കോര്‍പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ തീരുമാനം

കൊച്ചി: കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും. മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ജൈവമാലിന്യം നീക്കം ചെയ്യുന്ന സംവിധാനം പൂർണതോതില്‍ പ്രാവര്‍ത്തികമാകുന്നതിനുളള കാലതാമസം പരിഗണിച്ചാണ് തീരുമാനം.

കോര്‍പറേഷനിലെ മാലിന്യനിര്‍മാർജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരായ എം.ബി രാജേഷ്, പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. പ്രതിദിനം 50 ടണ്‍ വരെ ജൈവമാലിന്യമാകും ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകുന്നത്. മുന്‍കാലങ്ങളിലേതുപോലെ മാലിന്യം നിക്ഷേപിക്കുന്നത് അനുവദിക്കില്ല. നിലവിലുളള ഷെഡ്ഡിന്റെയും ആർ.ആർ.എഫ് കെട്ടിടത്തിന്റെയും അറ്റകുറ്റപണികള്‍ നടത്തി അവ മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കും.

അനുവദിക്കപ്പെട്ട രണ്ടു മാസത്തിനുള്ളില്‍ കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ കണ്ടെത്തി കരാറില്‍ ഏര്‍പ്പെട്ട് ജൈവമാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. നിയമാനുസൃത മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ഫ്‌ളാറ്റുകള്‍ കണ്ടെത്തി കനത്ത പിഴ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

പ്രതിദിനം ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് 50 ടണ്ണില്‍ പരിമിതപ്പെടുത്തുന്നുവെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തണമെന്നും ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ എം.എല്‍.എമാരായ ടി.ജെ വിനോദ്, പി.വി ശ്രീനിജിന്‍, കെ. ജെ മാക്‌സി, ഉമ തോമസ്, മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍, കലളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എം. ബാബു അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - The organic waste of the corporation will be taken to Brahmapuram for another two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.