ലാസ്റ്റ് മിനിറ്റ് വണ്ടർ; സെനഗലിനെ മുട്ടുകുത്തിച്ച് ബെൽജിയം അവസാന പതിനാറിൽ
സിയാറ്റിൽ: അധികസമയം തീരാനിരിക്കേ, 125 മിനിറ്റും 44 സെക്കൻഡും സമയമായപ്പോൾ യൂരി ടീലമെൻസിന്റെ വിവാദ പെനാൽറ്റിയിൽ ബെൽജിയത്തിനോട് തോറ്റ് സെനഗാളിന് കണ്ണീർ മടക്കം. നിശ്ചിത സമയത്തിന്റെ അവസാന നാല് മിനിറ്റുവരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തി രണ്ട് ഗോളുകൾ സ്വന്തമാക്കിയ ശേഷമാണ് വിവാദ പെനാൽറ്റിയിൽ ബെൽജിയം ജയത്തിലേക്കും പ്രീക്വാർട്ടറിലേക്കും കുതിച്ചത്. 3-2നാണ് സെനഗാളിനെ മറികടന്നത്. മത്സരത്തിന്റെ ഏറിയ പങ്കും നിയന്ത്രണമേറ്റെടുത്ത സെനഗാളിന് മുന്നിൽ വിറച്ച ബെൽജിയം അത്ഭുതകരമായി ‘വാർ’ വിധിയിലൂടെ അവസാനം ജയം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് തുല്യമായിരുന്നു. 24ാം മിനിറ്റിൽ ഹബീബ് ദിയാറയാണ് സെനഗാളിനായി ആദ്യഗോൾ നേടിയത്. 51ാം മിനിറ്റിൽ ഇസ്മയില സാർ ലക്ഷ്യം കണ്ടതോടെ സെനഗാൾ സുരക്ഷിതമെന്ന് തോന്നിക്കുന്ന നിലയിലെത്തി. എന്നാൽ, 2018ൽ പ്രീക്വാർട്ടറിൽ ജപ്പാനെതിരെ 21 മിനിറ്റ് ബാക്കി നിൽക്കേ 0-2ന് പിന്നിലായ ശേഷം 3-2ന് തിരിച്ചുകയറിയ ചരിത്രം ബെൽജിയം ആവർത്തിച്ചു. വെറ്ററൻ താരം റൊമേലു ലുക്കാകു പകരക്കാരനായെത്തി 86ാം മിനിറ്റിൽ ആദ്യം ഗോളടിച്ചു. മൂന്ന് മിനിറ്റിനുശേഷം ടീലമെൻസിന്റെ ഗോളിൽ സമനില. പിന്നീടായിരുന്നു 125ാം മിനിറ്റിൽ വിവാദഗോൾ. ബോസ്നിയയെ തോൽപിച്ച ആതിഥേയരായ യു.എസ്.എയാണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 5.30ന് നടക്കുന്ന പ്രീക്വാർട്ടറിൽ ബെൽജിയത്തിന്റെ എതിരാളികൾ.
മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നായി റൗണ്ട് ഓഫ് 32ലെത്തിയ സെനഗാൾ ബെൽജിയത്തിനെതിരെ വേറെ ലെവലായിരുന്നു. മികച്ച പാസുകളും കനത്ത ഷോട്ടുകളുമായി എതിരാളികളെ ആഫ്രിക്കൻപട വിറപ്പിച്ചു. ഇസ്മയില സാറായിരുന്നു ഏറ്റവും തലവേദന സൃഷ്ടിച്ചത്. ഇസ്മയിലയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോഴാണ് ദിയാര പന്ത് ബെൽജിയൻ ഗോളി തിബോ കോട്ടുവയെ കബളിപ്പിച്ച് വലയിലാക്കിയത്.
ഗോളടിച്ച സെനഗാൾ വീണ്ടും ബെൽജിയത്തിന് വെല്ലുവിളിയായി. വിങ്ങുകളിലൂടെയുള്ള നീക്കങ്ങൾക്ക് മുന്നിൽ എതിർ പ്രതിരോധം വിറച്ചു. രണ്ടാമത്തെ ഗോളിന് ചന്തമേറെയായിരുന്നു. നിഖാതെ മധ്യനിരയിൽ നിന്ന് നൽകിയ ഓവർ ദ ടോപ് ക്രോസിൽ നിന്നുള്ള പന്ത് അതിമനോഹരമായി നെഞ്ചിൽ സ്വീകരിച്ച് താഴ്ത്തിയ ഇസ്മയില തൊടുത്ത ഹാഫ് വോളി ബെൽജിയൻ ഗോളിക്ക് മുകളിലൂടെ മൂളിപ്പറന്ന് വലയിൽ പതിച്ചു. സ്കോർ: 2-0. പിന്നീട് ബെൽജിയം തിരിച്ചടിക്ക് ആഞ്ഞു ശ്രമിച്ചു.
86ാം മിനിറ്റിൽ ബെൽജിയത്തിന്റെ തിരിച്ചടി തുടങ്ങി. പെനാൽറ്റി ബോക്സിന്റെ അറ്റത്തും ആരാലും മാർക്ക് ചെയ്യാതിരുന്ന ലുകാകുവിന് തോമസ് മിന്യുയർ ക്രോസ് കൊടുത്തു. സെനഗാൾ ഗോളിയുടെ തലക്ക് മുകളിലൂടെ ഗോൾ. മൂന്ന് മിനിറ്റിനുശേഷം ടീലമെൻസിന്റെ സമനില ഗോൾ. നേരത്തേ, ഹൈഡ്രേഷൻ ഇടവേളക്കിടെ എന്തോ കാരണത്തിന് തർക്കിച്ച ലിയാൻഡ്രോ ട്രൊസാഡാണ് ടീലമെൻസിന് ഗോളിനായി പന്ത് കൈമാറിയത്. ഇതോടെ മത്സരം അധികസമയത്തേക്ക്. ഇരുപക്ഷവും കിണഞ്ഞുശ്രമിച്ചു. 30 മിനിറ്റ് എക്സ്ട്രാ ടൈം കഴിഞ്ഞ് ഇഞ്ചുറി സമയമെത്തി. 125ാം മിനിറ്റിൽ ടീലമെൻസിനെ ബോക്സിന്റെ മൂലയിൽ ലാമിൻ കാമറ വീഴ്ത്തി എന്നതിന്റെ പേരിലാണ് ‘വാർ’ കണ്ടുപിടിത്തം. ഏഴ് മിനിറ്റോളം കാത്ത ശേഷമാണ് പെനാൽറ്റിയിൽ തീരുമാനം പ്രഖ്യാപിച്ചത്. കിക്കെടുത്ത ടീലമെൻസ് എളുപ്പത്തിൽ ഗോളടിച്ചു. നിരാശരായ സെനഗാൾ താരങ്ങൾ കണ്ണീർ വാർത്ത് മടങ്ങി. കഴിഞ്ഞ ജനുവരിയിൽ ആഫ്രിക്കൻ കപ്പ് ഫൈനലിൽ പെനാൽറ്റി വിധിച്ചതിൽ പ്രതിഷേധിച്ച് മൈതാനം വിട്ട സെനഗാൾ ഇത്തവണ റഫറിയുടെ തീരുമാനം അംഗീകരിച്ചാണ് മടങ്ങിയത്. എന്നാൽ, പല ഫുട്ബാൾ വിദഗ്ധരും ആരാധകരും ആ പെനാൽറ്റി കടുംകൈയാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.