സചിൻ പൈലറ്റ്

അരാവലി കുന്നുകൾ ഇല്ലാതായാൽ ‘മരുഭൂമി ഡൽഹിയിലേക്ക് വ്യാപിക്കുമെന്ന്’ സചിൻ പൈലറ്റ്

ഡൽഹി: അരാവലി പർവതനിരക്ക് ഗുരുതര ഭീഷണിയുണ്ടെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് വെള്ളിയാഴ്ച പറഞ്ഞു, അടുത്തിടെ കോടതി പുറത്തുവിട്ട കുന്നുകളുടെ പുനർനിർവചനം മൂലം അരാവലിയിലെ 90 ശതമാനം കുന്നുക​ളെയും ബാധിക്കുമെന്നും ഇത് ഥാർ മരുഭൂമി ഡൽഹിയിലേക്ക് വ്യാപിക്കാൻ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. ‘സേവ് അരാവലി - സേവ് ദി ഫ്യൂച്ചർ’ കാമ്പയിന് കീഴിൽ നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യു‌ഐ) നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു പൈലറ്റ്. അദ്ദേഹം തന്റെ മകനോടൊപ്പമാണ് മാർച്ചിൽ പങ്കെടുത്തത്, ഒരു രാഷ്ട്രീയ പ്രകടനത്തിലേക്ക് ആദ്യമായാണ് തന്റെ മകനെ കൊണ്ടുവന്നത്.

അരാവലി പർവതനിരകൾ നൂറ്റാണ്ടുകളായി പ്രകൃതിദത്ത കവചമായി വർത്തിക്കുന്നു, വായു മലിനീകരണത്തിൽനിന്ന് ഒരു വലിയ ജനവിഭാഗത്തെ സംരക്ഷിക്കുന്നു, ഭൂഗർഭജലം റീചാർജ് ചെയ്യാൻ സഹായിക്കുന്നു, പാരിസ്ഥിതിക സന്തുലിതാവസ്ഥയെ നിലനിർത്തുന്നതും ഈ പർവതനിരകളാണ്. പുരാതന കാലം മുതൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സംരക്ഷണ കവചമായി പ്രവർത്തിക്കുന്ന അരാവലി മലനിരകളെ അപകടത്തിലാക്കുന്നത് രാജ്യമെമ്പാടുമുള്ള ആളുകൾക്കും ഭീഷണിയാണ്.

ഗവൺമെന്റ് ഹോസ്റ്റൽ കവലയിൽ പൊലീസ് മാർച്ച് തടയുകയും പ്രതിഷേധക്കാരോട് അനുവദിച്ച സ്ഥലത്തിനപ്പുറം കടക്കരുതെന്നും പൊലീസ് നിർദേശം നൽകിയിരുന്നു. അതിനുശേഷം മാർച്ച് അവസാനിച്ചു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ (എഫ്എസ്ഐ) ഡേറ്റ പ്രകാരം അരാവലി കുന്നുകളുടെ ഭൂരിഭാഗവും നിയമപരമായ സംരക്ഷണത്തിന് പുറത്താക്കിയാണ് കേന്ദ്ര സർക്കാർ പുതിയ നിർവചനം ഉണ്ടാക്കിയിരിക്കുന്നതെന്ന് പൈലറ്റ് വാദിച്ചു.

കഴിഞ്ഞ മാസം, അരാവലി കുന്നുകളുടെ ഏകീകൃത നിർവചനം സുപ്രീംകോടതി അംഗീകരിക്കുകയും ഒരു വിദഗ്ധ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് പ്രദേശങ്ങളിൽ പുതിയ ഖനനകരാറുകൾ നിരോധിക്കുകയും ചെയ്തു. സുപ്രീംകോടതി നിർദേശപ്രകാരം അരാവലി കുന്നുകൾ എന്നത് നിയുക്ത അരാവലി ജില്ലകളിലെ പ്രാദേശിക തലത്തിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഏതൊരു ഭൂമിയെയും സൂചിപ്പിക്കുന്നു.

അരാവലി കുന്നുകൾ

അരാവലി റേഞ്ച് എന്നത് ഓരേ 500 മീറ്ററിനുള്ളിൽ രണ്ടോ അതിലധികമോ കുന്നുകളുടെ ഒരു കൂട്ടമായി കാണപ്പെടുന്ന ഭൂപ്രദേശമാണ്.എഫ്എസ്ഐ ഡേറ്റ അനുസരിച്ച്, അരാവലി റേഞ്ചിൽ 100 ​​മീറ്ററിൽ താഴെ ഉയരമുള്ള 1.18 ലക്ഷം കുന്നുകളാണുള്ളത്, അതേസമയം 1,048 കുന്നുകൾ മാത്രമെ 100 മീറ്ററിൽ കൂടുതൽ ഉയരമുള്ളൂ. ഇതിനർഥം അരാവലി പ്രദേശത്തിന്റെ ഏകദേശം 90 ശതമാനവും പുതിയ നിർവചനത്തിന് പുറത്താവുകയും ഈ കുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും, അരാവലിക്ക് കേടുപാടുകൾ സംഭവിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പൈലറ്റ് മുന്നറിയിപ്പ് നൽകി.

വായു മലിനീകരണമായാലും, ഭൂഗർഭജലമായാലും, പരിസ്ഥിതിയായാലും, ജൈവവൈവിധ്യമായാലും ആരവല്ലികൾ ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഈ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, സർക്കാറിന്റെ മൂക്കിനു താഴെ അനധികൃത ഖനനം നടക്കുന്നുണ്ട്, ഇന്നും അത് തുടരുന്നു. ചർഖി ദാദ്രി ജില്ലയിലെ ഏകദേശം 383 ഹെക്ടർ അരാവലി കുന്നുകൾ അനധികൃത ഖനനം മൂലം നശിപ്പിക്കപ്പെടുന്നുവെന്നും ഇത് രാഷ്ട്രീയ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി.

അരാവലി കുന്നുക​ളെ എങ്ങനെ നശിപ്പിക്കാമെന്നതിലേക്കാണ് സർക്കാറുകളെല്ലാം മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു, കേന്ദ്ര സർക്കാറിനെയും ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാറുകളെയും പരാമർശിച്ചു. ഹരിയാനയിലെ അരാവലി മേഖലയിൽ വ്യാപകമായ അനധികൃത ഖനനം നടക്കുന്നുണ്ടെന്നും ഇത് വൻതോതിലുള്ള പരിസ്ഥിതി നാശത്തിനും സംസ്ഥാനത്തിന്റെ ഖജനാവിന് കനത്ത നഷ്ടത്തിനും കാരണമായെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയും ആരോപിച്ചിരുന്നു.

Tags:    
News Summary - Sachin Pilot says 'desert will spread to Delhi' if Aravalli Hills disappear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.