാനും, മിതമായ പണം നൽകാവുന്നതും, പരിചിതവുമായ വിഭവങ്ങൾക്കാണ് മുൻഗണന നൽകുന്നത്. പണം നഷ്ടപ്പെടുമോ എന്ന ഭയവും, ഇഷ്ടപ്പെടാത്ത ഭക്ഷണം ഓർഡർ ചെയ്ത് നിരാശരാകാനുള്ള സാധ്യതയും ഒഴിവാക്കാനാണ് പലരും ഈ രീതി പിന്തുടരുന്നത്. സാധാരണ നിലയിൽ ഒരു ചിക്കൻ ബിരിയാണി ഓർഡർ ചെയ്യുമ്പോൾ പുതിയൊരു പരീക്ഷണം നടത്തി നിരാശപ്പെടേണ്ടി വരില്ലല്ലോ!

എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് വലിയൊരു മാനസിക പ്രക്രിയയാണ്. ഭക്ഷണത്തിന്റെ വില, ചേരുവകൾ, അളവ്, നമ്മുടെ ഡയറ്റ് മുൻഗണനകൾ എന്നിവയെക്കുറിച്ചൊക്കെ ഒരേസമയം ചിന്തിക്കേണ്ടി വരുന്നു. എന്നാൽ പരിചിതമായ ഒരു ചോയ്സ് ആവർത്തിക്കുന്നത് ഈ മാനസിക ആയാസം വളരെ കുറക്കുന്നു. 'അമേരിക്കൻ ജേണൽ ഓഫ് അഗ്രികൾച്ചറൽ ഇക്കണോമിക്സിൽ' പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത് കോഗ്നിറ്റീവ് എഫർട്ട് കുറക്കാൻ ആളുകൾ പലപ്പോഴും ലളിതമായ തീരുമാനങ്ങൾ സ്വീകരിക്കാറുണ്ടെന്നാണ്. പ്രത്യേകിച്ച് നിങ്ങൾ ജോലി ചെയ്ത് ക്ഷീണിതരായിരിക്കുമ്പോഴോ അല്ലെങ്കിൽ എന്ത് കഴിക്കണമെന്ന് ആലോചിച്ച് സമയം കളയാൻ ആഗ്രഹിക്കാത്തപ്പോഴോ ഈ ശീലം ഒരു യാന്ത്രിക തീരുമാനമായി മാറുന്നു.

Tags:    
News Summary - Are you the type of person who always orders the same food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.