ഇന്ത്യയുടേ മുഖ്യഭൂപ്രദേശത്ത് നിന്നും ഏകദേശം 1200 കിലോമീറ്റർ അകലേ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹമാണ് ആൻഡമാൻ നിക്കോബർ . 8249 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ദ്വീപ്സമൂഹം ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാലും അപൂർവമായ ജൈവ വൈവിധ്യങ്ങളാലും സമ്പന്നം.
എന്താണ് ഗ്രേറ്റ് നിക്കോബർ പദ്ധതി
2021ലാണ് ആൻഡമാൻ നിക്കോബർ ദ്വീപുകളുടേ തെക്കേ അറ്റത്തുളള ഗ്രേറ്റ് നിക്കോബർ ദ്വീപിൽ ഇന്ത്യ ഗവർണമെന്‍റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മെഗാ പദ്ധതിയായ ഗ്രേറ്റ് നിക്കോബർ പ്രൊജക്ട് ആരംഭിക്കുന്നത്. ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം,അന്തർദേശിയ വിമാനത്താവളം , ടൗൺഷിപ്പ്, പവർ പ്ലാന്റ് എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി.
മലാക്ക കടലിടുക്കിനോട് ചേർന്നുളള ദ്വീപിന്‍റെ തന്ത്രപ്രധാനമായ ഭാഗം പ്രയോജനപ്പെടുത്തിയാണ് നിർമാണം. ഇതുവഴി ഇന്ത്യയുടേ ദേശീയ സുരക്ഷ ഉറപ്പു വരുത്താനും വ്യാപാരം വർധിപ്പിക്കാനും സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വാദം.
72,000 കോടി രൂപയാണ് ആകെ പദ്ധതി ചെലവ്. നീതി ആയോഗിന്‍റെ നേതൃത്വത്തിൽ നിർമിക്കപ്പെടുന്ന ആൻഡമാൻ നിക്കോബർ ഐലൻഡ് ഇന്‍റെർഗ്രേറ്റഡ് ഡെവലപ്മെന്‍റ് കോർപറേഷൻ (എ.എൻ.ഐ.ഐ.ഡി.സി.ഒ) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രേറ്റ് നിക്കോബറിനെ തന്ത്രപരവും സാമ്പത്തികവുമായി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്നാണ് ലക്ഷ്യമെന്നും പറയുന്നു. ദ്വീപിലെ സാമ്പത്തിക വളർച്ചയും അതുവഴി തൊഴിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും. റോഡ് സംവിധാനം വികസിപ്പിക്കുന്നതിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാം.
160 കിലോമീറ്റിറിലധികം വിസ്തൃതിയിലുളള ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം ദ്വീപിനെ വ്യാപാര കേന്ദ്രമാക്കി മാറ്റും. അന്തർദേശിയ വിമാനത്താവളം, ടൗൺഷിപ്പ്മെന്‍റ്, പവർ പ്ലാന്റ് നിർമാണം എന്നിവയിലൂടേ ദ്വീപിനെ ലോകവുമായി ബന്ധിപ്പിക്കാം. ചൈനയുടെ ഇടപെടലുകളും ദ്വീപ് സമൂഹത്തിന് ചുറ്റുമുളള പ്രദേശങ്ങളും സൂക്ഷമമായി നിരീക്ഷിക്കാനും ഗ്രേറ്റ് നിക്കോബറിൽ ശക്തമായ സൈനിക പ്രതിരോധം കെട്ടിപ്പടുക്കാനും ഇന്ത്യക്ക് സാധിക്കുമെന്നുമാണ് അവകാശ വാദങ്ങൾ.
ആശങ്കകളും എതിർപ്പുകളും
ദ്വീപിലെ പ്രധാന ഗോത്രവർഗ സമൂഹങ്ങളായ നിക്കോബാറീസ്, ഷോംപയ്ൻ എന്നിവരുടെ കുടിയിറക്കലും അവർ നേരിടേണ്ടി വരുന്ന സാസ്കാരിക ആഘാതവും ആശങ്കയുമാണ് എതിർക്കപ്പെടുന്നതിലേക്ക് നയിക്കുന്നത്. പ്രത്യേക ദുർബല ഗോത്രവിഭാഗത്തിലാണ് ഇവ ഉൾക്കൊളളുന്നത്. നവ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ ഇവരുടെ ജീവിതരീതിക്കുമേൽ ഗുരുതരമായ പ്രത്യേഘാതത്തിലെക്ക് നയിക്കും. നിക്കോബർ ദ്വീപുകളുടെ ഗോത്ര കൗൺസിലുമായി പ്രദേശിക ഭരണകൂടം മതിയായ കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ആരോപണം ഉണ്ട്.
ഭൂകമ്പ സാധ്യതയുളള മേഖലയിലാണ് നിർദിഷ്ട തുറമുഖം. അതിനാൽ അതിന്‍റെ സുരക്ഷയെയും പ്രായോഗികതയെയും കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
കേന്ദ്രസർക്കാറിന്‍റെ പദ്ധതിക്കെതിരെ കോൺഗ്രസ് എം. പിമാരായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്. പദ്ധതിക്ക് അനുമതി നൽകുന്നതിലൂടെ വനാവകാശം ലംഘിക്കപ്പെടുന്നെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ഗോത്രവർഗകാര്യ മന്ത്രി ജുവൽ ഓറമിന് കത്തെഴുതിയിരുന്നു. പദ്ധതിക്ക് ആവശ്യമായ 13,000 ഹെക്ടർ വനഭൂമി വകമാറ്റുന്നതിന് ഗോത്രവർഗക്കാരുടെ സമ്മതം ആവശ്യപ്പെടുന്ന 2006ലെ വനവകാശ നിയമത്തി (എഫ്.ആർ.എ) ന്റെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു എന്നാണ് ആരോപണം.
‘ആസൂത്രിതമായ അപകടം’ എന്നാണ് ‘ദി ഹിന്ദു’വിൽ എഴുതിയ ലേഖനത്തിൽ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടത്. പദ്ധതി ഗോത്രവർഗക്കാരുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും ഭരണഘടന, നിയമം, പരിസ്ഥിതി സുരക്ഷ സംവിധാനങ്ങളേ അത് മറികടക്കുമെന്നും അവർ പറയുന്നു.
നിക്കോബാറീസ് ഗോത്രവർഗ സമൂഹം പദ്ധതി മേഖലയിലാണ്. 2004 ലേ സുനാമിയിൽ കുടിയിറക്കപ്പെട്ട സമൂഹം പദ്ധതി യാഥാർഥ്യമായാൽ എന്നന്നേക്കുമായി പൂർവിക ഗ്രാമങ്ങളിൽ നിന്നും പടിയിറങ്ങേണ്ടി വരും. അത് പാരിസ്ഥിതിക- ഗോത്രവർഗ ദുരന്തത്തിന് കാരണമാകുമെന്ന് സോണിയഗാന്ധി മുന്നറിയിപ്പ് നൽകുന്നു. പകരം മരങ്ങൾ വച്ചുപിടിപ്പിക്കാമെന്നുളള കേന്ദ്രസർക്കാർ തീരുമാനത്തെയും അവർ വിമർശിക്കുന്നു. പഴയ മഴക്കാടുകളുടെ സങ്കീർണതയും പാരിസ്ഥിതിക സങ്കീർണതയും അവ കൊണ്ടൊന്നും തിരിച്ചുപിടിക്കാൻ ആവില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.
പദ്ധതിയുടെ ഭാഗമായി വലിയ തോതിൽ വനനശീകരണം ഉണ്ടാവും. തുറമുഖ പദ്ധതി പവിഴപ്പുറ്റുകളെ നശിപ്പിക്കുകയും പ്രദേശിക സമുദ്ര ആവാസവ്യവസ്ഥയെയും അപൂർ ജീവജാലങ്ങളെയും (നിക്കോബർ മെഗാപോഡ് പക്ഷികൾ, ലെതർ ബാക്ക് ആമകൾ) ബാധിക്കും.
8.5 ലക്ഷം മരങ്ങൾ വെട്ടിമാറ്റപ്പെടും എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പറയുന്നത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം 32 ലക്ഷം മുതൽ 58 ലക്ഷം വരെ മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്നാണ് കോൺഗ്രസ് എം.പിയും മുൻ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ് ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. പദ്ധതി താൽക്കാലികമായി നിർത്തിവെക്കണമെന്നും ഒരു പ്രെഫഷനൽ സംഘം ദുരന്തഫലങ്ങൾ സ്വതന്ത്രമായും സമഗ്രമായും അവലോകനം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.