കുവൈത്ത് സിറ്റി: പുതുതായി കണ്ടെത്തിയ വാൽനക്ഷത്രം സി/2025 ആർ2 (സ്വാൻ) നവംബർ അവസാനം വരെ കുവൈത്ത് ആകാശത്ത് ദൃശ്യമാകും. ബൈനോക്കുലറുകൾ ഉപയോഗിച്ച് തെക്കൻ ചക്രവാളത്തിൽ സൂര്യാസ്തമയത്തിനു ശേഷവും അർധരാത്രി വരെയും വാൽനക്ഷത്രത്തെ നിരീക്ഷിക്കാമെന്ന് ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെന്ററിലെ ബഹിരാകാശ, ജ്യോതിശാസ്ത്ര മ്യൂസിയം അറിയിച്ചു.
സെപ്റ്റംബർ 11 ന് യുക്രൈൻ ജ്യോതിശാസ്ത്രജ്ഞനായ വ്ളാഡിമിർ ബെസുഗ്ലിയാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. അസാധാരണമായ തെളിച്ചവും ഭൂമിയോടുള്ള സാമീപ്യവും കാരണം വാൽനക്ഷത്രം ജ്യോതിശാസ്ത്രജ്ഞരുടെയും ആകാശ നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ഒക്ടോബര്‍ 21 മുതൽ വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്ത് എത്തിയിട്ടുണ്ട്. ഈ മാസം 30 ഓടെ അതിന്റെ തീവ്രത 10.7+ ആകുമെന്നും പിന്നീട് ക്രമേണ മങ്ങുകയും ബഹിരാകാശത്തേക്ക് കൂടുതൽ നീങ്ങുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഭൂമിയിൽനിന്ന് 43 ദശലക്ഷം കിലോമീറ്റർ അകലെയാണ് സ്വാൻ. വാൽനക്ഷത്രം അപകടകരമല്ലെന്ന് മ്യൂസിയം വ്യക്തമാക്കി. മ്യൂസിയത്തിലെ പ്ലാനറ്റോറിയത്തിൽ സന്ദർശിച്ച് ഈ വാൽനക്ഷത്രത്തിന്റെയും മറ്റുള്ളവയുടെയും ചലനം ട്രാക്ക് ചെയ്യാം. വാൽനക്ഷത്രങ്ങൾ ഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് വിപുലമായി മനസ്സിലാക്കാൻ ഇവിടെ സൗകര്യങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.