ഒക്ടോബറിൽ മഴ കുറയും, ചൂടേറും; തെക്കൻ സംസ്ഥാനങ്ങളിൽ മൺസൂൺ പ്രതീക്ഷ

ന്യൂഡൽഹി: രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒക്ടോബറിൽ സാധാരണയേക്കാൾ ചൂടും മഴക്കുറവും അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎം.ഡി). എന്നാൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ചില മേഖലകളിൽ സാധാരണയോ അതിൽ കൂടുതലോ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 30ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയപ്പോൾ രാജ്യത്ത് 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ മുതൽ സെപ്റ്റംബർ വരെ സാധാരണ ലഭിക്കേണ്ട 868.6 മില്ലിമീറ്റർ മഴക്ക് പകരം 759.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മൺസൂൺ കാലത്തെ മഴക്കുറവിന് പ്രധാന കാരണങ്ങളിലൊന്നായി ശക്തിപ്രാപിക്കുന്ന എൽ നിനോയാണെന്ന് ഐ.എം.ഡി ചൂണ്ടിക്കാട്ടുന്നു. എൽ നിനോ സാഹചര്യം 2027 മാർച്ച് വരെ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒക്ടോബറിൽ രാജ്യത്തെ മഴ ദീർഘകാല ശരാശരിയുടെ 85 ശതമാനത്തിൽ താഴെയാകുമെന്നാണ് പ്രവചനം. അതേസമയം, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയേക്കാൾ ഉയർന്നേക്കും. ഒക്ടോബർ ആദ്യവാരത്തിൽ കിഴക്കൻ, തെക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാനും ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.

ഒക്ടോബർ-ഡിസംബർ കാലയളവിൽ പഞ്ചാബ്, ഹരിയാനയുടെ ചില ഭാഗങ്ങൾ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സാധാരണയോ അതിൽ കൂടുതലോ മഴ ലഭിച്ചേക്കും. തെക്കുപടിഞ്ഞാറൻ മൺസൂണിൽ മഴക്കുറവ് നേരിട്ട പ്രദേശങ്ങൾക്ക് ഇത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ദക്ഷിണേന്ത്യയിൽ ഒക്ടോബർ രണ്ടാം പകുതിയോടെ വടക്കുകിഴക്കൻ മൺസൂൺ സജീവമാകുമെന്നാണ് ഐ.എം.ഡിയുടെ വിലയിരുത്തൽ. ഒക്ടോബർ 15നും 21നും ഇടയിൽ വടക്കുകിഴക്കൻ മൺസൂൺ എത്താൻ സാധ്യതയുണ്ട്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രപ്രദേശ്, റായലസീമ, കേരളം, തെക്കൻ ഉൾപ്രദേശ കർണാടക എന്നിവിടങ്ങളിൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ സാധാരണ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ദക്ഷിണ ഉപദ്വീപിലെ വാർഷിക മഴയുടെ ഏകദേശം 30 ശതമാനം വടക്കുകിഴക്കൻ മൺസൂണിലൂടെയാണ് ലഭിക്കുന്നത്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ വാർഷിക മഴയുടെ ഏകദേശം 48 ശതമാനവും ഈ കാലയളവിലാണ് ലഭിക്കുന്നത്.

Tags:    
News Summary - Rain will decrease and heat will increase in October; monsoon expected in southern states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.