സിയാച്ചിനിലെ ‘നിശ്ശബ്ദ പോരാളികൾ’; മൈനസ് 40 ഡിഗ്രിയിലും രാജ്യത്തെ സേവിക്കുന്ന സാൻസ്കാരി പോണികൾ

മഞ്ഞുമലകളും കൊടുംതണുപ്പും നിറഞ്ഞ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈനികർക്കൊപ്പം നിശ്ശബ്ദമായി രാജ്യസേവനം നടത്തുന്ന കുതിരകളാണ് സാൻസ്കാരി പോണികൾ. ലഡാക്കിലെ സാൻസ്കാർ താഴ്‌വരയിൽ നിന്നുള്ള തദ്ദേശീയ കുതിരയിനമായ ഇവ 2011 മുതൽ സിയാച്ചിനിലെ സൈനിക ലോജിസ്റ്റിക് പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചുവരികയാണ്. 

15,000 അടി ഉയരത്തിന് മുകളിലും മൈനസ് 40 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുന്ന താപനിലയിലും അതിജീവിക്കാൻ ശേഷിയുള്ള സാൻസ്കാരി പോണികൾ വിദൂര സൈനിക പോസ്റ്റുകളിലേക്ക് ആവശ്യമായ ഭക്ഷണം, ഉപകരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ എത്തിക്കുന്നു. കുത്തനെയുള്ള മലഞ്ചരിവുകളിലൂടെയും മഞ്ഞുമൂടിയ പാതകളിലൂടെയും ഭാരമേറിയ ചരക്കുകൾ വഹിക്കാനും സൈനികർക്ക് സഹായം നൽകാനും അസാധാരണമായ കഴിവുള്ള കുതിരയാണ് ഇവ.

ലഡാക്കിലെ വിദൂരമായ സൻസ്കാർ താഴ്‌വരയാണ് ഈ പോണികളുടെ ജന്മദേശം. ഇന്ത്യയിലെ തദ്ദേശീയ കുതിരയിനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. നൂറ്റാണ്ടുകളായി ലഡാക്കിന്റെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ജീവിതത്തിന്റെ ഭാഗമാണ് ഇവ. ഉയർന്ന മലമ്പാതകളിലൂടെയുളള യാത്രകൾക്കും കാർഷികമേഖലയിലും പ്രശസ്തമായ കുതിരപ്പോളോ ഉൾപ്പെടെയുള്ള പ്രാദേശിക പാരമ്പര്യങ്ങളിലും സൻസ്കാരി പോണികൾക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.

2026ലെ റിപ്പബ്ലിക് ഡേ പരേഡിൽ സാൻസ്കാരി പോണികൾ കർത്തവ്യപഥിലൂടെ മാർച്ച് ചെയ്തപ്പോൾ

 

എന്നാൽ സാൻസ്കാരി പോണികൾ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗമാണ്. 20-ാംമത് കന്നുകാലി സെൻസസ് പ്രകാരം ഇവയുടെ എണ്ണം  6,600 മാത്രമാണ്. ആധുനികവൽക്കരണം, കൃഷിയുടെ യന്ത്രവൽക്കരണം, റോഡ് ഗതാഗതത്തിന്റെ വ്യാപനം, പരമ്പരാഗത പ്രജനനരീതികളുടെ കുറവ് എന്നിവയാണ് എണ്ണത്തിലുണ്ടായ ഇടിവിന് പ്രധാന കാരണങ്ങൾ.

.കടുത്ത തണുപ്പിലും ഉയർന്ന പ്രദേശങ്ങളിലും കുറഞ്ഞ ഭക്ഷണവും പരിപാലനവും ഉപയോഗിച്ച് ജീവിക്കാനുള്ള കഴിവാണ് സാൻസ്കാരി പോണികളെ മറ്റു കുതിരയിനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മലനിരകളിലെ കുത്തനെയുള്ള പാറക്കെട്ടുകളിലൂടെയും മഞ്ഞിലൂടെയും വഴുതിവീഴാതെ നടക്കാൻ സഹായിക്കുന്ന കട്ടിയുള്ള കാലുകളും ശക്തമായ കുളമ്പുകളും ഇവക്കുണ്ട്.  അതികഠിനമായ തണുപ്പിൽ നിന്നും ഇവക്ക് സംരക്ഷണം നൽകുന്നത് കട്ടിയുള്ള തിളങ്ങുന്ന രോമങ്ങളാണ്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഇവയുടെ അസാധാരണ കഴിവ് ഇന്ത്യൻ സൈന്യത്തെ ഈ ഇനത്തിന്റെ പ്രധാന സംരക്ഷകരിലൊരാളാക്കി മാറ്റിയിരിക്കുന്നു. ഇത്രയേറെ സംഭാവനകൾ നൽകിയിട്ടും ഭൂരിഭാഗം ആളുകൾക്കും സാൻസ്കാരി പോണികളെക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. 2026ലെ റിപ്പബ്ലിക് ഡേ പരേഡിൽ സാൻസ്കാരി പോണികൾ കർത്തവ്യപഥിലൂടെ മാർച്ച് ചെയ്തതോടെയാണ് രാജ്യവ്യാപകമായി ഇവക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചത്. ഇവയുടെ ഈ നിസ്വാർത്ഥ സേവനത്തെ മുൻനിർത്തി ഇന്ത്യൻ സൈന്യം, സൈനിക സേവനത്തിലെ മികവിന് ‘സിയ’, ‘നോർബു’ എന്നീ രണ്ട് സാൻസ്കാരി പോണികൾക്ക് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡും നൽകി ആദരിച്ചു.

സാൻസ്കാരി പോണികളുടെ സംരക്ഷണത്തിനായി ഇന്ത്യൻ സൈന്യം സിയാച്ചിൻ ബ്രിഗേഡ് മേഖലയിലെ ഏകദേശം 10,500 അടി ഉയരത്തിൽ സൈന്യം കുതിര പ്രജനന-പരിശീലന കേന്ദ്രം നടത്തുന്നുണ്ട്. ശാസ്ത്രീയ പ്രജനനത്തിലൂടെയും പരിശീലനത്തിലൂടെയും ഈ തദ്ദേശീയ ഇനത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം. സൻസ്കാരി പോണി ഒരു സൈനിക സഹായമൃഗം മാത്രമല്ല,  ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഭാഗമാണ്.. 

സിയാച്ചിന്റെ മഞ്ഞുമലകളിൽ ഇന്ത്യൻ സൈനികനൊപ്പം ചരക്കുകൾ ചുമന്ന് മുന്നേറുന്ന സാൻസ്കാരി പോണികൾ രാജ്യസേവനത്തിന്റെയും അതിജീവനത്തിന്റെയും നിശ്ശബ്ദ പ്രതീകങ്ങളായി മാറുകയാണ്.

Tags:    
News Summary - Zanskari ponies serving the nation even at minus 40 degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.