സൂപ്പർ എൽ നിനോ; ആഗോള സമ്പദ്‌വ്യവസ്ഥക്ക് വൻ തിരിച്ചടിയെന്ന് പഠനം, ഇന്ത്യക്ക് കനത്ത സാമ്പത്തിക നഷ്ടം

ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന സൂപ്പർ എൽ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ 2027ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 451 ബില്യൺ ഡോളർ (ഏകദേശം 40.6 ലക്ഷം കോടി രൂപ) നഷ്ടമുണ്ടാകുമെന്ന് അലയൻസ് റിസർച്ചിന്റെ റിപ്പോർട്ട്. ഇന്ത്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങൾക്കായിരിക്കും ഇതിൽ 60 ശതമാനം നഷ്ടമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ശക്തിപ്രാപിക്കുന്ന എൽ നിനോ 2027ന്റെ ആദ്യ പകുതിവരെ തുടരുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ അതിന് ശേഷമായിരിക്കും പ്രകടമാകുക.

ചൈനക്ക് 147 ബില്യൺ ഡോളറിന്റെയും (13.2 ലക്ഷം കോടി രൂപ) അമേരിക്കക്ക് 91 ബില്യൺ ഡോളറിന്റെയും (8.2 ലക്ഷം കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യക്കാകട്ടെ 50 ബില്യൺ ഡോളറിന്റെ (4.5 ലക്ഷം കോടി രൂപ) സാമ്പത്തിക പ്രഹരം നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

144 രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളിൽ ആഗോള ജി.ഡി.പിയുടെ 0.24 ശതമാനം നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ജി.ഡി.പി ശതമാനപ്രകാരം ഏറ്റവും കൂടുതൽ ആഘാതമുണ്ടാകുന്ന രാജ്യം ദക്ഷിണ കൊറിയയാണ്. രാജ്യത്തെ ജി.ഡി.പിയുടെ 0.51 ശതമാനം ഇതിന്റെ ഭാഗമായി നഷ്ടപ്പെടാം. ഇന്തോനേഷ്യയിൽ ഇത് 0.41 ശതമാനമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾക്ക് 24 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.

പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നത് മൂലം കാലാവസ്ഥാ വ്യതിയാനങ്ങൾക്കും മഴക്കുറവിനും ഇടയാകുന്നു. ഇത് തൊഴിൽ, കൃഷി, ഊർജ ഉപഭോഗം തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കാം. ഇവയാണ് സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, ഉയർന്ന താപനില മൂലമുണ്ടാകാവുന്ന സാമ്പത്തിക ആഘാതം മാത്രമാണ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അലയൻസ് റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 
Tags:    
News Summary - El Nino Threatens Global GDP 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.