ലോകകപ്പിലെ യാത്രാ നിയന്ത്രണം; ഫിഫയിൽ പരാതി നൽകുമെന്ന് ഇറാനിയൻ ഫുട്ബാൾ ഫെഡറേഷൻ

മെക്സിക്കോ: അമേരിക്കയിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിൽ തങ്ങളുടെ ടീമിന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾക്കെതി​രെ ഫിഫയിൽ പരാതി നൽകുമെന്ന് ഇറാനിയൻ ഫുട്ബാൾ ഫെഡറേഷൻ. ഞായറാഴ്ച ബെൽജിയത്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിനായി മെക്സിക്കോയിലെ ബേസ് ക്യാമ്പിൽ നിന്ന് രണ്ട് ദിവസം മുമ്പ് ലോസ് ആഞ്ചലസിലേക്ക് യാത്ര ചെയ്യാൻ ഇറാൻ അനുമതി തേടിയിരുന്നു. എന്നാൽ സംഘാടകർ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. ടൂർണമെന്റ് സംഘാടകരുടെ ഇത്തരം നടപടികൾ ടീമിന്റെ സാങ്കേതിക തയാറെടുപ്പുകളെ ബാധിക്കുന്നുവെന്ന് ഫെഡറേഷൻ വക്താവ് ആരോപിച്ചു.

ലോസ് ആഞ്ചലസിൽ ഉച്ചക്ക് 12 മണിക്കാണ് മത്സരം നടക്കുന്നത്. കളിക്കാർക്ക് കാലാവസ്ഥയുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനും അവസാന പരിശീലനം പൂർത്തിയാക്കാനും വേണ്ടിയാണ് രണ്ട് ദിവസം മുമ്പ് യാത്ര ചെയ്യാൻ അനുമതി തേടിയത്. സാങ്കേതികമായ കാരണങ്ങൾ നിരത്തിയിട്ടും സംഘാടകർ ആവശ്യം നിഷേധിക്കുകയാണ് ഉണ്ടായതെന്ന് ഇറാൻ പ്രതിനിധി അറിയിച്ചു. 

നേരത്തെ, ന്യൂസിലാൻഡിനെതിരായ ഉദ്ഘാടന മത്സരത്തിനായി എത്തിയപ്പോൾ തങ്ങൾക്ക് നേരെ നടന്ന അമേരിക്കയുടെ പെരുമാറ്റത്തിനെതിരെ ഇറാനിയൻ ക്യാപ്റ്റനും കോച്ചും പരസ്യമായി രംഗത്തെത്തിയിരുന്നു. കളി കഴിഞ്ഞ് വിശ്രമിക്കാനുള്ള സമയം പോലും നൽകാതെയായിരുന്നു രാജ്യം വിടാൻ ഉത്തരവിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും വാർത്തകളിപ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇത്തരം പെട്ടെന്നുള്ള യാത്രാ മാറ്റങ്ങൾ കളിക്കാരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും, ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ടീം തങ്ങളായിരിക്കുമെന്നും ഇറാൻ കോച്ച് ഫിഫ പ്രസിഡന്റിനോട് പറഞ്ഞിരുന്നു.

വിസ നിഷേധിച്ചതിനെത്തുടർന്ന് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ, സപ്പോർട്ട് സ്റ്റാഫ്, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള വലിയൊരു വിഭാഗത്തിന് ഇതുവരെ യു.എസിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. മാനേജ്‌മെന്റ് ടീമിന്റെ അഭാവം മൂലം കോച്ചുമാർക്ക് അധിക ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നതായും കോച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ടീമിന് യാത്രാ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയിരിക്കുന്നത്.  

Tags:    
News Summary - Iran to lodge complaint with FIFA over World Cup 2026 travel restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.