മയാമി: പ്രീക്വാർട്ടറിലെ അവസാന മത്സരത്തിൽ കൊളംബിയയെ സ്വിറ്റ്‌സർലൻഡ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയതോടെ 2026 ഫിഫ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ചിത്രം പൂർണ്ണമായി. ടൂർണമെന്റിൽ ഇനി അവശേഷിക്കുന്നത് മൂന്ന് റൗണ്ടുകൾ മാത്രമാണ്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഫ്രാൻസും അവസാന എട്ടിൽ ഇടംപിടിച്ചപ്പോൾ, ആതിഥേയ രാജ്യങ്ങളായ അമേരിക്കയും കാനഡയും മെക്സിക്കോയും പ്രീക്വാർട്ടർ കടമ്പ കടക്കാനാകാതെ പുറത്തായി.
ആദ്യ ക്വാർട്ടർ ഫൈനലിൽ നിലവിലെ റണ്ണർ അപ്പുകളായ ഫ്രാൻസ്, ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം ജൂലൈ 10 വെള്ളിയാഴ്ച അർദ്ധരാത്രി പിന്നിട്ട് 1:30-ന് ബോസ്റ്റൺ സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. രണ്ടാം ക്വാർട്ടർ ഫൈനൽ രണ്ട് യൂറോപ്യൻ വമ്പന്മാർ തമ്മിലുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക. യൂറോ ജേതാക്കളായ സ്പെയിൻ കരുത്തരായ ബെൽജിയത്തെ നേരിടും. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ ജൂലൈ 11 ശനിയാഴ്ച അർദ്ധരാത്രി 12:30-നാണ് മത്സരം.
ബ്രസീലിനെ തകർത്ത് അത്ഭുതം സൃഷ്ടിച്ചെത്തുന്ന നോർവേക്ക് മൂന്നാം ക്വാർട്ടർ ഫൈനലിൽ ശക്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. ജൂലൈ 12 ഞായറാഴ്ച്ച പുലർച്ചെ 2:30-ന് മയാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അന്ന് തന്നെ രാവിലെ 6:30-ന് കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വിറ്റ്‌സർലൻഡുമായി ഏറ്റുമുട്ടും.
ജൂലൈ 15, 16 തീയതികളിലായാണ് സെമി ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറുക. ജൂലൈ 19-ന് ലൂസേഴ്‌സ് ഫൈനലും നടക്കും. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന കലാശക്കൊട്ട് ജൂലൈ 20-നാണ് നടക്കുക.
ക്വാർട്ടർ ഫൈനൽ മത്സരക്രമം (ഇന്ത്യൻ സമയക്രമത്തിൽ):
ജൂലൈ 10, വെള്ളി (രാത്രി 1:30): ഫ്രാൻസ് vs മൊറോക്കോ (വേദി: ബോസ്റ്റൺ സ്റ്റേഡിയം)
ജൂലൈ 11, ശനി (രാത്രി 12:30): സ്പെയിൻ vs ബെൽജിയം (വേദി: ലോസ് ആഞ്ചലസ് സ്റ്റേഡിയം)
ജൂലൈ 12, ഞായർ (പുലർച്ചെ 2:30): നോർവേ vs ഇംഗ്ലണ്ട് (വേദി: മയാമി സ്റ്റേഡിയം)
ജൂലൈ 12, ഞായർ (രാവിലെ 6:30): അർജന്റീന vs സ്വിറ്റ്‌സർലൻഡ് (വേദി: കാൻസാസ് സിറ്റി സ്റ്റേഡിയം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.