അപൂർവ കൊക്കുകൾക്ക് കാവലൊരുക്കാൻ ലഡാക്കിൽ മൂവായിരത്തോളം തെരുവുനായകളെ വന്ധ്യംകരിച്ച് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

ലഡാക്കിലെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ 'കറുത്ത കഴുത്തുള്ള കൊക്കുകളെ' (Black-necked crane) സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2,950-ലധികം അലഞ്ഞുതിരിയുന്ന നായകളെ വന്ധ്യംകരിച്ചതായി ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി.

 2022 മുതൽ ഇന്ത്യൻ സൈന്യം-മൃഗസംരക്ഷണ വകുപ്പ്- പരിസ്ഥിതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് സൊസൈറ്റി ഈ പദ്ധതി നടപ്പാക്കുന്നത്. ലഡാക്കിലെ ആൽപൈൻ തണ്ണീർത്തടങ്ങളിൽ അലഞ്ഞുതിരിയുന്ന നായകൾ കറുത്ത കഴുത്തുള്ള കൊക്കുകളുടെ കുഞ്ഞുങ്ങളെ ആക്രമിക്കുകയും കൊല്ലുകയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

100-ൽ താഴെ മാത്രം ഇന്ത്യയിൽ

കറുത്ത കഴുത്തുള്ള കൊക്ക് ലഡാക്കിന്റെ സംസ്ഥാന പക്ഷിയും സാംസ്കാരിക പ്രതീകവുമാണ്. ചാരനിറം കലർന്ന വെളുത്ത ശരീരവും തലയും കഴുത്തും പൂർണ്ണമായും കറുത്ത നിറത്തിലുമാണ് കാണപ്പെടുക. കണ്ണിന് പിന്നിലായി ചെറിയൊരു ചാരനിറത്തിലുള്ള പുള്ളിയുമുണ്ട്. ഏകദേശം 139 സെന്റീമീറ്റർ വരെ നീളമുണ്ടായിരിക്കും. 

ഇന്ത്യയിൽ ഈ പക്ഷികളുടെ എണ്ണം 100-ൽ താഴെ മാത്രമാണ്. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന 'ദുർബല' വിഭാഗത്തിലാണ് ഇവയെ രേഖപ്പെടുത്തിയിട്ടുളളത്. ലോകത്താകെ ഏകദേശം 11,000 മുതൽ 12,000 വരെ പക്ഷികൾ  മാത്രമാണ് ഉളളത്. ഇതിൽ ഭൂരിഭാഗവും ടിബറ്റൻ പീഠഭൂമിയിലാണ് കാണപ്പെടുന്നത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ രാജ്യങ്ങളിലാണ് ഇവയുടെ സാന്നിധ്യം പ്രധാനമായും രേഖപ്പെടുത്തിയിട്ടുള്ളത്. .

ചാങ്താങ് കോൾഡ് ഡെസർട്ട് വൈൽഡ്‌ലൈഫ് സാങ്ച്വറി, പ്രത്യേകിച്ച് ഹാൻലെ, സോ കാർ, ന്യോമ എന്നിവിടങ്ങളിലെ തണ്ണീർത്തടങ്ങളാണ് പ്രധാന പ്രജനന കേന്ദ്രങ്ങൾ. സമീപത്തെ ചതുപ്പുനിലങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. കൂടാതെ സുറു താഴ്‌വരയിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ലഡാക്കിലെ ബുദ്ധമത സംസ്കാരത്തിൽ കറുത്ത കഴുത്തുള്ള കൊക്കുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. സമാധാനം, പരിശുദ്ധി, ഭാഗ്യം എന്നിവയുടെ പ്രതീകമായാണ് ഇവയെ കണക്കാക്കുന്നത്. വസന്തകാലത്ത് കൊക്കുകൾ ലഡാക്കിലേക്ക് തിരിച്ചെത്തുന്നത് പുതിയ തുടക്കത്തിന്റെയും കാർഷിക സംസ്കാരത്തിന്റെയും  ആരംഭത്തിന്റെ സൂചനയായാണ് പരമ്പരാഗതമായി കണക്കാക്കുന്നത്. 

ടിബറ്റൻ ബുദ്ധമതത്തിൽ കൊക്കുകൾ കരുണ, ദീർഘായുസ്സ്, പ്രകൃതിയുമായുള്ള ഐക്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശിക നാടോടിക്കഥകളിലും പാട്ടുകളിലും വാമൊഴി പാരമ്പര്യങ്ങളിലും ഇവക്ക് സ്ഥാനമുണ്ട്. മനോഹരമായ ഇണചേരൽ നൃത്തത്തിനും ദീർഘകാലം ഒരേ ഇണയോടൊപ്പം ജീവിക്കുന്ന സ്വഭാവത്തിനും ഇവ പ്രശസ്തമാണ്. ചാങ്താങ് മേഖലയിൽ  ഇവയുടെ പ്രജനന തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നത് അഭിമാനകരമായ പ്രവർത്തനമായിട്ടാണ് കണക്കാക്കുന്നത്.

നിരവധി ഭീഷണികൾ

പരിസ്ഥിതിപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ടെങ്കിലും കറുത്ത കഴുത്തുള്ള കൊക്കുകൾ നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. തണ്ണീർത്തടങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യവാസത്തിന്റെ വ്യാപനം, റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കൽ, ടൂറിസത്തിന്റെ വർധന, ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥാ വ്യതിയാനം എന്നിവ പ്രധാന ഭീഷണികളാണ്. ഇതിനൊപ്പം സ്വതന്ത്രമായി അലഞ്ഞുതിരിയുന്ന നായകളും  ഗുരുതരമായ സംരക്ഷണ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

നായകൾ കൂടുണ്ടാക്കുന്ന പക്ഷികളെ ശല്യപ്പെടുത്തുകയും മുട്ടകളും കുഞ്ഞുങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നു. ഇതുവഴി കൊക്കുകളുടെ പ്രജനന സ്വഭാവത്തിലും മാറ്റമുണ്ടാകുകയും എണ്ണം കുറയുകയും ചെയ്യുന്നു. ജൂൺ ആദ്യവാരം നടത്തിയ വാർഷിക ജനസംഖ്യാ നിരീക്ഷണത്തിൽ ലഡാക്കിലെ തണ്ണീർത്തടങ്ങളിലായി 19 ജോഡി കറുത്ത കഴുത്തുള്ള കൊക്കുകളെ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - BNHS sterilises around 3,000 stray dogs in Ladakh to protect rare cranes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.