പത്ത് വർഷം മുമ്പ് പാരീസിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ എടുത്ത ഒരു ഫോട്ടോയിൽ, ‘COP21’ പാരീസ് എന്ന് എഴുതിയിരിക്കുന്ന ഒരു വലിയ ബോർഡിന്റെ പശ്ചാത്തലത്തിൽ ഇരുണ്ട നിറത്തിലുള്ള സ്യൂട്ടുകൾ ധരിച്ച ഡസൻ കണക്കിന് പുരുഷന്മാരും സ്ത്രീകളും അണിനിരന്നു നിൽക്കുന്നത് കാണാം.
മധ്യത്തിൽ യു.കെയുടെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ഭാവി രാജാവ് ചാൾസ് മൂന്നാമൻ, ചൈനയുടെ ഷി ജിൻപിങ്, വലതുവശത്ത് ഫ്രെയിമിൽ നിന്ന് വേർപെട്ടുനിൽക്കുന്ന ഒരാളുമായി സംഭാഷണത്തിൽ മുഴുകിയ അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ.ആ ദിവസം നിരവധി നേതാക്കൾ അണിനിരന്നതിനാൽ ഫോട്ടോഗ്രാഫർക്ക് അവരെയെല്ലാം ഒരേസമയം പകർത്താൻ പ്രയാസമായിരുന്നു.
ഈ വർഷത്തെ ബ്രസീലിൽ നടക്കുന്ന COP30 ഉച്ചകോടിയുടെ പ്രഥമ ദിവസം എടുത്ത ഫോട്ടോയിൽ പല പ്രബല രാഷ്ട്ര നേതാക്കളും അപ്രത്യക്ഷരായിരിക്കുന്നു. ഭൂമിയെ ചൂടുപിടിപ്പിക്കുന്ന കാർബൺ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളുടെ തലവൻമാരാണ് ഇവരെല്ലാവരുമെന്നതാണ് ഏറ്റവും കയ്പേറിയ യാഥാർഥ്യം.
160 ഓളം രാജ്യങ്ങളിലെ നേതാക്കൾ അണിനിരന്ന ആ വേദിയിൽ ഷി ജിൻപിങ്ങും മോദിയും മറ്റ് നേതാക്കളും പങ്കെടുത്തില്ല. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. ട്രംപ് ഭരണകൂടം ഈ പ്രക്രിയയിൽ നിന്ന് പൂർണമായും പിന്മാറുകയും ഈ വർഷം ഉന്നതതല ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയധികം പ്രബല നേതാക്കൾ ഇല്ലെങ്കിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ ബഹുരാഷ്ട്ര സമ്മേളന മാമാങ്കം എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.
പാരീസ് കരാർ നിലവിൽ വന്ന യു.എന്നിന്റെ കാലാവസ്ഥാ നടപടികളുടെ മുൻ മേധാവി ക്രിസ്റ്റ്യാന ഫിഗ്യൂറസ്, കഴിഞ്ഞ വർഷത്തെ സമ്മേളനത്തിൽ ‘കോപ്’ പ്രക്രിയ അതിന്റെ ലക്ഷ്യം നിർവഹിക്കുന്നതിൽ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബഹുകക്ഷി നയതന്ത്രത്തിന്റെ സുവർണ്ണ കാലഘട്ടം അവസാനിച്ചുവെന്ന് മുൻ കാലാവസ്ഥാ പ്രവർത്തകനും ഇപ്പോൾ ‘ലൂം’ എന്ന പുതിയ തിങ്ക് ടാങ്കിന് നേതൃത്വം നൽകുന്നയാളുമായ ജോസ് ഗാർമാനും സമ്മതിക്കുന്നു.
പുതിയ ഊർജ വ്യവസായങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾ ആരാണ് പിടിച്ചെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ കാലാവസ്ഥാ രാഷ്ട്രീയം കൂടുതലായി ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 29 ഉച്ചകോടികൾക്ക് ശേഷവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും അതിൽനിന്നുള്ള കാർബൺ പുറന്തള്ളലും വർധിച്ചുകൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെ തുടരവെ ഈ ഉച്ചകോടികൾ വല്ല മാറ്റവുമുണ്ടാക്കുമോ എന്ന ചോദ്യവും കാലാവസ്ഥാ പ്രവർത്തകരിൽനിന്നുയരുന്നു.
ഉച്ചകോടിയെ പുച്ഛിക്കുന്ന ട്രംപ്
അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ തന്റെ ട്രേഡ്മാർക്ക് ആയ മാർക്കർ പേന ഉപയോഗിച്ചുകൊണ്ട്, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്താൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിച്ച 2015 ലെ യു.എൻ ഉടമ്പടിയായ പാരീസ് കരാറിൽ നിന്ന് യു.എസിനെ ട്രംപ് പിൻവലിക്കുകയുണ്ടായി.
കാലാവസ്ഥാ വ്യതിയാനം ലോകത്ത് ഇതുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തട്ടിപ്പാണെന്ന് ട്രംപ് സെപ്റ്റംബറിൽ യു.എൻ ജനറൽ അസംബ്ലിയിൽ പറയുകയുണ്ടായി. ഈ പച്ചയായ തട്ടിപ്പിൽ നിന്ന് നിങ്ങൾ രക്ഷപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ രാജ്യം പരാജയപ്പെടുമെന്ന കടുത്ത വാക്കുകളും ഉദ്ദരിച്ചു.
മാത്രമല്ല എണ്ണ, വാതകം, കൽക്കരി എന്നിവയുടെ നിയന്ത്രണങ്ങളും പിൻവലിച്ചു. ഫോസിൽ ഇന്ധന സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് ഡോളർ നികുതി ഇളവുകൾ ഒപ്പിട്ടു. ഖനനത്തിനായി ഫെഡറൽ ഭൂമികൾ തുറന്നുകൊടുത്തു.
കൂടാതെ, ലോകമെമ്പാടുമുള്ള സർക്കാരുകളോട് അവരുടെ ദയനീയമായ പുനഃരുപയോഗ ഊർജ പദ്ധതികൾ ഉപേക്ഷിച്ച് യു.എസ് എണ്ണയും വാതകവും വാങ്ങാൻ ട്രംപും സംഘവും ആഹ്വാനം ചെയ്തിട്ടുണ്ട്. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ ശിക്ഷാ തീരുവകൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. ജപ്പാനും ദക്ഷിണ കൊറിയയും യൂറോപ്പും കോടിക്കണക്കിന് യു.എസ് ഹൈഡ്രോകാർബണുകൾ വാങ്ങാൻ സമ്മതിച്ചിട്ടുണ്ട്. ഇതിൽനിന്നെല്ലാം ലക്ഷ്യം വ്യക്തമാണ്. യു.എസിനെ ലോകത്തിലെ ഒന്നാം നമ്പർ ഊർജ ‘സൂപ്പർ പവർ’ ആക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. അതിനായി തന്റെ മുൻഗാമിയായ ജോ ബൈഡന്റെ ക്ലീൻ എനർജി അജണ്ട പൊളിക്കാനുള്ള ശ്രമങ്ങളിൽ മുന്നേറുകയും ചെയ്തു.
കാറ്റാടി, സൗരോർജ്ജം എന്നിവക്കുള്ള സബ്‌സിഡികൾ, നികുതി ഇളവുകൾ എന്നിവ വെട്ടിക്കുറച്ചു. പെർമിറ്റുകൾ പിൻവലിക്കുകയും പദ്ധതികൾ റദ്ദാക്കുകയും ഗവേഷണ ഫണ്ടുകൾ വെട്ടിക്കുറക്കുകയും ചെയ്തു. അവർ നമ്മളെ 20താം നൂറ്റാണ്ടിലേക്കല്ല, 19താം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ഒബാമയുടെയും ബൈഡന്റെയും കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ഉപദേഷ്ടാവായ ജോൺ പോഡെസ്റ്റ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.