പ്രോജക്ട് ചീറ്റ: കുനോയിൽ നാല് കുഞ്ഞുങ്ങൾ കൂടി പിറന്നു; ഇതോടെ ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം 56 ആയി

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഇന്ത്യയിൽ ജനിച്ച പെൺചീറ്റ കെ.ജി.പി 12 നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സെപ്റ്റംബർ 18നാണ് കുഞ്ഞുങ്ങൾ പിറന്നതെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ച് നാല് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ ജനനം.

കെജിപി12  ഇന്ത്യയിൽ ജനിച്ച രണ്ടാം തലമുറയിലെ ചീറ്റയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ഗാമിനിയുടെ മകളാണ് കെജിപി12. കുനോയിലെ സുരക്ഷിതമായ ഒരു എൻക്ലോഷറിലാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഏപ്രിൽ 2026ലും നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഇതോടെ രണ്ട് തവണ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ഇന്ത്യയിൽ ജനിച്ച ആദ്യ പെൺചീറ്റയായി കെ.ജി.പി 12 മാറി.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നാല് കുഞ്ഞുങ്ങളുടെ ജനനത്തെ ‘ചരിത്രപരവും സന്തോഷകരവുമായ നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം വർധിക്കുന്നതിന്റെ പ്രധാന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം 56 ആയി

പുതിയ നാല് കുഞ്ഞുങ്ങൾ ജനിച്ചതോടെ ഇന്ത്യയിലെ നിലവിലുള്ള ചീറ്റകളുടെ എണ്ണം 56 ആയി. ഇതിൽ 53 ചീറ്റകൾ കുനോ നാഷണൽ പാർക്കിലും മൂന്ന് ചീറ്റകൾ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ്. ഇന്ത്യയിൽ ജനിച്ച ചീറ്റകളുടെ ആകെ എണ്ണം 36 ആയി ഉയർന്നു.

2022 ൽ നമീബിയയിൽ നിന്ന് അഞ്ച് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളും ഉൾപ്പെടെ  എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയും 2026ൽ ബോട്സ്വാനയിൽ നിന്ന് ഒമ്പത് ചീറ്റകളെയും കൂടി ഇന്ത്യയിലെത്തിച്ചു.

Tags:    
News Summary - Project Cheetah: Four more cubs born in Kuno; with this, the total number of cheetahs reaches 56

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.