ചില യാദൃശ്ചികതകൾക്ക് കാലം കാത്തുവെക്കുന്ന ക്രൂരമായ ഒരു ഭംഗിയുണ്ട്. വർഷങ്ങൾക്ക് ശേഷം അമേരിക്കൻ ഭൂഖണ്ഡത്തിലെ മൈതാനങ്ങൾ വീണ്ടുമൊരു ലോകകപ്പ് മാമാങ്കത്തിനായി ആർത്തുവിളിക്കുമ്പോൾ, ഫുട്ബോൾ ലോകത്തിന്റെ ആത്മാവ് മാത്രം പതുക്കെ വിങ്ങിപ്പൊട്ടുകയാണ്. കാരണം, ഇന്ന് നാം കാണുന്ന ഇതേ അമേരിക്കൻ മണ്ണിലാണ് 1994-ൽ ആന്ദ്രേ എസ്കോബാർ എന്ന മാന്യനായ പ്രതിരോധഭടന്റെ കളിജീവിതത്തിന്‍റെയും ആയുസ്സിന്‍റെയും വിധി കുറിക്കപ്പെട്ടത്. നീണ്ട 32 വർഷങ്ങൾക്കിപ്പുറം അമേരിക്കയിൽ വീണ്ടുമൊരു വിശ്വപോരാട്ടം നടക്കുമ്പോൾ, ഗാലറികളിലെ ആർപ്പുവിളികൾക്കിടയിലൂടെ ഒരു മെഡെലിനിലെ രാത്രിയുടെ നിലവിളി കാതുകളിൽ തുളച്ചുകയറുന്നു. കാലവും സ്റ്റേഡിയങ്ങളും സാങ്കേതികവിദ്യയും മാറിയിരിക്കാം, പക്ഷേ, അമേരിക്കൻ മണ്ണിൽ പന്തുരുളുമ്പോൾ ആന്ദ്രേയുടെ ഓർമ്മകൾ തരുന്ന വിങ്ങലിന് ഇന്നും അതേ തീക്ഷ്ണതയുണ്ട്. പച്ചപ്പുല്ലിലെ കളി നിയമങ്ങളെ തോക്കിൻകുഴലിലെ അധോലോക നിയമങ്ങൾ വിഴുങ്ങിയ ആ കറുത്ത പുലരിക്ക് മുന്നിൽ ചരിത്രം ഇന്നും വിറങ്ങലിച്ചു നിൽക്കുന്നു.
ഒരു കളിക്കാരൻ കളിക്കളത്തിൽ വരുത്തിയ ഒരു ചെറിയ പിഴവിന്, സ്വന്തം വലയിലേക്ക് പന്തെത്തിച്ചുപോയ ആ ഒരൊറ്റ നിമിഷത്തിന്, തന്റെ ജീവൻ തന്നെ പകരമായി നൽകേണ്ടി വന്ന ആന്ദ്രേ എസ്കോബാർ എന്ന ഇരുപത്തിയേഴുകാരൻ മണ്ണിലേക്ക് വീണിട്ട് മൂന്ന് പതിറ്റാണ്ടിലധികം കഴിഞ്ഞിരിക്കുന്നു.
1990-കളിലെ കൊളംബിയൻ ഫുട്ബോൾ എന്നാൽ കേവലം ഒരു കായികവിനോദം മാത്രമല്ലായിരുന്നു; മയക്കുമരുന്ന് മാഫിയയും ആഭ്യന്തരയുദ്ധങ്ങളും തകർത്ത ഒരു രാജ്യത്തിന്റെ ഏക ആശ്വാസവും അഭിമാനവുമായിരുന്നു ആ ടീം. അന്ന് കാർലോസ് വാൽഡെറാമയും അസ്പ്രിയയും അടങ്ങുന്ന സുവർണ്ണതലമുറയെ നയിച്ച പ്രതിരോധക്കോട്ടയിലെ ഏറ്റവും വിശ്വസ്തനായിരുന്നു ആന്ദ്രേ. കരിയറിന്റെ ഉച്ചസ്ഥായിയിലായിരുന്ന അവൻ, വിഖ്യാതമായ ഇറ്റാലിയൻ ക്ലബ് എസി മിലാനിലേക്ക് ചേക്കേറാനുള്ള കരാറുകളിൽ ഒപ്പിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ആ കറുത്ത വിധി അവനെ തേടിയെത്തിയത്.
1994 ജൂൺ 22. അമേരിക്കയിലെ റോസ് ബോൾ സ്റ്റേഡിയത്തിൽ വെച്ച് ആതിഥേയർക്കെതിരെയുള്ള നിർണായക മത്സരം നടക്കുന്നു. കളി മുറുകുന്നതിനിടയിൽ, മത്സരത്തിന്റെ 34-ാം മിനിറ്റിൽ അമേരിക്കൻ താരം ജോൺ ഹാർക്സ് ബോക്സിലേക്ക് തൊടുത്ത ഒരു ക്രോസ് പന്ത് തട്ടിയകറ്റാൻ ആന്ദ്രേ തന്റെ ശരീരം വായുവിൽ വില്ലുപോലെ വളച്ച് മുന്നോട്ട് ആഞ്ഞു. എന്നാൽ നിർഭാഗ്യം അവന്റെ കാലുകളുടെ രൂപത്തിൽ ആ പന്തിനെ തൊട്ടു. ആന്ദ്രേയുടെ ബൂട്ടിൽ തട്ടിയ പന്ത് ഗോൾകീപ്പർ ഓസ്കാർ കോർഡോബയെയും കാഴ്ചക്കാരനാക്കി കൊളംബിയൻ വലയുടെ ഇടതുമൂലയിലേക്ക് തുളച്ചുകയറി. സ്റ്റേഡിയം നിശബ്ദമായി, ആന്ദ്രേ തലയിൽ കൈവെച്ച് ആ പച്ചപ്പുല്ലിലേക്ക് മലർന്നു വീണു. അതൊരു വെറും സെൽഫ് ഗോൾ മാത്രമായിരുന്നില്ല, കൊളംബിയൻ അധോലോകം നേരത്തെ ഒപ്പിട്ടു വെച്ചിരുന്ന അവന്റെ മരണവാറന്റായിരുന്നു അത്. ആ മത്സരത്തിലെ തോൽവിയോടെ കിരീടസാധ്യത കൽപ്പിച്ച കൊളംബിയ ലോകകപ്പിൽ നിന്ന് നാണംകെട്ട് പുറത്തായി.
ടൂർണമെന്റ് കഴിഞ്ഞ് രാജ്യം മുഴുവൻ ബെറ്റിംഗ് മാഫിയയുടെയും ചൂതാട്ടക്കാരുടെയും കോപത്താൽ കലുഷിതമായി നിൽക്കുന്ന അന്തരീക്ഷത്തിൽ, കൊളംബിയയിലേക്ക് മടങ്ങുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് പലരും ആന്ദ്രേയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, താൻ സ്നേഹിച്ച ജനങ്ങളെ ഭയന്ന് ഒളിച്ചോടാൻ ആ മാന്യനായ കളിക്കാരൻ തയ്യാറായില്ല. "ജീവിതം ഇവിടെ അവസാനിക്കുന്നില്ല, നമ്മൾ മുന്നോട്ട് പോയേ തീരൂ" എന്ന് പത്രത്തിലൂടെ അവൻ വിളിച്ചുപറഞ്ഞു. ഒടുവിൽ വിധി അവനെ മെഡെലിൻ നഗരത്തിലെ ആ നൈറ്റ് ക്ലബ്ബിന് മുന്നിൽ എത്തിച്ചു.
ഒരു ജൂലൈ രണ്ടിന്റെ ആ കറുത്ത പുലരിയിൽ, ഒരു കൂട്ടം അക്രമികൾ അവനെ വളഞ്ഞു. ആ ഒരൊറ്റ സെൽഫ് ഗോളിന്റെ പേരിൽ അവർ അവനെ ശ്വാസം മുട്ടിച്ചു. ഒടുവിൽ ഒരു 38 കാലിബർ പിസ്റ്റളിൽ നിന്നും പുറത്തു വന്ന ആറ് വെടിയുണ്ടകൾ ആ നിരപരാധിയുടെ ശരീരം തുളച്ചു കയറി. ക്രൂരതയുടെ അത്യുന്നതിയിലായിരുന്ന കൊലയാളികൾ, ഓരോ തവണ വെടിയുതിർക്കുമ്പോഴും ടിവി കമന്റേറ്റർമാരെപ്പോലെ ആക്രോശിച്ചത് "ഗോൾ..." എന്നായിരുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷം നടക്കേണ്ടിയിരുന്ന തന്റെ വിവാഹത്തെക്കുറിച്ചും, ലോകപ്രശസ്തമായ എസി മിലാൻ ക്ലബ്ബിലേക്ക് മാറാനിരുന്ന തന്റെ സുന്ദരമായ കരിയറിനെക്കുറിച്ചും സ്വപ്നം കണ്ടിരുന്ന ആ ചെറുപ്പക്കാരൻ ചോരയിൽ കുളിച്ച് 45 മിനിറ്റിനകം ഈ ലോകത്തോട് വിടപറഞ്ഞു.
അവന്റെ മരണവാർത്തയറിഞ്ഞ് ഒരു ലക്ഷത്തിലധികം മനുഷ്യരാണ് കണ്ണീരൊഴുക്കിക്കൊണ്ട് മെഡെലിന്റെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. മൈതാനത്തെ ഒരു അബദ്ധത്തിന് പകരമായി ഒരു മനുഷ്യന്റെ ജീവനെടുക്കുന്ന ക്രൂരതയ്ക്ക് മുന്നിൽ ലോകം വിറങ്ങലിച്ചു നിന്നു. ഇന്ന് മറ്റൊരു ലോകകപ്പ് കാലത്ത് ആ ഓർമ്മകൾ വീണ്ടുമെത്തുമ്പോൾ, അമേരിക്കൻ മൈതാനങ്ങളിലെ ആർപ്പുവിളികൾക്കിടയിലും ആന്ദ്രേയുടെ ഓർമ്മകൾക്ക് മുന്നിൽ ഫുട്ബോൾ ലോകം വീണ്ടും തലതാഴ്ത്തുന്നു. മൈതാനങ്ങളിൽ വിജയങ്ങളും തോൽവികളും ഗോളുകളും ഇനിയുമുണ്ടാകും. പക്ഷേ, ആന്ദ്രേ... ലോകത്ത് പന്തുരുളുന്ന ഓരോ തവണയും നിന്റെ ആ ചോരപ്പടർപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി ജനങ്ങൾ ഓർത്തെടുക്കും. ആന്ദ്രേ, ഫുട്ബോൾ ലോകം ഇന്നും നിന്നോട് മാപ്പ് ചോദിക്കുന്നു!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.