17 വർഷങ്ങൾക്കിപ്പുറം റൊണാൾഡോയുടെ വരവിൽ ആവേശത്തിലമർന്ന് ടൊറന്റോ

ടൊറന്റോ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിനായി ക്രൊയേഷ്യയെ നേരിടാൻ പോർച്ചുഗൽ ടീം ടൊറന്റോയിലെത്തിയതോടെ കാനഡൻ നഗരം ഫുട്ബാൾ ആവേശത്തിൽ. നഗരത്തിലേക്ക് കാലെടുത്തുവെച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.

2009-ൽ റയൽ മാഡ്രിഡ് താരമായിരിക്കെ ടൊറന്റോയിലെത്തിയ റൊണാൾഡോയെ വരവേറ്റ അതേ ആവേശം 17 വർഷങ്ങൾക്കിപ്പുറവും നഗരത്തിൽ ആവർത്തിച്ചു. പൊതു അവധി ദിവസമായിരുന്ന ബുധനാഴ്ച, റൊണാൾഡോ സഞ്ചരിച്ച വാഹനം കടന്നുപോകുന്ന പാതയോരങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും ആരാധകർ കാത്തുനിന്നു. പിയേഴ്സൺ വിമാനത്താവളത്തിൽ ടീമിറങ്ങിയതു മുതൽ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഗാർഡിനർ എക്സ്പ്രസ് വേയിൽ ബൈക്ക് റാലികളോടെയാണ് പോർച്ചുഗൽ ടീം ബസിനെ ആരാധകർ ഡെൽറ്റ ഹോട്ടലിലേക്ക് അനുഗമിച്ചത്. സെന്റിനിയൽ പാർക്കിലെ പരിശീലന ഗ്രൗണ്ടിലും റൊണാൾഡോയെ കാണാൻ വലിയ ജനക്കൂട്ടമെത്തി. കാനഡയിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നിട്ടും, ചുവന്ന ഏഴാം നമ്പർ ജഴ്സി അണിഞ്ഞെത്തിയ ആരാധകർ താരത്തിന് പിന്തുണയുമായി ഗ്രൗണ്ടിന് പുറത്ത് നിലയുറപ്പിച്ചു.

റൊണാൾഡോയുടെ കരിയറിലെ അവസാന ലോകകപ്പ് എന്ന നിലയിൽ ഇന്നത്തെ മത്സരം ഏറെ വൈകാരികമായാണ് ആരാധകർ നോക്കിക്കാണുന്നത്. ടൊറന്റോ എഫ്.സി സ്റ്റേഡിയത്തിൽ തന്നെയാണ് പോർച്ചുഗൽ-ക്രൊയേഷ്യ പോരാട്ടം നടക്കുന്നത്. 2009-ൽ റൊണാൾഡോ അവസാനമായി ടൊറന്റോയിൽ കളിച്ചതും ഇതേ മൈതാനത്തായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ പരാജയപ്പെട്ടാൽ അത് റൊണാൾഡോയുടെ അവസാന ലോകകപ്പ് മത്സരമായിരിക്കും എന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നു.

Tags:    
News Summary - Ronaldo Fever Grips Toronto as Portugal Gears Up for Crucial World Cup Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.