അസമിൽ രാജധാനി എക്സ്പ്രസ് ആനക്കൂട്ടവുമായി കൂട്ടിയിടിച്ചു; എട്ട് ആനകൾക്ക് ദാരുണാന്ത്യം

ഗുവാഹത്തി: ഡൽഹി രാജധാനി എക്സ്പ്രസ് അസമിലെ ഹൊജായ് ജില്ലയിൽ പുലർച്ചെ ആനക്കൂട്ടത്തെ ഇടിച്ചതിനെ തുടർന്ന് എട്ട് ആനകൾ കൊല്ലപ്പെടുകയും ഒരാനക്ക് പരിക്കേൽക്കുകയും ചെയ്തു.

ആനക്കൂട്ടത്തെ ഇടിച്ച് ട്രെയിനിന്റെ ലോക്കോമോട്ടീവും അഞ്ച് കോച്ചുകളും പാളം തെറ്റി. യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ വക്താവ് പറഞ്ഞു.

പുലർച്ചെ 2.17 ഓടെയാണ് ഡൽഹിയിലേക്ക് പോകുന്ന ട്രെയിൻ അപകടത്തിൽപ്പെട്ടത്. ഹൊജായ് ജില്ലയിലെ ചാങ്‌ജുറായി പ്രദേശത്താണ് സംഭവം നടന്നതെന്ന് നാഗോൺ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സുഹാഷ് കദം പറഞ്ഞു. ജമുനാമുഖ്-കാംപൂർ സെക്ഷൻ വഴി കടന്നുപോകേണ്ട ട്രെയിനുകൾ യു.പി ലൈൻ വഴി തിരിച്ചുവിട്ടു. അറ്റക്കുറ്റപ്പണികൾ നടന്നുവരികയാണ്. തകരാറിലായ കോച്ചുകളിലെ യാത്രക്കാരെ ലഭ്യമായ മറ്റ് കോച്ചുകളുടെ ഒഴിഞ്ഞ ബെർത്തുകളിലേക്ക് താൽക്കാലികമായി മാറ്റി.

ഇന്ത്യയിൽ ആനകളുടെ ദേശാടന പാതകളിലൂടെ റെയിൽ പാതകൾ കടന്നുപോകാറുണ്ട്. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഇത്തരം സന്ദർഭങ്ങളിൽ ട്രെയിൻ ഓപ്പറേറ്റർമാർ നേരിടുന്ന സാങ്കേതിക പരിമിതികൾ എടുത്തുകാണിക്കുന്ന പൊതു പ്രസ്താവന കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. അടിയന്തര ബ്രേക്കുകൾ പ്രയോഗിച്ചാലും പൂർണ്ണമായും ലോഡുള്ള ഒരു ട്രെയിൻ കുറഞ്ഞത് 1.6 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷം മാത്രമേ നിർത്താൻ കഴിയൂ എന്ന് അസോസിയേഷൻ അതിൽ ചൂണ്ടിക്കാട്ടുന്നു.

ആനകൾ പാളങ്ങൾ മുറിച്ചുകടക്കുമ്പോൾ ട്രെയിനുകൾ പെട്ടെന്ന് നിർത്താൻ കഴിയില്ലെന്ന് അതിവേഗ-ചരക്ക് ട്രെയിനുകളിലെ ബ്രേക്കിംഗ് സിസ്റ്റങ്ങളുടെ ഭൗതിക പരിമിതികൾ ഊന്നിപ്പറഞ്ഞുകൊണ്ട് അവർ പറഞ്ഞു. ട്രെയിൻ ഡ്രൈവർമാരുടെ മേൽ മാത്രം കുറ്റം ചുമത്തുന്നതിനുപകരം വ്യവസ്ഥാപിത പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

സബ്‌വേകൾ സ്ഥാപിക്കുക, ആനകളോ മറ്റ് മൃഗങ്ങളോ ട്രാക്കുകൾക്ക് സമീപം ഉണ്ടാകുമ്പോൾ റെയിൽവേ അധികൃതരെ അറിയിക്കാൻ കഴിയുംവിധം എ.ഐയിൽ പ്രവർത്തിക്കുന്ന ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഐ.ഡി.എസ്) നടപ്പിലാക്കുക തുടങ്ങിയ പരിഹാരങ്ങൾ ലോക്കോ-പൈലറ്റ്‌സ് അസോസിയേഷൻ നിർദേശിക്കുന്നു.  

നിലവിൽ ഉപയോഗത്തിലുള്ള, വിസിൽ അടിക്കുന്നതും ബ്രേക്ക് ചെയ്യുന്നതും പോലുള്ള രീതികൾ വലിയതോതിൽ ഫലപ്രദമല്ലെന്ന് അസോസിയേഷൻ മുന്നറിയിപ്പു നൽകുന്നു.

Tags:    
News Summary - Rajdhani Express collides with herd of elephants in Assam; Eight elephants die tragically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.