മസാചുസെറ്റ്സ്: ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ പെനാൽറ്റി നഷ്ടമായതിനു പിന്നാലെ വി.എ.ആർ റിവ്യൂവിലെ കാലതാമസത്തിനെതിരെ പരാതിയുമായി കിലിയൻ എംബാപ്പെ. മൊറോക്കോക്കെതിരായ മത്സരത്തിന്റെ 28ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് എംബാപ്പെ പാഴാക്കിയത്. ലോകകപ്പ് ഗോൾ വേട്ടയിൽ ലയണൽ മെസ്സിയുമായി മത്സരിക്കുന്ന താരം പെനാൽറ്റി പാഴാക്കിയതിനു പിന്നാലെ രണ്ടാം പകുതിയിൽ സ്കോർ ചെയ്താണ് ടീമിനെ കളിയിൽ തിരിച്ചെത്തിച്ചത്. 2-0ത്തിന് ഫ്രാൻസ് ജയിച്ചതിനു പിന്നാലെ, നടന്ന വാർത്തസമ്മേളനത്തിൽ വി.എ.ആർ പരിശോധനയുടെ കാലതാമസത്തിനെതിരെ താരം തുറന്നടിച്ചു. മൂന്ന് മിനിറ്റോളം സമയമെടുത്ത ശേഷമാണ് പെനാൽറ്റി കിക്കെടുക്കാൻ റഫറി അനുവാദം നൽകിയത്. ഈ കാലതാമസം കിക്ക് പാഴാക്കാൻ കാരണമായെന്ന് എംബാപ്പെ പരാതിപ്പെട്ടു. മൊറോക്കോ താരം നൗസായിർ മസ്റായി എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി നൽകിയത്. ഫൗളിനെ തുടർന്നാണോ എംബാപ്പെ ഡൈവ് ചെയ്തത് എന്ന് പരിശോധിക്കാനായിരുന്നു നീണ്ടു നിന്ന വി.എ.ആർ പരിശോധന. ഇതിന് ഏതാണ്ട് മൂന്ന് മിനിറ്റിലധികം സമയമെടുത്തു.
‘കിക്ക് നന്നായി എടുക്കാൻ കഴിഞ്ഞില്ല. റിവ്യൂവിൽ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ഇതിനിടെ ഞാനും ഉസ്മാനെ ഡെംബലെയും പന്ത് പാസ്ചെയ്യുന്നുണ്ടായിരുന്നു. പെനാൽറ്റിയാണെന്ന് റഫറി ആദ്യം പറഞ്ഞു, ശേഷം സാധ്യതയില്ലെന്നും പറഞ്ഞു. കാത്തിരിപ്പ് നീണ്ടതോടെ ശ്രദ്ധമാറി. പെനാൽറ്റി എടുക്കുന്നതിന് മുമ്പ് ഏകാഗ്രതയും മറ്റു മാനസിക തയാറെടുപ്പും ആവശ്യമാണ്. പക്ഷേ, സമയം നീണ്ടുപോയത് തിരിച്ചടിയായി’ -എംബാപ്പെ പറഞ്ഞു.
നീണ്ട കാത്തിരിപ്പ് എംബാപ്പെയുടെ ശ്രദ്ധ തിരിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടാകാമെന്ന് കോച്ച് ദിദിയർ ദെഷാംപ്സും സൂചിപ്പിച്ചു. ‘വാർ പരിശോധനയും അതിനുശേഷം ഫൗളിന്മേൽ പരിശോധനയും ഉണ്ടായി. അതിന് രണ്ട് മിനിറ്റിലധികം സമയമെടുത്തു. അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല. എങ്കിലും ഈ സമയം വൈകൽ അത്ര നിസ്സാരമല്ല’ -അദ്ദേഹം പറഞ്ഞു. പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും, മിന്നും ഗോൾ നേടിയ എംബാപ്പെയും ഉസ്മാനെ ഡെംബലെയും ഫ്രാൻസിനെ സെമി ഫൈനലിലേക്ക് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.