ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്റർ
അമേരിക്കയിലെത്തിയത് മുതൽ കാണാനാഗ്രഹിച്ച ഒരു പ്രധാന കേന്ദ്രം സന്ദർശിച്ചു. അനന്തമായ ആകാശത്തെയും അതിനപ്പുറമുള്ള ലോകത്തെയും കൗതുകപൂർവ്വവും അതിലേറെ ജിജ്ഞാസയിലും നോക്കാക്കാണുന്ന ഓരോ വ്യക്തിയും നേരിട്ട് കാണാനാഗ്രഹിക്കുന്ന കേന്ദ്രം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബാൾ പ്രേമികളെപ്പോലെ കളി കാണാനുള്ള ആവേശത്തിലാണ് ഞാൻ ഫ്ലോറിഡയിലെ മയാമിയിൽ എത്തിയത്. ഹാർഡ് റോക്ക് സ്റ്റേഡിയത്തിലെ ആർപ്പുവിളികൾക്കും ഫുട്ബാൾ മാന്ത്രികതകൾക്കും നടുവിലും ഫ്ലോറിഡയിലെത്തുമ്പോൾ മനസ്സ് കൊതിച്ചത് മറ്റൊരു ലോകം കൂടിയായിരുന്നു; മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച നാസയുടെ കെന്നഡി സ്പേസ് സെന്റർ നേരിട്ടുകാണുക.
മയാമിയിലെ ലോകകപ്പ് ആവേശം താൽക്കാലികമായി മാറ്റിവെച്ച്, ഫ്ലോറിഡയുടെ തീരദേശ പാതയിലൂടെ ഒർലാൻഡോക്ക് സമീപമുള്ള കേപ് കനാവറലിലേക്ക് നടത്തിയ യാത്ര ശാസ്ത്രലോകത്തിന്റെ ആസ്ഥാനത്തേക്കായിരുന്നു. വിസിറ്റർ കോംപ്ലക്സിന്റെ കവാടം കടക്കുമ്പോൾ തന്നെ നമ്മെ സ്വീകരിക്കുന്നത് കൂറ്റൻ റോക്കറ്റുകൾ തലയുയർത്തി നിൽക്കുന്ന 'റോക്കറ്റ് ഗാർഡൻ' ആണ്. മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ച മെർക്കുറി, ജെമിനി, അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായ റോക്കറ്റുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ, നമ്മൾ ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന അനുഭൂതിയാണ് ഉണ്ടാകുക. ഫുട്ബാൾ ഗ്രൗണ്ടിലെ തന്ത്രങ്ങൾ പോലെ പ്രകൃതിയുടെ നിയമങ്ങളെ ശാസ്ത്രം എങ്ങനെ കീഴടക്കി എന്ന് ഈ റോക്കറ്റ് ഗാർഡൻ കാണിച്ചുതരുന്നു. അവിടുത്തെ ഏറ്റവും വലിയ ആകർഷണം ബഹിരാകാശത്ത് പലവട്ടം പറന്നുയർന്ന 'അറ്റ്ലാന്റിസ്' എന്ന യഥാർഥ സ്പേസ് ഷട്ടിൽ ആണ്. ബഹിരാകാശത്തെ കഠിനമായ യാത്രകൾക്കൊടുവിൽ കരിപുരണ്ട അതിന്റെ ചിറകുകൾ കാണുമ്പോൾ ഒരു അത്ഭുത ലോകത്ത് എത്തിയതുപോലെ തോന്നും.
ഷട്ടിൽ വിക്ഷേപണം നേരിട്ട് അനുഭവിപ്പിക്കുന്ന 'ലോഞ്ച് സിമുലേറ്റർ' നൽകിയ അനുഭവം വാക്കുകൾക്ക് അപ്പുറമാണ്. റോക്കറ്റ് വിക്ഷേപിക്കുമ്പോഴുണ്ടാകുന്ന വിറയലും ശബ്ദവും ഒട്ടും ചോർന്നുപോകാതെ ആ സിമുലേറ്റർ നമുക്ക് സമ്മാനിക്കും. തുടർന്ന് നാസയുടെ ഔദ്യോഗിക ബസ്സിലുള്ള യാത്രയായിരുന്നു ഏറ്റവും മികച്ചത്. സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത അതീവ സുരക്ഷാ മേഖലകളിലൂടെയാണ് ഈ ബസ് കടന്നുപോകുന്നത്.
ബസ് യാത്ര അവസാനിക്കുന്നത് അപ്പോളോ/സാറ്റേൺ വി. സെന്ററിലാണ്. ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിൽ ഉപയോഗിച്ച സാറ്റേൺ V എന്ന ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് പൂർണരൂപത്തിൽ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മയാമിയിലെ വലിയ ഫുട്ബാൾ സ്റ്റേഡിയത്തേക്കാൾ നീളമുള്ള ഈ റോക്കറ്റിന് താഴെ നിൽക്കുമ്പോൾ മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ നമ്മൾ തലകുനിച്ചുപോകും. കൂടാതെ ചന്ദ്രനിൽ നിന്നും കൊണ്ടുവന്ന യഥാർഥ 'ചന്ദ്രക്കല്ല്' (Moon Rock) തൊട്ടറിയാനുള്ള അവസരവും ഇവിടെയുണ്ട്.അമേരിക്കൻ യാത്രയിൽ മയാമിയിലെയും ന്യൂജഴ്സിയിലേയും ഗോളുകൾ വീഴുന്ന സ്റ്റേഡിയങ്ങൾ മാത്രമല്ല, മയാമിയിലെ പച്ചപ്പുല്ലിലെ കളി മൈതാനങ്ങളിൽ നിന്നും ഫ്ലോറിഡയിലെ നീലാകാശത്തിലെ നക്ഷത്രങ്ങളിലേക്ക് നാസ തുറന്നിട്ട ബഹിരാകാശ ജാലകം ഈ ലോകകപ്പ് യാത്രയെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഒന്നാക്കി മാറ്റിയിരിക്കുന്നു. നാസ തന്ന ഈ ആവേശം മനസ്സിൽ നിന്ന് ഒരുകാലത്തും മാഞ്ഞുപോകില്ല. തൽക്കാലം അമേരിക്കയോട് വിട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.