പ്രകൃതിയിലെ അത്ഭുതമാണ് മേഘാലയയിലെ ജീവനുള്ള വേരുപാലങ്ങൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടത്തെ ഗ്രാമീണജനത കണ്ടെത്തിയതാണ് ഈ കിടിലൻ ഐഡിയ. ശീമയാൽ മരത്തിന്റെ നീളൻ വേരുകൾ പരസ്പരം പിണച്ചുകെട്ടിയുണ്ടാക്കുന്ന ഈ പാലങ്ങൾ ഏത് കൊടുങ്കാറ്റിനെയും പ്രളയത്തെയും അതിജീവിക്കാൻ കഴിവുള്ളവയാണ്. ഇപ്പോഴിതാ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സന്ദർശനത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഈ പാലങ്ങൾ.
ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ രംഗ്തിലിയാങ് ഗ്രാമത്തിലെ ഏറ്റവും ഉയരം കൂടിയ വേരുപാലങ്ങളിൽ ഒന്നാണ് മന്ത്രി സന്ദർശിച്ചത്. ഗ്രാമവാസികളുമായി സംസാരിച്ച അദ്ദേഹം പാലത്തിന്റെ കഥ കേട്ടറിഞ്ഞു. തറനിരപ്പിൽനിന്ന് നൂറുകണക്കിന് അടി ഉയരത്തിലാണ് ഈ പാലങ്ങളുള്ളത്. ‘ഇവിടെയെത്തുമ്പോൾ ഭൂതകാലത്തിലെ ഒരു കാഴ്ചയിലേക്ക് നിങ്ങൾ എത്തിപ്പെടുന്നു, പ്രകൃതിയുടെ സൗന്ദര്യവും പ്രശാന്തതയും, ഭൂമിക്കുമേൽ കൈകൾ ചുറ്റിവരിഞ്ഞ് നമ്മൾ മർത്യർക്ക് കടന്നുപോകാൻ വഴിയൊരുക്കുന്ന കരവിരുത്’-സിന്ധ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
മേഘാലയയിലെ വനമേഖലകളിലെ അതിമനോഹര കാഴ്ചയാണ് വേരുപാലങ്ങൾ. ഈസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ജൈന്തിയ ഹിൽസ് ജില്ലകളിലാണ് ഇവ കൂടുതലുള്ളത്. ആഴമേറിയ കൊക്കകളും തോടുകളുമുള്ള പ്രദേശത്ത് ഗ്രാമവാസികൾക്ക് അക്കര ഇക്കര കടക്കാൻവേണ്ടി എന്തുചെയ്യുമെന്ന ചിന്തയിൽനിന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. ജിങ് കിയെങ് ജ്റി എന്നാണ് പ്രാദേശികമായി ഇവയെ വിളിക്കുന്നത്. വർഷത്തിൽ ആറ് മാസവും കനത്ത മഴയുള്ള പ്രദേശത്ത് തടികൊണ്ടുള്ളതോ ലോഹങ്ങൾ കൊണ്ടുള്ളതോ ആയ പാലങ്ങൾ അധികകാലം നിലനിൽക്കില്ലെന്ന് അവർക്കറിയാമായിരുന്നു. അതിനാൽ, പ്രകൃതിയിൽനിന്നുതന്നെ മാതൃക തെരഞ്ഞെടുക്കുകയായിരുന്നു. ചില പാലങ്ങൾക്ക് 500 വർഷം പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.
പുഴയുടെ ഇരുകരകളിലും വെച്ചുപിടിപ്പിക്കുന്ന ശീമയാൽ മരത്തിന്റെ വേരുകളാണ് പാലം നിർമാണത്തിന് ഉപയോഗിക്കുന്നത്. നീളത്തിലുള്ള ഇതിന്റെ വേരുകൾ പിണച്ചുകെട്ടുകയാണ് ചെയ്യുന്നത്. ആളുകളുടെ ഭാരം താങ്ങാൻ ശേഷിയുണ്ടാകുന്നതുവരെ താങ്ങായി കമുകിൻ തടിയോ മുളയോ കല്ലുകളോ ഉപയോഗിക്കുന്നു. കാലങ്ങളെടുത്താണ് ഈ പാലങ്ങൾ ബലവത്താകുന്നത്. ഒരു പാലം പൂർണമാകാൻ 10-15 വർഷമെടുക്കും. പണി കഴിഞ്ഞാൽ കാര്യമായ പരിപാലനമൊന്നും വേണ്ട. വേരുകൾ കൂടുതൽ വളരുകയും ബലം വെക്കുകയും ചെയ്തുകൊണ്ടിരിക്കും. പ്രകൃതിയുടെ ഈ വിസ്മയം കാണാൻ വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.