കാലാവസ്ഥാ പ്രതിരോധശേഷി കുറഞ്ഞ നഗരങ്ങളിൽ അഹമ്മദാബാദും കൊൽക്കത്തയും; റിപ്പോർട്ട്

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള പ്രതിരോധശേഷി കുറഞ്ഞ ലോകത്തെ പ്രധാന നഗരങ്ങളിൽ അഹമ്മദാബാദും കൊൽക്കത്തയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. അതിതീവ്ര ചൂട്, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ കാലാവസ്ഥാ അപകടസാധ്യതകളെ അടിസ്ഥാനമാക്കി ആൽഫാജിയോ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

‘ഹൗ ക്ലൈമറ്റ് റെസിലിയന്റ് ആർ ദ വേൾഡ്സ് ലാർജസ്റ്റ് സിറ്റീസ്?’ എന്ന റിപ്പോർട്ടിൽ ലോകത്തെ 72 പ്രധാന നഗരങ്ങളെയാണ് വിലയിരുത്തിയത്. കരയിലും തീരപ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളപ്പൊക്കം, അതിതീവ്ര ചൂട്, വരൾച്ച, കാട്ടുതീ, ചുഴലിക്കാറ്റ് തുടങ്ങിയ ആറ് പ്രധാന കാലാവസ്ഥാ അപകടങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്.

പഠനത്തിൽ ഉയർന്നതും ശേഷിക്കുന്ന കാലാവസ്ഥാ അപകടസാധ്യത രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങളും ദക്ഷിണേഷ്യയിലായിരുന്നു. അഹമ്മദാബാദും പാകിസ്താനിലെ ഹൈദരാബാദും 41 വീതം സ്കോർ നേടി. മുൾട്ടാൻ 38, ധാക്ക 36, കൊൽക്കത്ത 35, ലാഹോർ 35 എന്നിങ്ങനെയാണ് സ്കോർ. 72 നഗരങ്ങളിൽ ഏറ്റവും ഉയർന്ന ഭൗതിക കാലാവസ്ഥാ അപകടസാധ്യത ധാക്കയിലാണ് രേഖപ്പെടുത്തിയത്. 60 ആയിരുന്നു ധാക്കയുടെ സ്കോർ. പ്രതിരോധ നടപടികളിലൂടെ അപകടസാധ്യത കുറച്ചെങ്കിലും നഗരത്തിന്റെ ശേഷിക്കുന്ന അപകടസാധ്യത 36 ആയി തുടരുകയായിരുന്നു.

ദ്രുതഗതിയിലുള്ള നഗരവൽക്കരണം, അടിസ്ഥാന സൗകര്യങ്ങളിലെ സമ്മർദം, പരിമിതമായ കാലാവസ്ഥാ അനുകൂലന നടപടികൾ എന്നിവ ദക്ഷിണേഷ്യൻ നഗരങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉയരുന്ന ചൂടും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും കൂടുതൽ ഭീഷണിയാകുമെന്നും പഠനം പറയുന്നു.

അതേസമയം, കാലാവസ്ഥാ പ്രതിരോധ നടപടികളുടെ കാര്യക്ഷമതയിൽ ചൈനീസ് നഗരങ്ങൾ മുന്നിട്ടുനിന്നു. ബെയ്ജിങിന് 50 ശതമാനം അഡാപ്റ്റേഷൻ നിരക്കും ടിയാൻജിനും ഷെൻഷെനും 49 ശതമാനം വീതവും രേഖപ്പെടുത്തി. പഠനത്തിൽ ചിക്കാഗോയ്ക്ക് 8 എന്ന സ്കോറാണ് രേഖപ്പെടുത്തിയത്. അഡിസ് അബാബ 10, ബാഴ്സലോണ 11, മെൽബൺ 11, പാരിസ് 12 എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ സ്കോറുകൾ.

ജപ്പാനിലെ ടോക്കിയോ, നഗോയ, ഒസാക്ക, ഫുകുവോക എന്നിവക്ക് ഉയർന്ന ഭൗതിക കാലാവസ്ഥാ അപകടസാധ്യതയുണ്ടെങ്കിലും ശക്തമായ പ്രതിരോധ നടപടികളുടെ ഫലമായി അവയുടെ ശേഷിക്കുന്ന അപകടസാധ്യത താരതമ്യേന കുറവാണെന്നും റിപ്പോർട്ട് പറയുന്നു.

നഗരതലത്തിലുള്ള ശരാശരി കണക്കുകളാണ് പഠനത്തിലുള്ളതെന്നും ഒരേ നഗരത്തിനുള്ളിലെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ അപകടസാധ്യതയിൽ വലിയ വ്യത്യാസമുണ്ടാകാമെന്നും ആൽഫാജിയോ വ്യക്തമാക്കി. ദക്ഷിണേഷ്യൻ നഗരങ്ങളിൽ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട നഗരാസൂത്രണം, കാലാവസ്ഥാ അനുകൂലന നടപടികൾ എന്നിവക്കായി കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Ahmedabad and Kolkata among cities with low climate resilience; Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.