വയനാടിന് ചുട്ടുപൊള്ളാൻ വയ്യ

 ചൂട് ഓരോ ദിവസവും കൂടിക്കൊണ്ടേയിരിക്കുന്നു. പുറത്തിറങ്ങാൻ പോലുമാവാത്ത അവസ്ഥ. വെയിലത്തിറങ്ങുന്നവർക്ക് സൂര്യാതപ മേൽക്കുന്നു. ജോലിസമയം ക്രമീകരിക്കുകയും കഠിനമായ വെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന നിർദേശം മുന്നോട്ടുവെക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും ഒരു ശാശ്വത പരിഹാരമാകുന്നില്ല. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ലോകമാകെ ദുരന്തംവിതക്കുമ്പോൾ ലോകത്തിനാകെ മാതൃകയാവുകയാണ് വയനാട്, അവരുടെ കാർബൺ ന്യൂട്രൽ പദ്ധതിയിലൂടെ...

ലോകരാജ്യങ്ങൾ ഏതാനും വർഷമായി കാലാവസ്ഥാവ്യതിയാനംമൂലം ഉണ്ടാകുന്ന പ്രതിസന്ധി നേരിടാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. ആഗോള താപനില ഉയർത്തുന്നതുൾപ്പെടെയുള്ള തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളാണ് ഇന്ന് ലോകത്തുള്ളത്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺഡൈഓക്സൈഡിന്റെയും മറ്റ് ഹരിതവാതകങ്ങളുടെയും വർധിച്ച അളവാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം തേടുകയാണ് ഇന്ന് ലോകരാജ്യങ്ങൾ.

സംസ്ഥാന സർക്കാറിന്റെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രകാരം കേരളത്തിൽ കാലാവസ്ഥാ​വ്യതിയാനത്തിന്റെ ഭവിഷ്യത്തുകൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ജില്ലകളിലൊന്നാണ് വയനാട്. കാർഷിക ജില്ലയായ വയനാടിന്റെ 50 ശതമാനം ഭൂമിയും തോട്ടങ്ങളോ മറ്റു കൃഷിയിടങ്ങളോ ആണ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും വരുമാനത്തിനായി കൃഷിയെ നേരിട്ട് ആശ്രയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ദുരന്തങ്ങൾ വയനാട്ടിലെ ഭൂരിഭാഗം ജനങ്ങളെയും നേരിട്ട് ബാധിക്കും. ഈ സമയത്താണ് ലോകത്തിന് ആകെ മാതൃകയാവുന്ന തരത്തിൽ വയനാട് ജില്ല കാർബൺ തുലിത പദ്ധതിയുമായി (കാർബൺ ന്യൂട്രൽ) മുന്നോട്ടുവന്നിരിക്കുന്നത്.

മുമ്പേ നടന്ന് മീനങ്ങാടി

ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറന്തള്ളല്‍ കുറച്ചും പ്രകൃതിയിലേക്കുള്ള സ്വാംശീകരണം വര്‍ധിപ്പിച്ചുമുള്ള കാര്‍ബണ്‍ തുലിത പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് മീനങ്ങാടി പഞ്ചായത്ത് ഏഴുവർഷം മുമ്പ് തുടക്കം കുറിച്ചിരുന്നു. കാർബൺ ബഹിർഗമനത്തിന്റെയും കാർബൺ ശേഖരണത്തിന്റെയും അളവുകൾ കണ്ടുപിടിച്ച് താരതമ്യം ചെയ്ത് വിശകലനം നടത്തി കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും കാർബൺ തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയുമാണ് പദ്ധതിയിലൂടെ. കാര്‍ബണ്‍ ന്യൂട്രല്‍ വയനാടിന്റെ ആദ്യ ലക്ഷ്യത്തിലേക്ക് അതിവേഗം എത്തുകയാണ് മീനങ്ങാടി പഞ്ചായത്ത്. ഈ യാത്രക്കിടെ ഒട്ടേറെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും മീനങ്ങാടിക്കു ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്നു മാസങ്ങൾക്കു മുമ്പാണ് മീനങ്ങാടി പഞ്ചായത്ത് സാരഥികൾ ഏറ്റുവാങ്ങിയത്. ഗതാഗതം, മാലിന്യം, ഊര്‍ജം, കൃഷി മറ്റു ഭൂവിനിയോഗം എന്നീ മേഖലകളിലെ കാര്‍ബണ്‍ ബഹിര്‍ഗമനവും സ്വാംശീകരണവും ശാസ്ത്രീയമായി കണക്കാക്കി പഞ്ചായത്ത് പഠന റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തു.

1കാർബൺ തുലിത വയനാട് പഠന റിപോർട്ട് പ്രകാശനം 2, 2നട്ടുപിടിപ്പിച്ച മുളങ്കൂട്ടങ്ങൾ, 3 പാടത്തിന് നടുവിൽ നിർമിച്ച കേണി, 4 പുഴയോര വന വൽകരണത്തിനൻറെ ഭാഗമായി നിർമിച്ച ബാംബു പാർക്ക്

ട്രീ ബാങ്കിങ്

വീടുകളിലും പൊതു ഇടങ്ങളിലും പരമാവധി മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് മരങ്ങള്‍ക്ക് ‘വായ്പ’ നല്‍കുന്ന ട്രീ ബാങ്കിങ് സംവിധാനം. ഓരോ മരത്തിനും ഗ്രാമപഞ്ചായത്തിന്റെ പങ്കാളിത്ത ഉടമസ്ഥാവകാശം ഉണ്ടായിരിക്കും. സഹകരണ ബാങ്ക് വഴി മരം ഒന്നിന് 50 രൂപ നിരക്കില്‍ വര്‍ഷംതോറും വായ്പ ലഭിക്കും. മരം വെട്ടുമ്പോള്‍ തുക തിരിച്ചടച്ചാല്‍ മതിയാകും. ഇതു കൂടാതെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ഭൂമിയിലും പൊതുഭൂമിയിലും മരങ്ങള്‍ നട്ടു. ഇതിന്റെ മേല്‍നോട്ടത്തിനും പരിപാലനത്തിനുമായി പഞ്ചായത്തിന്റെ കീഴില്‍ ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി ഉണ്ടാക്കി. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപതിനായിരത്തിലധികം തൈകളാണ് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ ഇതിനകം വെച്ചുപിടിപ്പിച്ചത്.

കാര്‍ഷിക മേഖലയിലെ ശ്രദ്ധ

കാര്‍ഷിക മേഖലയിലാണ് ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കൂടുതലുള്ളത്. രാസവളങ്ങളുടെ ഉപയോഗമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്നതുകൊണ്ട് ജൈവകൃഷി രീതിയിലൂടെ ഇത് കുറച്ചുകൊണ്ടുവരാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടത്. 68 ഏക്കറില്‍ ജൈവരീതിയില്‍ പച്ചക്കറി കൃഷിയുണ്ടിപ്പോള്‍. ജൈവരീതിയിലേക്ക് ആളുകളെ മാറ്റാനായി വിത്തുകളും അനുബന്ധ സഹായങ്ങളും പഞ്ചായത്തില്‍നിന്നുതന്നെ നല്‍കും. ചെറിയ അടുക്കളത്തോട്ടം മുതല്‍ ഏക്കര്‍ കണക്കിനുള്ള കൃഷിയില്‍ വരെ ഈ സഹായങ്ങള്‍ നല്‍കും. വിറക് കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയായിരുന്നു മറ്റൊരു ലക്ഷ്യം. വിറകു കത്തിച്ചുള്ള ശ്മശാനത്തില്‍നിന്നുള്ള ബഹിര്‍ഗമനം തടയാന്‍ നിലവിലുണ്ടായിരുന്ന ശ്മശാനം എല്‍.പി.ജിയിലേക്കു മാറ്റി. വീടുകളില്‍ വിറക് കത്തിക്കുന്നത് ഒഴിവാക്കാന്‍ കണ്ണൂര്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ സഹായത്തോടെ പ്രത്യേകതരം അടുപ്പുകള്‍ രൂപകൽപന ചെയ്തു. എഴുനൂറിലധികം കുളങ്ങളുണ്ട് ഇപ്പോള്‍ പഞ്ചായത്തില്‍. കൃഷി ആവശ്യത്തിനും വെള്ളം സംരക്ഷിച്ചു നിര്‍ത്താനും മത്സ്യകൃഷിക്കും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ കുഴിച്ചതാണ് ഇവയെല്ലാം. സ്വകാര്യ ഭൂമിയിലും ആവശ്യാനുസരണം കുളങ്ങള്‍ നിർമിച്ചുനല്‍കുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ മൂന്ന് ശതമാനം വരുന്ന മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് ‘ഹരിതം സുന്ദരം’ പദ്ധതി നടപ്പാക്കി.

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാൻ പദ്ധതി ആവിഷ്കരിച്ചതിനൊപ്പം ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് പൊടിച്ച് ടാറില്‍ ചേര്‍ക്കുന്ന അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ പ്രത്യേക മെഷീന്‍ യൂനിറ്റും തുടങ്ങി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലെയും രണ്ടുപേരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. തൊഴിലവസരവും ഇതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. ഓരോ വാര്‍ഡിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതും പൊടിക്കുന്നതുമെല്ലാം ഇവരുടെ ജോലിയാണ്. എല്ലാ വീടുകളിലും മാലിന്യനിർമാര്‍ജനത്തിന് കമ്പോസ്റ്റുകള്‍ നിർമിച്ചുനല്‍കുന്നുമുണ്ട്.

സോളാര്‍ വൈദ്യുതിയിലേക്ക് ഘട്ടം ഘട്ടമായി മാറിക്കൊണ്ടിരിക്കുകയാണ് പഞ്ചായത്ത്. വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രചരിപ്പിക്കുകയും എല്‍.ഇ.ഡി ബള്‍ബ് സ്വന്തമായി ഉണ്ടാക്കുന്ന ഒരു യൂനിറ്റ് നിർമിക്കുന്നതിന് 32 പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു. വാഹനങ്ങളില്‍നിന്നുള്ള ബഹിര്‍ഗമനം കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് റിക്ഷകള്‍ നിരത്തിലിറക്കാനുള്ള ആലോചനയിലാണിപ്പോൾ പഞ്ചായത്ത്.

കാർബൺ ന്യൂട്രൽ സംസ്ഥാനം

കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനം എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും 2050ഓടെ ഇത് കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കൃഷി വകുപ്പിന്റെ സ്റ്റേറ്റ് സീഡ് ഫാം ആയ ആലുവ ഫാമിനെ രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. വർഷത്തിൽ ഫാമിൽനിന്നും പുറന്തള്ളിയ കാർബണിന്റെ അളവ് 43 ടണ്ണും സംഭരിച്ചത് 213 ടണ്ണുമായിരുന്നു. അതായത് പുറന്തള്ളിയ കാർബണിനേക്കാൾ 170 ടൺ അധികം സംഭരിക്കാൻ കഴിഞ്ഞതിനാലാണ് ഫാമിനെ കാർബൺ ന്യൂട്രൽ ആയി പ്രഖ്യാപിച്ചത്. ആലുവ ഫാം കൂടാതെ മറ്റ് 13 ജില്ലകളിലും ഓരോ ഫാം വീതം ആദ്യഘട്ടത്തിൽ കാർബൺ സന്തുലനം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ140 നിയോജക മണ്ഡലങ്ങളിലും ഓരോ കാർബൺ ന്യൂട്രൽ മാതൃകാ തോട്ടങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട്.

കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും യാഥാർഥ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ആഗോളതാപനം ജീവിവർഗങ്ങളുടെ അന്യംനിൽക്കലിനും ആവാസവ്യവസ്ഥകളുടെ നാശത്തിനും ഇടയാക്കുമെന്ന് ശാസ്ത്രലോകം പണ്ടേ മുന്നറിയിപ്പ് നൽകിയതാണ്. പലർക്കും ആഗോളതാപനമെന്നാൽ മഞ്ഞുരുകലും സമുദ്രനിരപ്പുയരലും താപനില വർധനയും മാത്രമാണ്. വർധിച്ചുവരുന്ന താപനിലയും നീണ്ടുപോകുന്ന വേനലും പ്രവചനാതീതമായ മഴയും സാമൂഹിക ജീവിതത്തെതന്നെ താളംതെറ്റിച്ചിരിക്കുന്നു. മനുഷ്യഹേതുവായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഹരശേഷിയുടെ വ്യാപ്തി നമ്മുടെ സങ്കൽപത്തിനും അപ്പുറത്താണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് കാർബൺ ന്യൂട്രൽ?

വിവിധ ഗാർഹിക, കാർഷിക, വ്യവസായിക പ്രവർത്തനങ്ങൾ വഴി പുറന്തള്ളപ്പെടുന്ന കാർബൺ ഡൈഓക്സൈഡ് വാതകങ്ങളുടെ അളവും വനം, മണ്ണ്, സമുദ്രങ്ങൾ തുടങ്ങിയ സ്വാഭാവിക പ്രകൃതിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാർബൺ ഡൈഓക്സൈഡ് വാതകങ്ങളുടെ അളവും തുല്യമായിരിക്കുന്ന അവസ്ഥയാണ് കാർബൺ തുലിതാവസ്ഥ അഥവാ കാർബൺ ന്യൂട്രൽ. വിവിധ പ്രവർത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കുകയും കാർബൺ ശേഖരം വർധിപ്പിക്കുന്നതിന് പ്രകൃതിയെ പരുവപ്പെടുത്തിയെടുക്കുകയുമാണ് കാർബൺ തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള മാർഗം.

ഇന്ത്യയില്‍ ആദ്യമായി കാര്‍ബണ്‍ തുലിത റിപ്പോര്‍ട്ട് പുറത്തിറക്കിയ ജില്ലയായി വയനാട് മാറി. ‘തണലി’ന്റെ സാങ്കേതിക സഹായത്തോടെ ജില്ല പഞ്ചായത്ത് പുറത്തിറക്കിയ കാർബൺ ന്യൂട്രൽ റിപ്പോര്‍ട്ടില്‍ വയനാട് ജില്ലയിലെ ഹരിതഗൃഹവാതകങ്ങളുടെ മൂല്യനിർണയവും നിർദേശങ്ങളുമാണ് ഉൾക്കൊള്ളുന്നത്. സുസ്ഥിരവും കാര്‍ബണ്‍-നിക്ഷ്പക്ഷവുമായ ഭാവിയിലേക്ക് നയിക്കാനുള്ള വയനാടിന്റെ അതുല്യമായ സാധ്യതകളെ ഊന്നിപ്പറയുന്നതാണ് റിപ്പോര്‍ട്ട്. സുസ്ഥിര വികസനം എന്ന ആശയത്തെ, തദ്ദേശ സ്ഥാപനതലത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമാണ് കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതി. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ കാര്‍ബണ്‍ ബഹിര്‍ഗമന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒരു ജില്ലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കണക്കാക്കുന്നത് ആദ്യമായാണ്.

Tags:    
News Summary - Wayanad-carbon neutral project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.