'വിണ്ണിലിരുന്ന് നീ കാണണം കൂട്ടുകാരാ... '; ജോട്ടയുടെ ഓർമ്മദിനത്തിലെ നോക്കൗട്ട് മത്സരം പോർച്ചുഗലിന് വൈകാരിക യുദ്ധം

ടൊറന്റോ: ആ കാൽപ്പാടുകൾ ഇനി മൈതാനത്തില്ല, ആ ചിരി ഇനി ഡ്രെസ്സിങ് റൂമിലില്ല, വിങ്ങുകളിലൂടെ കാറ്റുപോലെ പായുന്ന ആ 21-ാം നമ്പറുകാരൻ ഇനി ഒരിക്കലും പന്തുമായി വരികയുമില്ല... പക്ഷേ, നാളെ പുലർച്ചെ 4.30-ന് പോർച്ചുഗൽ ലോകകപ്പിന്റെ നോക്കൗട്ട് പോരാട്ടത്തിനായി ബൂട്ടുകെട്ടുമ്പോൾ കളം നിറയെ അവന്റെ ശ്വാസമുണ്ടാകും. കഴിഞ്ഞ വർഷം ജൂലൈ മൂന്നിന് സ്‌പെയിനിലെ ആ കറുത്ത രാത്രിയിൽ, ഒരു ദാരുണ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം ഡിയോഗോ ജോട്ടയെന്ന പറങ്കിപ്പടയുടെ ജീവനെ കവർന്നെടുത്തിട്ട് നാളെ കൃത്യം ഒരു വർഷം തികയുകയാണ്. കണ്ണീരുണങ്ങാത്ത ആ ഒന്നാം ചരമവാർഷിക ദിനത്തിൽ, തങ്ങളുടെ പ്രാണനേക്കാൾ സ്നേഹിച്ച സുഹൃത്തിന്റെ ഓർമ്മകളെ നെഞ്ചിൽ ആവാഹിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും നാളെ ക്രൊയേഷ്യക്കെതിരെ ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്നത്. ഇത് വെറുമൊരു ഫുട്ബോൾ മത്സരമല്ല. ഒരുകൂട്ടം കൂട്ടുകാർ തങ്ങളുടെ നഷ്ടപ്പെട്ടുപോയ സഹോദരന് വേണ്ടി മൈതാനത്ത് ചോരയൊഴുക്കാൻ ഇറങ്ങുന്ന വൈകാരിക യുദ്ധമാണ്.

കളിക്കളത്തിൽ ജോട്ടയില്ല, പക്ഷേ ഓരോ പോർച്ചുഗീസ് താരത്തിന്റെ ഹൃദയമിടിപ്പിലും അവനുണ്ട്. പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ സമ്മാനിച്ച, ജോട്ടയുടെ പേര് കൊത്തിയ ആ പ്രത്യേക കൈപ്പട്ടകൾ ഓരോ താരവും കൈകളിൽ മുറുക്കിക്കട്ടുമ്പോൾ അവരുടെ കണ്ണുകളിൽ കനലെരിയുകയാണ്. രാജ്യത്തിന്റെ ജേഴ്സിയിൽ 49 മത്സരങ്ങളിൽ 14 ഗോളുകളുമായി ടീമിന്റെ നെടുംതൂണായിരുന്ന തങ്ങളുടെ സ്വന്തം ജോട്ടയില്ലാത്ത ഒരു ലോകകപ്പ് അവർക്ക് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ നാളെ അവനുവേണ്ടി ജയിക്കുക എന്നതിനപ്പുറം മറ്റൊരു തന്ത്രവും പറങ്കികളുടെ മനസ്സിനെ ഭരിക്കുന്നില്ല.

ഈ മത്സരത്തിലെ ഏറ്റവും നെഞ്ചുലയ്ക്കുന്ന കാഴ്ച ജോട്ടയുടെ ഉറ്റകൂട്ടുകാരൻ റൂബൻ നെവസിന്റേതാണ്. തന്റെ പ്രാണനേക്കാൾ സ്നേഹിച്ച സുഹൃത്തിന്റെ വിയോഗം തളർത്തിയ നെവസ്, ഈ ലോകകപ്പിൽ കളിക്കളത്തിലിറങ്ങുന്നത് ജോട്ട ജീവനായി കൊണ്ടുനടന്ന ആ വിഖ്യാതമായ 21-ാം നമ്പർ ജേഴ്സി ധരിച്ചാണ്. നാളെ മൈതാനത്ത് നെവസ് പന്തുതട്ടുമ്പോൾ, അവൻ ഒറ്റയ്ക്കായിരിക്കില്ല. ആ 21-ാം നമ്പറിലൂടെ ജോട്ടയുടെ ആത്മാവും അവനൊപ്പമുണ്ടാകും. തന്റെ കൂട്ടുകാരന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ഈ ലോകകിരീടമാണെന്ന് ഓരോ പോർച്ചുഗൽ താരത്തിനും നന്നായറിയാം.

"നാളത്തെ മത്സരത്തിന് ഞങ്ങൾക്ക് അമിത ആത്മവിശ്വാസമാണ്. സ്വന്തം രാജ്യത്തിനും കുടുംബത്തിനും അപ്പുറം, ഡിയോഗോ ജോട്ടയ്ക്ക് വേണ്ടിയാണ് ഞങ്ങൾ നാളെ പൊരുതുന്നത്. വിജയം കൈപ്പിടിയിലൊതുക്കാൻ ഞങ്ങൾ സർവ്വതും സമർപ്പിക്കും," പോർച്ചുഗൽ താരം വിറ്റിഞ്ഞ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നോക്കൗട്ടിന്റെ കടുത്ത സമ്മർദ്ദത്തിലാണ് ടീം. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലൂക്കാ മോഡ്രിച്ചിനും ഇത് തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായേക്കാം. തോറ്റാൽ ഒരൊറ്റ രാത്രികൊണ്ട് എല്ലാം അവസാനിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഡി.ആർ. കോംഗോയോടും കൊളംബിയയോടും സമനില വഴങ്ങി പതറിയെങ്കിലും, ജോട്ടയുടെ ഓർമ്മകൾ തങ്ങളെ തോൽക്കാൻ അനുവദിക്കില്ലെന്ന ശാഠ്യത്തിലാണ് പറങ്കിപ്പട. ആദ്യ കളിക്ക് ശേഷം റൊണാൾഡോ ഫോമിലേക്ക് ഉയർന്നതും, പ്രതിരോധത്തിൽ റൂബൻ ഡയസിന്റെ സാന്നിധ്യവും അവർക്ക് കരുത്താകും.

ചരിത്രത്തിൽ 10 കളികളിൽ 7 ജയവുമായി പോർച്ചുഗൽ മുന്നിലാണെങ്കിലും, നോക്കൗട്ടിൽ വമ്പന്മാരെ കെട്ടുകെട്ടിക്കാറുള്ള മോഡ്രിച്ചിന്റെ ക്രൊയേഷ്യൻ മധ്യനിരയെ അവർക്ക് ഭയക്കേണ്ടതുണ്ട്. എങ്കിലും തന്ത്രങ്ങൾക്കും കണക്കുകൾക്കുമപ്പുറം നാളെ പോർച്ചുഗലിനെ നയിക്കുന്നത് ജോട്ടയോള്ള അടക്കാനാവാത്ത വൈകാരിക ബന്ധമാണ്.

കളി ജയിച്ച്, ആ ലോകകപ്പ് ട്രോഫി ആകാശത്തേക്ക് ഉയർത്തി ജോട്ടയ്ക്ക് സമർപ്പിക്കണം, അവനത് കാണണം, അതിനപ്പുറം മറ്റൊന്നും നാളെ അവരുടെ മനസ്സിലില്ല. കണ്ണീരിന്റെയും സ്നേഹത്തിന്റെയും ഈ മഹാപോരാട്ടത്തിൽ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യൻ കോട്ടകൾ തകർന്നടിയുമോ എന്ന് നാളത്തെ പുലരി സാക്ഷ്യം വഹിക്കും. വറ്റാത്ത സൗഹൃദത്തിന്റെ കനലാട്ടത്തിനാണ് ടൊറന്റോ നാളെ സാക്ഷിയാവുകയാണ്.

Tags:    
News Summary - For Diogo Jota: Portugal Fueled by Emotion Ahead of Crucial Croatia Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.