ജനീവ: മുൻ മത്സരത്തിൽ ചുവപ്പുകാർഡ് കിട്ടി വിലക്ക് നേരിട്ട യു.എസ് താരം ഫോലാരിൻ ബലോഗനെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തെ തുടർന്ന് കളിക്കാൻ അനുവദിച്ച ഫിഫ നടപടി കൂടുതൽ കുരുക്കിലേക്ക്. ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോ രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചെന്ന് ആരോപിച്ച് സന്നദ്ധ സംഘടനയായ ഫെയർ സ്ക്വയർ പരാതിക്കൊരുങ്ങുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കാണ് പരാതി നൽകുകയെന്ന് ലണ്ടൻ ആസ്ഥാനമായ ഫെയർസ്ക്വയർ അറിയിച്ചു.ഫിഫ പ്രസിഡന്റ് തുടർച്ചയായി നിഷ്പക്ഷത ലംഘിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ബലോഗനെ കളിപ്പിച്ചത് തന്റെ ആവശ്യപ്രകാരമാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിലെ അത്യപൂർവ സംഭവമാണിത്.
2020 മുതൽ ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ ഐ.ഒ.സിയുടെ ക്ഷണിക്കപ്പെട്ട അംഗമാണ്. ഒളിമ്പിസത്തിന്റെ അടിസ്ഥാന തത്ത്വമാണ് രാഷ്ട്രീയ നിഷ്പക്ഷത. പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ പരിശോധിക്കുമെന്നും ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാം എങ്ങനെ നടക്കുന്നുവെന്ന് വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെനും ഐ.ഒ.സി പ്രസിഡന്റ് പറഞ്ഞു. 2028ലെ ഒളിമ്പിക്സിന് വേദിയാകുന്നത് യു.എസ്.എയിലെ ലോസ് ആഞ്ജലസാണ്.
ഇൻഫാന്റിനോ-ട്രംപ് ബന്ധം
ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ യു.എസ്, കാനഡ, മെക്സികോ എന്നീ രാജ്യങ്ങൾ വോട്ട് നേടിയ 2018 മുതൽ ഇൻഫാന്റിനോ ട്രംപുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 2025 ജനുവരിയിൽ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇൻഫാന്റിനോ എത്തിയിരുന്നു. പിന്നീട് ഫിഫ പ്രസിഡന്റ് വൈറ്റ് ഹൗസിലെ പതിവ് സന്ദർശകനാണ്. ട്രംപിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും എല്ലാവരും അദ്ദേഹത്തെ പിന്തുണക്കണമെന്നും കഴിഞ്ഞ നവംബറിൽ ഇൻഫാന്റിനോ പറഞ്ഞിരുന്നു. ഡിസംബറിൽ വാഷിങ്ടണിൽ ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിൽ ട്രംപിന് ‘ഫിഫ സമാധാന സമ്മാന’വും ഇൻഫാന്റിനോ സമ്മാനിച്ചു. ഇൻഫാന്റിനോയുടെ സ്വന്തം തീരുമാനപ്രകാരമാണ് ട്രംപിന് സമാധാന പുരസ്കാരം സമ്മാനിച്ചത്.
ഇൻഫാന്റിനോ നോട്ടപ്പുള്ളി
ഇൻഫാന്റിനോയുടെ രാഷ്ട്രീയ നിഷ്പക്ഷതയെയും കുറിച്ച് ഡിസംബറിൽ ഫെയർസ്ക്വയർ ഫിഫയുടെ എത്തിക്സ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. നോർവേ ഫുട്ബാൾ ഫെഡറേഷനും യൂറോപ്യൻ പാർലമെന്റിലെ 50 ഓളം അംഗങ്ങളും ഈ പരാതിയെ പിന്തുണച്ചു. എന്നാൽ, പരാതിയിലെ നപടികളെക്കുറിച്ച് ഫിഫക്ക് മിണ്ടാട്ടമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.