താമ്രപർണിയിലെ തദ്ദേശീയ മത്സ്യങ്ങൾ വംശനാശ ഭീഷണിയിൽ; വില്ലന്മാർ മലിനീകരണവും അധിനിവേശ ഇനങ്ങളും

മലിനീകരണവും ആവാസവ്യവസ്ഥയുടെ നാശവും ഉൾപ്പെടെയുള്ള ഭീഷണികൾ ശക്തമായതോടെ തമിഴ്നാട്ടിലെ താമ്രപർണി നദിയിലെ തദ്ദേശീയ മത്സ്യ ഇനങ്ങൾ പ്രതിസന്ധിയിൽ. നദിയുടെ മേൽഭാഗം, മധ്യഭാഗം, താഴ്ന്ന അഴിമുഖ മേഖല എന്നിവിടങ്ങളിലായി 125 മത്സ്യ ഇനങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ ഏഴ് ഇനങ്ങൾ താമ്രപർണിയിൽ മാത്രം കാണപ്പെടുന്നവയാണ്.

അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റ്, അഗസ്ത്യമല കമ്മ്യൂണിറ്റി കൺസർവേഷൻ സെന്ററുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് താമ്രപർണിയിലെ തദ്ദേശീയ മത്സ്യ ഇനങ്ങളുടെ സ്ഥിതിയും അവ നേരിടുന്ന ഭീഷണികളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

സംസ്ഥാനത്തിനുള്ളിൽ തന്നെ ഉത്ഭവിച്ച് കടലിൽ പതിക്കുന്ന തമിഴ്നാട്ടിലെ ഏക നദിയാണ് താമ്രപർണി. നദിയിലെ മത്സ്യങ്ങളുടെ എണ്ണം കുറയുന്നതിന് മലിനീകരണം, നദീതീരത്തെ സസ്യാവരണം നശിക്കുന്നത്, അധിനിവേശ മത്സ്യ-ജലസസ്യ ഇനങ്ങളുടെ വ്യാപനം, ശുദ്ധീകരിക്കാത്ത മലിനജലം നദിയിലേക്ക് ഒഴുക്കുന്നത് തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. നദിയിൽ കുളിക്കുന്നവർ സോപ്പും ഷാംപൂവും ഉപയോഗിക്കുന്നതും പൂജാ വസ്തുക്കളും വസ്ത്രങ്ങളും നദിയിൽ ഉപേക്ഷിക്കുന്നതും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതായി ഗവേഷകർ പറയുന്നു.

താമ്രപർണിയിലെ തദ്ദേശീയ ഇനങ്ങളിൽ 'ഡോക്കിൻസിയ താമ്രപർണി'(Dawkinsia tambraparniei) ഇതിനകം തന്നെ വംശനാശഭീഷണി നേരിടുന്ന ഇനമായി ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴിൽ ‘താമ്രപർണി സേവൽ കെണ്ടൈ’ എന്നറിയപ്പെടുന്ന ഈ മത്സ്യം നദിയിലെ അടിയൊഴുക്കുകളിലും കൈവഴികളിലും മാത്രം ജീവിക്കുന്ന ഒരു അപൂർവ മത്സ്യമാണ്.

 

'കന്നിക്കാട്ടി മെലൺ ബാർബ്' എന്നറിയപ്പെടുന്ന 'ഹലുഡാരിയ കന്നിക്കാട്ടിയൻസിസ്' (Haludaria kannikattiensis) വളരെ പരിമിതമായ പ്രദേശത്ത് മാത്രം കാണപ്പെടുന്ന മത്സ്യമാണ്. നല്ലതുപോലെ ഓക്സിജൻ അടങ്ങിയതും തെളിഞ്ഞതുമായ കാട്ടരുവികളിലെ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗങ്ങളിലാണ് ഇവ ജീവിക്കുന്നത്. കളക്കാട്–മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ കന്നിക്കാട്ടി മേഖലയിലെ താമ്രപർണിയുടെ ഒരു പോഷകനദിയിൽ മാത്രമാണ് ഈ ഇനത്തെ കണ്ടെത്തിയിട്ടുള്ളത്. ഇതും റെഡ് ലിസ്റ്റിൽ ആശങ്കാജനകമല്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്,

‘അയിരമീൻ’ എന്നും ‘താമ്രപർണി സീബ്ര ലോച്ച്’ എന്നും അറിയപ്പെടുന്ന 'മെസോനോമഷീലസ് താമ്രപർണിയൻസിസ്' (Mesonoemacheilus tambaraparniensis) ഓക്സിജൻ സമൃദ്ധവും ശുദ്ധവുമായ വെള്ളത്തിൽ മാത്രമേ ഈ മത്സ്യത്തിന് ജീവിക്കാനാകൂ.

'താമ്രപർണി മഹാശീർ'എന്നറിയപ്പെടുന്ന 'നിയോലിസോക്കിലസ് താമ്രപർണിയെൻസിസ്' (Neolissochilus tamiraparaniensis) തണുത്ത വെള്ളത്തിൽ ജീവിക്കുന്ന ഈ ചെറിയ മഹ്സീർ ഇനവും താമ്രപർണിയിലെ തദ്ദേശീയ മത്സ്യങ്ങളിൽ ഉൾപ്പെടുന്നു.

കൽ കെണ്ടൈ (Garra kalakadensis), 'ലിപ്ഡ് ആൽഗേ ഈറ്റർ (Garra joshuai) ഹൈപ്‌സെലോബാർബസ് താമ്രപർണി (Hypselobarbus tamiraparaniei) എന്നിവയാണ് മറ്റ് തദ്ദേശീയ ഇനങ്ങൾ. ഇതിൽ ഹൈപ്‌സെലോബാർബസ് താമ്രപർണിയെ കഴിഞ്ഞ വർഷം നടത്തിയ മത്സ്യ സെൻസസിൽ കല്ലിടൈക്കുറിച്ചിയിൽ അവസാനമായി രേഖപ്പെടുത്തിയിരുന്നു.

അധിനിവേശ ഇനങ്ങളും ഭീഷണി

തിലാപ്പിയ, ആഫ്രിക്കൻ കാറ്റ്ഫിഷ്, അക്വേറിയത്തിൽ വളർത്തിയ ശേഷം നദിയിലേക്ക് തുറന്നുവിടുന്ന ‘ടാങ്ക് ക്ലീനർ’ മത്സ്യം എന്നിവയും തദ്ദേശീയ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാണ്. ഇവ ഭക്ഷണത്തിനായി പ്രാദേശിക മത്സ്യങ്ങളുമായി മത്സരിക്കുകയും അവയുടെ മുട്ടകൾ ഭക്ഷിക്കുകയും ചെയ്യുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

നദി വൃത്തിയാക്കുന്നതിന്റെ പേരിൽ നദീതീരത്തെ സസ്യാവരണം നീക്കം ചെയ്യുന്നതും മത്സ്യങ്ങളുടെ പ്രജനനത്തിനും അതിജീവനത്തിനുമുള്ള ഇടങ്ങൾ ഇല്ലാതാക്കുന്നു. തദ്ദേശീയ മത്സ്യ ഇനങ്ങൾ ഒരു നദിയുടെ ആരോഗ്യനിലയുടെ പ്രധാന സൂചകങ്ങളാണെന്ന് ഗവേഷകർ പറയുന്നു. മത്സ്യങ്ങൾ നദിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് നദിയുടെ ജൈവാരോഗ്യം ഗുരുതരമായി തകരുന്നതിന്റെ സൂചനയായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Endemic fish of Tamirabharani facing threat of extinction; Villains are pollution and invasive species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.