ന്യൂജേഴ്സി: ബ്രസീലിയൻ യുവതാരം എൻഡ്രിക്കിനെ ടീമിന്റെ സ്റ്റാർട്ടിങ് ലൈനപ്പിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുമ്പോഴും, തിരക്കിട്ട തീരുമാനങ്ങളില്ലെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി. മൊറോക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം, അടുത്ത മത്സരങ്ങളിൽ എൻഡ്രിക്കിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകരിൽ നിന്നും വിദഗ്ധരിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ, എൻഡ്രിക്കിന്റെ കാര്യത്തിൽ ക്ഷമയോടെയുള്ള സമീപനമാണ് ആഞ്ചലോട്ടി സ്വീകരിക്കുന്നത്.
ഹെയ്തിക്കെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആഞ്ചലോട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. "എൻഡ്രിക്കിനെ കൃത്യസമയത്ത് ടീമിലെത്തിക്കും. കുറച്ചുകൂടി കാത്തിരിക്കേണ്ടതുണ്ട്, ടീമിന് അദ്ദേഹം തീർച്ചയായും മുതൽക്കൂട്ടാകും," ആഞ്ചലോട്ടി പറഞ്ഞു. മറ്റ് മുന്നേറ്റനിര താരങ്ങളിൽ നിന്ന് എൻഡ്രിക്കിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്നും ആഞ്ചലോട്ടി വിശദീകരിച്ചു. മത്തേയുസ് കുഞ്ഞ ടീം ഗെയിമിന് പ്രാധാന്യം നൽകുന്ന കളിക്കാരനാണെങ്കിൽ, ഇഗോർ തിയാഗോ കരുത്തുറ്റ പോരാളിയാണ്. എന്നാൽ, ഇവരിലൊന്നുമല്ല എൻഡ്രിക്കെന്നും, അദ്ദേഹം തികച്ചും വ്യത്യസ്തനായ ഒരു പ്രതിഭയാണെന്നും ആഞ്ചലോട്ടി വിശേഷിപ്പിച്ചു.
"എൻഡ്രിക്ക് ഒരു അസാധാരണ കഴിവുള്ള താരമാണ്. ഈ ലോകകപ്പിലും അടുത്ത ലോകകപ്പിലും ബ്രസീൽ അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തും. സ്വന്തം പ്രായത്തിന് കവിഞ്ഞ പക്വതയുള്ള കളിക്കാരനാണവൻ. താൻ അവസരത്തിനായി കാത്തിരിക്കണമെന്നും, തിടുക്കം കാണിക്കേണ്ടതില്ലെന്നും എൻഡ്രിക്കിന് നല്ല ബോധ്യമുണ്ട്. കുടുംബത്തിന്റെ സാമീപ്യം ഈ ഘട്ടത്തിൽ അദ്ദേഹത്തിന് വലിയ പിന്തുണയാണ്," ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.
മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ എൻഡ്രിക്കിനെ കളത്തിലിറക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും, ടീമിന്റെ ദീർഘകാല ഭാവി മുന്നിൽ കണ്ടാണ് താൻ ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന സൂചനയാണ് ഇതിഹാസ പരിശീലകൻ നൽകുന്നത്. ഹെയ്തിക്കെതിരായ മത്സരത്തിൽ എൻഡ്രിക്കിനെ ടീമിലെടുക്കുമോ അതോ ആഞ്ചലോട്ടി തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.