ഡള്ളസ്: എർലിങ് ഹാലൻഡിന്റെ കാൽപാടുകളിൽ കവിതയേക്കാൾ കൂടുതൽ നാടകീയതയാണുള്ളത്. ഐവറി കോസ്റ്റിനെതിരായ പോരാട്ടം നോക്കുക. 85 മിനിറ്റുകൾ അയാൾ മൈതാനത്ത് ഒരു നിഴൽ പോലെ നടന്നു. പന്ത് അധികം തൊട്ടില്ല, ആരും അയാളെ ഭയന്നതുമില്ല. എന്നാൽ 86ാം മിനിറ്റിൽ, പ്രകൃതിയിലെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു മിന്നൽ പിണർ ഭൂമിയിൽ പതിച്ചു! അർധാവസരങ്ങളെപ്പോലും ഗോളാക്കി മാറ്റുന്ന ആ മാന്ത്രിക സ്പർശം വൈക്കിങ്സ് യോദ്ധാക്കൾക്ക് സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ ആദ്യ നോക്കൗട്ട് ജയമായിരുന്നു. വേട്ടക്കാരൻ ഇരക്കായി കാത്തിരിക്കുന്നതുപോലെയുള്ള എർലിങ്ങിന്റെ ക്ഷമയും ഒടുവിൽ ലക്ഷ്യം കാണുമ്പോഴുള്ള രൗദ്രഭാവവും ഫുട്ബാൾ ലോകത്തെ വിസ്മയിപ്പിക്കുകയാണ്.
നോർവേ ജഴ്സിയിൽ ഹാലൻഡുണ്ടെങ്കിൽ ഗോളടിച്ചിരിക്കുമെന്നത് ആചാരമായി മാറിയിട്ടുണ്ട്. 2024 ഒക്ടോബറിൽ തുടങ്ങിയ ശീലത്തിന് ഒരുഘട്ടത്തിൽപ്പോലും മുടക്കം വന്നിട്ടില്ല. തുടർച്ചയായ 13 മത്സരങ്ങളിൽ 25 ഗോളുമായി നോർവീജിയൻ ജഴ്സിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ യാത്ര തുടരുകയാണ്. ശത്രുക്കളുടെ കോട്ടമതിലുകൾ തകർത്തെറിയുന്ന പുരാതന വൈക്കിങ് യോദ്ധാവിന്റെ വീര്യമാണ് അയാളുടെ ഓരോ ചുവടിലും നിഴലിക്കുന്നത്. ഈ ലോകകപ്പ് നോക്കുക. ആകെ മൂന്ന് മത്സരങ്ങളിലാണ് ഇതുവരെ ഹാലൻഡ് ഇറങ്ങിയത്. ഇറാഖിനും സെനഗാളിനുമെതിരെ രണ്ടെണ്ണം വീതം. ഫ്രാൻസിനെതിരെ വിശ്രമം. പിന്നെ റൗണ്ട് ഓഫ് 32ലെ കളി 1-1ൽ അധിക സമയത്തേക്ക് പുറപ്പെടാനിരിക്കെ സമനിലയുടെ കെട്ടുപൊട്ടിച്ചൊരു വിജയ ഗോൾ. 39ാം മിനിറ്റിൽ അന്റോണിയോ നുസയിലൂടെ മുന്നിലെത്തിയ നോർവേക്കെതിരെ 74ാം മിനിറ്റിൽ അമദ് ദിയാലോ ഐവറി കോസ്റ്റിനായി സമനില നേടിയതിന് ശേഷമായിരുന്നു അത്.
86ാം മിനിറ്റിൽ പകരക്കാരൻ ഓസ്കാർ ബോബിൽനിന്ന് ഐവറി കോസ്റ്റ് ബോക്സിലേക്ക് മുന്നേറുകയായിരുന്ന പാട്രിക് ബെർഗിന് കൃത്യതയാർന്ന ഒരു പാസ് നൽകി. പന്ത് ലഭിച്ച ബെർഗ് ബോക്സിന്റെ വലതുഭാഗത്തേക്ക് നീങ്ങി. ഈ സമയം തടയാനൊരുങ്ങിയ പ്രതിരോധപ്പടയെ അമ്പരിപ്പിച്ചുകൊണ്ട് ബെർഗ് പോസ്റ്റിന് മുന്നിലേക്ക് ഒരു ലോ-ക്രോസ് നൽകി. എതിരാളികൾ ബെർഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, മാർക്ക് ചെയ്യപ്പെടാതെ കൃത്യമായ പൊസിഷനിൽ ഹാലൻഡ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. മത്സരശേഷം കോച്ച് സ്റ്റാലെ സോൾബാക്കൻ, ലോകത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ എന്നാണ് ഹാലൻഡിനെ വിശേഷിപ്പിച്ചത്. ഹാലൻഡിന് പകരം മറ്റൊരു കളിക്കാരനെയും തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം തുടർന്നു. ഇനി നോർവേക്ക് നേരിടാനുള്ളത് സാക്ഷാൽ ബ്രസീലിനെയാണ്. ജൂലൈ അഞ്ചിനാണ് (ഇന്ത്യയിൽ ആറിന്) ഇവരുടെ പ്രീക്വാർട്ടർ മത്സരം. ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും വാഴുന്ന സിംഹാസനങ്ങൾ ലക്ഷ്യമിട്ട് ഹാലൻഡ് അശ്വമേധം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.