‘അതൊരു ആഘോഷം മാത്രം...’; ഗോളടിച്ചതിനു പിന്നാലെ നടത്തിയ ‘ഗൺ സെലിബ്രേഷനിൽ’ വിശദീകരണവുമായി ഇറാൻ താരം

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ജിയിൽ ഇറാനും ന്യൂസിലൻഡും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി. ഇറാനുവേണ്ടി സമനില ഗോളടിച്ചതിനു പിന്നാലെ മുഹമ്മദ് മൊഹെബി ഗാലറിയിലേക്ക് നോക്കി നടത്തിയ ‘ഗൺ സെലിബ്രേഷനെ’ ചൊല്ലി വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചായിരുന്നു താരത്തിന്‍റെ ഗോളാഘോഷം. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. മത്സരത്തിന്‍റെ 64ാം മിനിറ്റിലാണ് മൊഹെബി വലകുലുക്കുന്നത്. വലതുവിങ്ങിൽനിന്ന് റമീൻ റെസയാൻ നൽകിയ ക്രോസ്, കിടിലനൊരു ഹെഡ്ഡറിലൂടെയാണ് താരം ലക്ഷ്യത്തിലെത്തിക്കുന്നത്. പിന്നാലെ ഗാലറിക്ക് അരികിലേക്ക് ഓടിയെത്തി മൊഹെബി ഗൺ ഫയറിങ് സെലിബ്രേഷൻ നടത്തുകയായിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഒരു വിഭാഗം ഇതിനെ വിവാദമാക്കുകയും ചെയ്തു.

ലോകകപ്പ് പോലൊരു ടൂർണമെന്‍റിൽ ഇത്തരം ആഘോഷങ്ങൾ അനുവദിക്കരുതെന്നും താരത്തിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. വലിയ വിവാദമായതോടെ താരം തന്നെ വിശദീകരണവുമായി രംഗത്തെത്തി. അതൊരു ആഘോഷം മാത്രമായിരുന്നുവെന്നാണ് താരം പറഞ്ഞത്. ‘ലോസ് ആഞ്ചലസിൽ താമസിക്കുന്ന എല്ലാ ഇറാനികൾക്കും നന്ദി പറയണമെന്ന് ആഗ്രഹിച്ചു, അവർ മികച്ച പിന്തുണയാണ് നൽകിയത്. പെട്ടെന്നാണ് ആ ആഘോഷം മനസ്സിൽ വന്നത്, എല്ലാ ആരാധകർക്കും വേണ്ടിയായിരുന്നു ആഘോഷം, അത് വെറുമൊരു ആഘോഷം മാത്രമായിരുന്നു’ -മൊഹെബി പ്രതികരിച്ചു. വിഷയത്തിൽ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുദ്ധത്തിനിടെ അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിലെ മിനാബ് ഗേൾസ് സ്കൂളിൽ 168 കുട്ടികൾ കൊല്ലപ്പെട്ടതിന്‍റെ സ്മരണക്കായി സ്റ്റേഡിയത്തിൽ കാണികൾ ഉയർത്തിയ ബാനറും വലിയ ചർച്ചയായി. അതേസമയം, മത്സരത്തിന് പിന്നാലെ ഇറാൻ ഫുട്ബാൾ ടീമിനോട് ഉടനടി രാജ്യം വിടാൻ അധികൃതർ നിർബന്ധിച്ചതായി പരിശീലകൻ പരാതിപ്പെട്ടു. കളിക്കാർക്ക് വിശ്രമിക്കാൻ പോലും സമയം നൽകാതെ, തങ്ങളുടെ ട്രെയിനിങ് ബേസിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ചതോടെ ഇറാൻ കോച്ച് അമീർ ഘാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും പരസ്യമായി രംഗത്തെത്തി. മത്സരം കഴിഞ്ഞ് അന്ന് രാത്രി കാലിഫോർണിയയിൽ തങ്ങി അടുത്ത ദിവസം മടങ്ങാമെന്നായിരുന്നു ഇറാൻ ടീമിന്റെ കണക്കുകൂട്ടൽ.

എന്നാൽ കളി കഴിഞ്ഞയുടൻ രാജ്യം വിടാൻ നിർദേശം വരികയായിരുന്നു എന്ന് കോച്ച് പറയുന്നു. കളി കഴിഞ്ഞ് റിക്കവറിക്ക് പോലും തങ്ങൾക്ക് സമയം തന്നില്ലെന്നും, എന്തുകൊണ്ടാണ് ഈ യാത്രാ പ്ലാൻ മാറ്റിയതെന്ന് അറിയില്ലെന്നും കോച്ച് പറഞ്ഞു. ഇത്തരം പെട്ടെന്നുള്ള യാത്രാ മാറ്റങ്ങൾ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചുവെന്നും, ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ടീം തങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Iran player Mohammad Mohebi explains alleged 'gun' celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.