ഇറാനിയൻ കാട്ടുകഴുതകൾ ഇസ്രായേൽ മരുഭൂമിയിൽ തീർത്ത ഹരിതവിപ്ലവം!

കാട്ടുകഴുതകൾ വെറും ഭാരം ചുമക്കുന്ന മൃഗങ്ങളല്ല. പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നതിലും ഇവക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നാണ് ഇസ്രായേലിലെ ഒരു മരുഭൂമി തെളിയിക്കുന്നത്. ഫലസ്തീനികളെ ആട്ടിപ്പായിച്ച് ഇസ്രായേൽ പിടിച്ചെടുത്ത 'നഖബ്' എന്ന നെഗെവ് മരുഭൂമിയിലെ റമോൺ ക്രേറ്ററിൽ നാല് പതിറ്റാണ്ടിലേറെ മുമ്പ് അധിനിവേശ ഭരണകൂടം 28 കാട്ടുകഴുതകളെ തുറന്നുവിട്ടത് ഇന്ന് വലിയ പരിസ്ഥിതി പുനരുജ്ജീവന പദ്ധതിയായി മാറിയിരിക്കുകയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാപകമായ വേട്ടയാടലിനെ തുടർന്നാണ് പ്രദേശത്തെ കാട്ടുകഴുതകൾ വംശനാശം നേരിട്ടത്. ഇവയെ വീണ്ടും മരുഭൂമിയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ സംരക്ഷണ പദ്ധതി ആരംഭിച്ചത്. പേർഷ്യൻ- ആഫ്രിക്കൻ കാട്ടുകഴുതകളെയാണ് പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ചത്.

1968ൽ ഇറാനിൽനിന്ന് 11 പേർഷ്യൻ കാട്ടുകഴുതകളെ ഇസ്രായേലിലെത്തിച്ച് യോത്‌വത വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ പ്രജനന പദ്ധതി ആരംഭിച്ചു. പിന്നീട് ഇത്യോപ്യയിൽനിന്നും ആഫ്രിക്കൻ കാട്ടുകഴുതകളെ എത്തിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട നിയന്ത്രിത പ്രജനനത്തിന് ശേഷമാണ് ഇവയെ റാമൺ ക്രേറ്ററിലേക്ക് തുറന്നുവിട്ടത്.

മരുഭൂമിയിലെ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ കാട്ടുകഴുതകൾക്ക് നിർണായക പങ്കുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കടുത്ത വരൾച്ചക്കാലത്ത് വെള്ളം തേടി ഇവ കുളമ്പുകൾ ഉപയോഗിച്ച് മണ്ണും മണലും നീക്കം ചെയ്ത് ജലക്കുഴികൾ സൃഷ്ടിക്കുന്നു. ചില കുഴികൾക്ക് ആറര അടി വരെ ആഴമുണ്ടാകും. ഈ ജലസ്രോതസ്സുകൾ അനേകം ചെറുതും വലുതുമായ വന്യജീവികൾക്കും പ്രയോജനപ്പെടുന്നു.

സസ്യങ്ങളുടെ വിത്തുകൾ വ്യാപിപ്പിക്കുന്നതിലും ഇവ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രത്യേകിച്ച് അക്കേഷ്യ മരങ്ങളുടെ കായ്കൾ ഭക്ഷിക്കുന്ന കാട്ടുകഴുതകൾ വിത്തുകൾ ദൂരപ്രദേശങ്ങളിലേക്ക് വിസർജ്യത്തിലൂടെ എത്തിക്കുന്നു. ദഹനപ്രക്രിയയിൽ വിത്തിന്റെ പുറംപാളി ദുർബലമാകുന്നതിനാൽ പിന്നീട് ഈർപ്പമുള്ള മണ്ണിൽ വേഗത്തിൽ മുളക്കാൻ ഇത് സഹായിക്കുന്നു.

മരുഭൂമിയിലൂടെയുള്ള കാട്ടുകഴുതകളുടെ സഞ്ചാരവും പരിസ്ഥിതിക്ക് ഗുണകരമാണ്. ഇവയുടെ കാൽപ്പാടുകൾ മണലിൽ ചെറിയ കുഴികൾ സൃഷ്ടിക്കുന്നതിനാൽ മഴവെള്ളം അവിടെ കെട്ടിനിൽക്കുകയും സസ്യവളർച്ചക്ക് സഹായിക്കുകയും ചെയ്യുന്നു. കാട്ടുകഴുതകളെ തിരിച്ചെത്തിച്ചതിന് പുറമെ, ഇറാനിയൻ -ഇത്യോപ്യൻ കാട്ടുകഴുതകളെ തമ്മിൽ സംയോജിപ്പിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളോട് കൂടുതൽ പൊരുത്തപ്പെടുന്ന സങ്കര ഇനങ്ങളെയും വികസിപ്പിച്ചു.

കാട്ടുകഴുതകളുടെ സ്വാഭാവിക ഇടപെടലും ശാസ്ത്രീയ സംരക്ഷണ നടപടികളും ഒത്തുചേർന്നതോടെ റമോൺ ക്രേറ്ററും നെഗെവ് മരുഭൂമിയും തകർച്ചയുടെ വക്കിലെത്തിയ വരണ്ട പ്രദേശങ്ങളിൽനിന്ന് പുനരുജ്ജീവനത്തിന്റെ മാതൃകകളായി മാറി. ഒരുകാലത്ത് വംശനാശത്തിന്റെ വക്കിലായിരുന്ന ഈ കാട്ടുകഴുതകളാവട്ടെ, ഇന്ന് മരുഭൂമിയിൽ വെള്ളം കണ്ടെത്തുകയും വിത്തുകൾ പരത്തുകയും സസ്യവളർച്ചക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പരിസ്ഥിതിയുടെ പ്രധാന കണ്ണിയായി മാറി.

Tags:    
News Summary - The wild donkeys that turned the arid lands of Israel green

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.