ട്രംപിന്റെ കാലാവസ്ഥാ വിരുദ്ധ അജണ്ട ലോകത്ത് ലക്ഷക്കണക്കിന് മരണങ്ങൾക്ക് വഴിവെക്കും; ഭൂരിഭാഗവും യു.എസിന് പുറത്ത്

ഡൊണാൾഡ് ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന അജണ്ട ലോകത്തുടനീളമുള്ള ജനസംഖ്യയിൽ ഗണ്യമായ കുറവു വരുത്തുമെന്ന് പഠനം. ട്രംപ് ഫോസിൽ ഇന്ധനങ്ങൾ വികസിപ്പിക്കുന്നതിനും കാർബർ ബഹിർഗമനം കുറക്കുന്നതിനുള്ള ശ്രമങ്ങൾ നിരുൽസാഹപ്പെടുത്തുന്നതിന്റെയും ഫലമായാണിത് സംഭവിക്കുക. മരണങ്ങളിൽ ഭൂരിഭാഗവും യു.എസിന് പുറത്താണ് സംഭവിക്കുകയെന്നും സ്വതന്ത്ര ഗവേഷകരുടെ മോഡലിങ്ങിനെ അടിസ്ഥാനമാക്കിയുള്ള ‘പ്രോപബ്ലിക്ക’യുടെയും ‘ഗാർഡിയ’ന്റെയും വിശകലനത്തിൽ പറയുന്നു.

വർധിച്ചുവരുന്ന താപനില ഇതിനകം തന്നെ വളരെയധികം ആളുകളെ കൊന്നൊടുക്കുന്നു. സമീപകാല ഗവേഷണങ്ങൾ പ്രകാരം, വരും ദശകങ്ങളിൽ കുതിച്ചുയരുന്ന താപനിലമൂലം മരണം സംഭവിക്കുമെന്ന് കരുതുന്ന ഭൂരിഭാഗം ആളുകളും ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും ദരിദ്രവും ചൂടുള്ളതുമായ രാജ്യങ്ങളിലാണ് താമസിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന മലിനീകരണത്തിന്റെ താരതമ്യേന കുറച്ച് മാത്രമേ ഈ രാജ്യങ്ങൾ പുറത്തുവിടുന്നുള്ളൂ എന്നിരിക്കെയാണിത്. എന്നാൽ, ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തേക്കാൾ യു.എസ് കോർപറേറ്റ് താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന പ്രവണത തടുരുകയുമാണ്. 

പ്രസിഡന്റിന്റെ നയങ്ങളുടെ ഫലമായി അടുത്ത ദശകത്തിൽ പുറത്തുവിടുന്ന അധിക ഹരിതഗൃഹ വാതകങ്ങൾ 2035ന് ശേഷമുള്ള 80 വർഷത്തിനുള്ളിൽ ഭൂമി ചൂടാകുമ്പോൾ ലോകമെമ്പാടും താപനിലയുമായി ബന്ധപ്പെട്ട 1.3 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുമെന്നാണ്  പറയുന്നത്. ചൂടു മൂലം മരിക്കുന്ന ആളുകളുടെ മരണത്തിന്റെ യഥാർഥ എണ്ണം വളരെ കൂടുതലായിരിക്കും. എന്നാൽ, ചൂടാകുന്ന ഗ്രഹം തണുപ്പ് മൂലമുള്ള മരണങ്ങൾ കുറക്കുകയും ചെയ്യും.

കാലാവസ്ഥാ പ്രതിസന്ധിയുടെ വർധിച്ചുവരുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള നേതാക്കൾ ഇപ്പോൾ ബ്രസീലിലെ ബെലെമിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിൽ ഒത്തുകൂടിയിട്ടുണ്ട്. ലോക ജനസംഖ്യയുടെ 4ശതമാനം മാത്രമുള്ളതും എന്നാൽ ആഗോള ഹരിതഗൃഹ വാതകങ്ങളുടെ 20ശതമാനം ഉത്പാദിപ്പിക്കുന്നതുമായ യു.എസിന്റെ അഭാവം പ്രത്യേകം ശ്രദ്ധ ക്ഷണിച്ചു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, സാൻ മറിനോ എന്നിവയാണ് യോഗത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കാത്ത മറ്റ് രാജ്യങ്ങൾ. 

കഴിഞ്ഞ വർഷം ഇതേ സമയത്ത്, യു.എസ് അതിന്റെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കുന്നതിനുള്ള പാതയിലായിരുന്നു. ജോ ബൈഡന്റെ കീഴിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രധാന ചാലകശക്തിയായ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പിന്തിരിയാനും കാറ്റിൽ നിന്നും സൂര്യനിൽ നിന്നുമുള്ള ഊർജം പ്രയോജനപ്പെടുത്താനും രാജ്യം നാഴികക്കല്ലായ നിക്ഷേപങ്ങൾ നടത്തി.

റോഡുകളിൽ കൂടുതൽ വൈദ്യുത വാഹനങ്ങൾ ഇറക്കുക, ഓഫിസ് കെട്ടിടങ്ങളും വീടുകളും കൂടുതൽ ഊർജക്ഷമതയുള്ളതാക്കുക തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ കാർബൺ കുറക്കുന്നതിനായി നൂറുകണക്കിന് ബില്യൺ ഡോളർ നീക്കിവെച്ചു. ആഗോള താപനം പരിമിതപ്പെടുത്തുന്നതിന് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു ദശാബ്ദം മുമ്പ് പാരീസ് കരാറിൽ നിന്ന് യു.എസിനെ പിൻവലിക്കാനുള്ള ട്രംപിന്റെ ആദ്യ ടേം തീരുമാനവും ബൈഡൻ റദ്ദാക്കി.

എന്നാൽ, വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ഉടനെ ട്രംപ് അതെല്ലാം പഴയ പടിയാക്കാൻ തുടങ്ങി. ആദ്യ ദിവസം തന്നെ, ‘മാഗ’ തൊപ്പികൾ ധരിച്ച് ആർപ്പുവിളിക്കുന്ന ഒരു കൂട്ടം പിന്തുണക്കാരുടെ മുന്നിൽ പാരീസ് കരാറിൽ നിന്ന് വീണ്ടുമുള്ള പിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനം വെറുമൊരു തട്ടിപ്പാണെന്ന തന്റെ നയം ആവർത്തിച്ചു. അടുത്ത 100 ദിവസങ്ങളിൽ, ട്രംപ് തന്റെ മുൻ ടേമിൽ ചെയ്തതിനേക്കാൾ കൂടുതൽ കാലാവസ്ഥാ നയങ്ങൾ പിൻവലിക്കാൻ വമ്പൻ ശ്രമങ്ങൾക്ക് തുടക്കമിട്ടു.

മാർച്ചിൽ, ട്രംപിന്റെ പരിസ്ഥിതി സംരക്ഷണ ഏജൻസി യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നിയന്ത്രണങ്ങൾ നീക്കം ചെയ്യൽ നടപടി ആഘോഷിച്ചു. കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കാനുള്ള തന്റെ മുൻഗാമിയുടെ ശ്രമങ്ങളെ മറികടക്കാൻ ഉദ്ദേശിച്ചുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ചു. കാറുകളിൽ നിന്നും ട്രക്കുകളിൽ നിന്നുമുള്ള ഉദ്‌വമനം നിയന്ത്രിക്കുക, എണ്ണ, വാതക പ്രവർത്തനങ്ങളിൽ നിന്നുള്ള വായു മലിനീകരണം പരിമിതപ്പെടുത്തുക, ഗ്രഹത്തെ ചൂടാക്കുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം പിടിച്ചെടുക്കാൻ പവർ പ്ലാന്റുകൾ ആവശ്യപ്പെടുക തുടങ്ങിയ നിയന്ത്രണങ്ങൾ അവയിൽ ഉൾപ്പെടുന്നു.

പിന്നീട് വലിയ ബിൽ കൊണ്ടുവന്നു. ജൂലൈയിൽ ട്രംപ് ഒപ്പിട്ട ആഭ്യന്തരനയ ‘മെഗാ’ ബില്ലിലൂടെ സൗരോർജം, കാറ്റാടി ഊർജം, വൈദ്യുത വാഹനങ്ങൾ എന്നിവക്കുള്ള നികുതി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. ഫെഡറൽ ഭൂമികളിൽ കുഴിക്കുകയോ ഖനനം ചെയ്യുകയോ ചെയ്യുന്നത് എളുപ്പവും ചെലവു കുറഞ്ഞതുമാക്കി. മറ്റൊരു ഹരിതഗൃഹ വാതകമായ മീഥേനിന്റെ പുറന്തള്ളൽ കുറക്കാനുള്ള ശ്രമങ്ങളെ മാറ്റിമറിച്ചു. കൽക്കരിക്ക് സർക്കാർ പിന്തുണ വർധിപ്പിച്ചു.


Tags:    
News Summary - Trump's anti-climate agenda could cause 1.3 million deaths globally study says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.